'അവളെ ഞാൻ ബഹുമാനിക്കുന്നതിനാലാണ് ഞങ്ങളുടെ പ്രണയം പരസ്യപ്പെടുത്തിയത്'; മനസ് തുറന്ന് അർജുൻ കപൂർ
48കാരിയായ മലൈകയും 36 അർജുനും തമ്മിലുള്ള പ്രണയം അന്നും ഇന്നും ബി ടൗണിലെ ചർച്ചാ വിഷയമാണ്. നാല് വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. ഇവരുടെ പ്രായവ്യത്യാസത്തെ ചൊല്ലിയുള്ള ട്രോളുകൾക്കെതിരേയും അടുത്തിടെ അർജുൻ രൂക്ഷമായി പ്രതികരിച്ചിരുന്നു. പ്രണയവും സ്വകാര്യ ജീവിതവും തന്റെ വ്യക്തി സ്വാതന്ത്ര്യമാണെന്നും വയസ് എത്രയാണ് എന്നതിനെ കുറിച്ച് മറ്റുള്ളവർ വിഷമിക്കേണ്ടതില്ലെന്നും പ്രായം നോക്കി ഒരു പ്രണയ ബന്ധത്തെ വിലയിരുത്തുന്നത് വിഡ്ഢിത്തമാണെന്നുമാണ് അന്ന് അർജുൻ പറഞ്ഞത്.
പ്രണയത്തിന്റെ അടിസ്ഥാനം പ്രായമല്ലെന്ന് ചൂണ്ടിക്കാട്ടി മലൈകയും രംഗത്ത് വന്നിരുന്നു. 'നിങ്ങൾ നാൽപ്പതുകളിൽ പ്രണയം കണ്ടെത്തുന്നത് സാധാരണമായി കാണുക. മുപ്പതുകളിൽ പുതിയ സ്വപ്നങ്ങൾ കാണുന്നതും അവയ്ക്ക് പിറകെ പോകുന്നതും സാധാരണമാണെന്ന് മനസിലാക്കുക. അമ്പതുകളിൽ നിങ്ങൾ നിങ്ങളെ കണ്ടെത്തുന്നതും സാധാരണമാണെന്ന് തിരിച്ചറിയുക. ഇരുപത്തഞ്ചിൽ എത്തിയാൽ ജീവിതം അവസാനിച്ചു എന്നല്ല. അങ്ങനെ എല്ലാം അവസാനിച്ചത് പോലെ നടിക്കാതിരിക്കൂ' എന്നാണ് മലൈക കുറിച്ചത്.

നടൻ അർബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മലൈക അർജുനുമായി പ്രണയത്തിലാകുന്നത്. 1998ലാണ് അർബാസും മലൈകയും വിവാഹിതരാകുന്നത്. ഈ ദാമ്പത്യത്തിൽ ഇവർക്ക് അർഹാൻ എന്നൊരു മകനുണ്ട്. 2016ലാണ് അർബാസും മലൈകയും വേർപിരിയുന്നത്. അർജനും മലൈകയും പൊതുവേദികളിൽ ഒരുമിച്ചെത്താൻ തുടങ്ങിയതോടെയാണ് ഇവരുടെ പ്രണയം ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാകുന്നത്. 2019ൽ സാമൂഹിക മാധ്യമങ്ങൾ വഴി ഇരുവരും പ്രണയം തുറന്ന് പറയുകയും ചെയ്തു. പ്രണയം പരസ്യപ്പെടുത്താമെന്ന് തീരുമാനിച്ചതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.

ദി സോഷ്യൽ മീഡിയ സ്റ്റാർ ഷോയിൽ ജാനിസ് സെക്വേറിയയുമായുള്ള സംഭാഷണത്തിലാണ് അർജുൻ കപൂർ മലൈക അറോറയുമായുള്ള തന്റെ പ്രണയബന്ധം ലോകത്തിന് മുന്നിൽ പരസ്യപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തിയത്. ഏതൊരു ബന്ധവും നിശബ്ദമായി സൂക്ഷിക്കുന്നതിന് പകരം ഒരാൾ എപ്പോഴും സത്യം അംഗീകരിക്കുകയും പങ്കാളിയെ ബഹുമാനിക്കുകയും ചെയ്യണമെന്നും അല്ലാത്തപക്ഷം ആളുകൾക്കിടയിൽ ഊഹാപോഹങ്ങൾക്ക് കൂടുതൽ ഇടമുണ്ടാകുമെന്നും അർജുൻ പറഞ്ഞു. 'ആളുകൾ പലപ്പോഴും ഊഹിക്കാനും ക്രമരഹിതമായി മറ്റുള്ളവരെ കുറിച്ച് പറയുകയും എഴുതുകയും എല്ലാം ചെയ്യാറുണ്ട്. നമ്മൾ സത്യം പറയാത്ത പക്ഷം ആളുകളുടെ ഊഹാപോഹങ്ങൾ കൂടി വരും. അതേസമയം ഇപ്പോൾ ഞങ്ങൾ പ്രണയത്തിലാണ് എന്ന് പറഞ്ഞുകൊണ്ട് പങ്കാളിക്ക് കൂടി ബഹുമാനം നൽകുന്നതാണ് നല്ലത്' അർജുൻ പറഞ്ഞു.

'ആളുകൾ അഭിപ്രായം പറയുന്നത് അവർക്ക് അഭിപ്രായം പറയാൻ ഇഷ്ടമായതുകൊണ്ടാണ്. ഇന്ത്യയിൽ ആളുകൾക്ക് പരദൂഷണം പറയാൻ ഇഷ്ടമാണ്. അവരെപ്പോൾ വിവാഹം കഴിക്കും, അവരെ ഒരുമിച്ച് കാണാൻ രസമില്ലല്ലോ, ഓ ഇത് എത്രകാലം പോകുമെന്ന് കണ്ടറിയാം, അവൾ അവനിൽ എന്ത് ഗുണമാണ് കണ്ടത്? തുടങ്ങിയ കാര്യങ്ങളൊക്കെ ചർച്ച ചെയ്യും. കരിയർ നശിക്കുമെന്നൊക്കെ ഉപദേശിക്കും. ഈ കാഴ്ചപ്പാടുകൾ മാറാൻ സമയമെടുക്കും' അർജുൻ കൂട്ടിച്ചേർത്തു. മലൈകയ്ക്ക് അർജുനേക്കാൾ പന്ത്രണ്ട് വയസ്സ് പ്രായക്കൂടുതലുണ്ട്. അതിന്റെ പേരിൽ നിരവധി ട്രോളുകൾ ഏറ്റുവാങ്ങാറുണ്ട് ഇരുവരും. എന്നാൽ അതൊന്നും ഗൗനിക്കാതെ മുന്നോട്ട് പോവുകയാണ് ഇരുവരും.

അച്ഛന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് അർജുൻ കപൂർ പറഞ്ഞ വാക്കുകളും മുമ്പ് വൈറലായിരുന്നു. നിർമാതാവ് ബോണി കപൂറിന് മോന ഷൂരിയിൽ ജനിച്ച മകനാണ് അർജുൻ. 1996 ൽ മോനയെ ഉപേക്ഷിച്ച് ബോണി താരറാണിയായിരുന്ന ശ്രീദേവിയെ വിവാഹം ചെയ്യുമ്പോൾ അർജുന് പതിനൊന്ന് വയസ് മാത്രമായിരുന്നു പ്രായം. പിന്നീട് അമ്മയും സഹോദരി അൻഷുലയുമായിരുന്നു അർജുന് എല്ലാം. മാതാപിതാക്കൾ വേർപ്പിരിഞ്ഞപ്പോൾ അച്ഛനുമായുള്ള തന്റെ ബന്ധത്തെ അത് ഏറെ ബാധിച്ചിരുന്നുവെന്നാണ് അർജുൻ പറഞ്ഞത്.


Click it and Unblock the Notifications











