ദില്‍ബേച്ചാരയുടെ സംഗീതം സുശാന്തിന് സമര്‍പ്പിച്ച് ഏആര്‍ റഹ്മാന്‍! ശ്രദ്ധേയമായി പുതിയ വീഡിയോ
സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തിന് പിന്നാലെ റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ദില്‍ ബേച്ചാരെ. ഒടിടി പ്ലാറ്റ്‌ഫോം വഴി പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രം വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മുകേഷ് ഛബ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുശാന്തും പുതുമുഖ താരം സഞ്ജനയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സുശാന്തിന്റെ അവസാന ചിത്രം ജൂലായ് 24ന് ഡിസ്‌നി ഹോട്ട്‌സ്റ്റാറിലൂടെയാണ് റിലീസ് ചെയ്യുന്നത്.

ദില്‍ ബേച്ചാരയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളുമെല്ലാം തരംഗമായി മാറിയിരുന്നു. സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാനാണ് സുശാന്ത് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയത്. ദില്‍ ബേച്ചാര റിലീസിങ്ങിനൊരുങ്ങുന്നതിനിടെ റഹ്മാന്‍ പങ്കുവെച്ച പുതിയ മ്യൂസിക്കല്‍ ട്രിബ്യൂട്ട് വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. സുശാന്തിന് വീഡിയോ സമര്‍പ്പിച്ചുകൊണ്ടാണ് തന്റെ ടീമിനൊപ്പം ഏആര്‍ റഹ്മാന്‍ എത്തിയിരിക്കുന്നത്.
ഏആര്‍ റഹ്മാനൊപ്പം മോഹിത് ചൗഹാന്‍, ശ്രേയാ ഘോഷാല്‍, സുനീധി ചൗഹാന്‍, അറിജീത്ത് സിംഗ്, സാക്ഷ ത്രിപാഠി തുടങ്ങിയ ഗായകരും പാടുന്നുണ്ട്. ഇവര്‍ക്കൊപ്പം ഏആര്‍ റഹ്മാന്റെ മക്കളായ റഹീമാ റഹ്മാന്‍, ഏആര്‍ അമീന്‍ തുടങ്ങിയവരും പെര്‍ഫോം ചെയ്യുന്നുണ്ട്. വീഡിയോയുടെ തുടക്കത്തില്‍ ദില്‍ ബേച്ചാരയുടെ സംഗീതം ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വളരെയധികം സ്‌പെഷലാണെന്ന് ഏആര്‍ റഹ്മാന്‍ പറയുന്നുണ്ട്.
ഒമ്പത് ഗാനങ്ങളാണ് സിനിമയ്ക്കായി റഹ്മാന്‍ ഒരുക്കിയിരിക്കുന്നത്. സുശാന്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഇത് സമര്‍പ്പിക്കുന്നുവെന്നും ഏആര്‍ റഹ്മാന്‍ ട്രിബ്യൂട്ട് വീഡിയോയില്‍ പറയുന്നു. ഒപ്പം ദില്‍ ബേച്ചാരയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ അറിയിച്ചുമാണ് അദ്ദേഹം എത്തിയിരിക്കുന്നത്. സുശാന്ത് ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം നേരത്തെ 45 മില്യണിലധികം കാഴ്ചക്കാരെ നേടിയിരുന്നു.ഗാനം പുറത്തിറങ്ങി നിമിഷ നേരങ്ങള്‍ക്കുളളിലാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നത്.
അതേസമയം ഫോക്സ്റ്റാര്‍ സ്റ്റുഡിയോസാണ് സുശാന്തിന്‌റെ ദില്‍ബേച്ചാര നിര്‍മ്മിച്ചിരിക്കുന്നത്. ദില്‍ ബേച്ചാരയില്‍ സുശാന്തിനൊപ്പം സെയ്ഫ് അലി ഖാനും എത്തുന്നുണ്ട്. അതേസമയം നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത ഡ്രൈവ് എന്ന ചിത്രമാണ് സുശാന്തിന്റെതായി അവസാനമായി പുറത്തിറങ്ങിയ സിനിമ. ബോളിവുഡില്‍ എംഎസ് ധോണി ബയോപിക്ക് ചിത്രത്തിലൂടെയാണ് നടന്‍ എല്ലാവരുടെയും പ്രിയങ്കരനായത്. ചിത്രത്തില്‍ ധോണിയായുളള പ്രകടനം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. പിന്നാലെ ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരിയുടെതായി പുറത്തിറങ്ങിയ ചിച്ചോരെ എന്ന ചിത്രവും സുശാന്ത് സിംഗ് രജ്പുത്തിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications