സഹോദരിമാരുമായുള്ള ബന്ധത്തിന്റെ ഇപ്പോഴത്തെ സാഹചര്യം; ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്ന് അർജുൻ കപൂർ
ബോളിവുഡിലെ യുവ താരങ്ങളിൽ മിക്കപ്പോഴും വാർത്താ പ്രാധാന്യം നേടുന്ന നടനാണ് അർജുൻ കപൂർ. കരിയറിലെ മോശം കാലഘട്ടത്തിലൂടെയാണ് അർജുനിപ്പോൾ കടന്ന് പോകുന്നത്. ഇത് ചർച്ചയാകുന്നുണ്ട്. അർജുന്റെ വ്യക്തി ജീവിതവും ബി ടൗണിൽ സംസാര വിഷയമായിട്ടുണ്ട്. ഒട്ടേറെ പ്രതിസന്ധി ഘട്ടങ്ങൾ കുട്ടിക്കാലം തൊട്ട് അർജുൻ കപൂറിന് കാണേണ്ടി വന്നു. അച്ഛനും അമ്മയും വേർപിരിഞ്ഞതും ഇതേ തുടർന്നുണ്ടായ പ്രശ്നങ്ങളും അർജുൻ കപൂറിനെ മാനസികമായി അക്കാലത്ത് ബാധിച്ചു.
നടി ശ്രീദേവിയുമായി അടുത്തതോടെയാണ് അർജുന്റെ പിതാവ് ബോണി കപൂറിന്റെ കുടുംബം തകർന്നത്. അമ്മ മോണ ശൗരി കപൂറും സഹോദരിയും അൻഷുളയുമായിരുന്നു കുട്ടിക്കാലത്ത് അർജുന് എല്ലാം. ബോണി കപൂറിൽ നിന്നും അകലം പാലിച്ച അർജുൻ ശ്രീദേവിയെ വെറുക്കുകയും ചെയ്തിരുന്നു. എന്നാൽ ശ്രീദേവിയുടെ മരണത്തോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ബോണി കപൂറിനെയും അർധ സഹോദരിമാരായ ജാൻവി കപൂറിനെയും ഖുശി കപൂറിനെയും ആശ്വസിപ്പിക്കാൻ അർജുനെത്തി.

സഹോദരിമാർക്ക് എല്ലാ പിന്തുണയും നൽകാൻ അർജുൻ പിന്നീടിങ്ങോട്ട് ശ്രദ്ധിച്ചു. ഇപ്പോഴിതാ ജാൻവിയും ഖുശിയുമായുള്ള സാഹോദര്യ ബന്ധത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് അർജുൻ കപൂറിപ്പോൾ.
എനിക്ക് രണ്ട് പേരെയും ഇഷ്ടമാണ്. പരസ്പരം പുകഴ്ത്തിയത് കൊണ്ട് മാത്രം ബന്ധങ്ങൾ ഉണ്ടാകില്ല. സത്യസന്ധമായിരിക്കണം.
ആവശ്യമുള്ളപ്പോൾ വിളിച്ച് സംസാരിക്കാനാകണം. ജാൻവി കഠിനാധ്വാനം ചെയ്യുന്നവളാണ്. അവസരങ്ങൾ ഉപയോഗിക്കുന്നു. അവളെ വിമർശിക്കേണ്ട ആവശ്യമെനിക്കില്ല. അവൾക്കാവശ്യമുള്ളപ്പോഴെല്ലാം ഞാനിവിടെയുണ്ട്.
വർക്കിനെക്കുറിച്ചുള്ള സംഭാഷണം മാത്രമല്ല നടക്കാറുള്ളത്. മറ്റനവധി കാര്യങ്ങൾ എനിക്കവളോട് സംസാരിക്കാം. ഭക്ഷണത്തെക്കുറിച്ച് സംസാരിക്കാം.

അതേസമയം സഹോദരങ്ങളെന്ന നിലയിൽ ഈ ബന്ധം ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നും അർജുൻ കപൂർ തുറന്ന് പറഞ്ഞു. ഞങ്ങൾ സഹോദരനും സഹോദരിയുമാണ്. പക്ഷെ ആഴത്തിലുള്ള കണക്ഷനായി ഒരുപാട് ദൂരം പോകാനുണ്ട്. ജാൻവിയോടാണ് താൻ കൂടുതലും സംസാരിക്കാറുള്ളത്. കാരണം ഖുശിയേക്കാൾ മുതിർന്നയാൾ ജാൻവിയാണെന്നും അർജുൻ കപൂർ ചൂണ്ടിക്കാട്ടി.
കരിയറിലെ തിരക്കുകളിലാണ് ജാൻവിയും അർജുനുമിപ്പോൾ. ഖുശി കപൂർ സിനിമാ രംഗത്തേക്ക് കടന്ന് വന്നതേയുള്ളൂ. ആർച്ചീസിലൂടെയാണ് ഖുശി തുടക്കം കുറിച്ചത്. ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല.
സിംഗം എഗെയിൻ ആണ് അർജുൻ കപൂറിന്റെ പുതിയ ചിത്രം. ദേവര എന്ന തെലുങ്ക് ചിത്രത്തിലാണ് ജാൻവിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.
അടുത്തിടെയാണ് അർജുൻ കപൂറും മലൈക അറോറയും ബ്രേക്കപ്പായത്. ഏറെ വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞത്. പ്രണയ കാലത്ത് ഇരുവർക്കും നേരെ കടുത്ത അധിക്ഷേപങ്ങൾ വന്നിരുന്നു.
മലെെകയേക്കാൾ 12 വയസ് കുറവാണ് അർജുന്. ഇതാണ് പരിഹാസങ്ങൾക്കും അധിക്ഷേപത്തിനും കാരണമായത്. എന്നാൽ താരങ്ങൾ ഇത് ഗൗനിച്ചില്ല. പിരിഞ്ഞെങ്കിലും ഇവരുടെ സൗഹൃദം നിലനിൽക്കുന്നുണ്ട്. അടുത്തിടെ മലൈകയുടെ പിതാവ് മരിച്ചപ്പോൾ ആശ്വസിപ്പിക്കാൻ ആദ്യമെത്തിയവരിൽ ഒരാൾ അർജുനാണ്.


Click it and Unblock the Notifications











