'അമ്മേ, നിങ്ങൾ കരയരുത്'; ചെറുപ്രായത്തിൽ അർജുൻ അമ്മയ്ക്കെഴുതിയ കത്ത്; വികാരഭരിതനായി നടൻ
ബോളിവുഡിലെ പ്രമുഖ താരമാണ് അർജുൻ കപൂർ. നിർമാതാവ് ബോണി കപൂറിന്റെ മകനാണ് അർജുൻ കപൂർ. ബോളിവുഡ് സിനിമാ മേഖലയിൽ ഇതകിനകം തന്റേതായ സ്ഥാനം നേടി എടുത്ത അർജുൻ കപൂർ കരിയറിനൊപ്പം തന്നെ വ്യക്തിപരമായ കാരണങ്ങളാലും വാർത്തകളിൽ നിറയാറുണ്ട്.
സിനിമയിലെ പോലെ തന്നെ നാടകീയമായാണ് പലപ്പോഴും നടന്റെ വ്യക്തി ജീവിതം മുന്നോട്ട് പോയത്. ചെറുപ്പം മുതലേ അർജുൻ കപൂറിന്റെ കുടുംബം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാറുണ്ട്. അർജുന്റെ ചെറിയ പ്രായത്തിലാണ് അച്ഛൻ ബോണി കപൂറും അമ്മ മോണ ശൗരി കപൂറും വേർപിരിയുന്നത്.
അർജുനും സഹോദരി അൻഷുളയും ജനിച്ച ശേഷമാണ് ബോണി കപൂർ നടി ശ്രീവിദ്യയുമായി അടുക്കുന്നത്. കുടുംബത്തിലെ ഈ പ്രശ്നങ്ങൾ അർജുനെ മാനസികമായി ബാധിച്ചിരുന്നു. നടനെയും സഹോദരിയെയും ഏറെ ബാധിച്ചത് അമ്മ മോണ കപൂറിന്റെ മരണമാണ്. കാൻസർ ബാധിച്ചാണ് മോണ കപൂർ മരിച്ചത്.
അമ്മയുടെ മരണ ശേഷവും ബോണി കപൂറുമായി വലിയ അടുപ്പം അർജുൻ കപൂർ കാണിച്ചില്ല. അമ്മയുമായി അത്രയും ആത്മബന്ധം അർജുൻ കപൂറിന് ഉണ്ടായിരുന്നത്രെ. ഇന്ന് അച്ഛനും അച്ഛന്റെ രണ്ടാം ഭാര്യയിലെ മക്കളുമായി അർജുൻ രമ്യതയിലാണ്. പക്ഷെ മുമ്പ് അങ്ങനെ അല്ലായിരുന്നെന്ന് ഇവർ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

ഇപ്പോഴിതാ അമ്മയുടെ ജന്മ വാർഷികത്തിൽ അർജുൻ കപൂർ പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അമ്മയെക്കുറിച്ച് ബാല്യ കാലത്ത് എഴുതിയ ഒരു കുറിപ്പാണ് അർജുൻ പങ്കുവെച്ചിരിക്കുന്നത്.
'അമ്മയെന്നാൽ എന്താണ്. ചിലർ പറയുന്നു അത് ദൈവത്തിന്റെ രണ്ടാമത്തെ രൂപമാണെന്ന്. ഞാൻ പറയുന്നു അമ്മയെന്നത് സുഹൃത്തും സഹോദരനും ചിലപ്പോൾ അച്ഛനുമാണ്, എന്റെ അമ്മ സ്വർണത്തേക്കാൾ മൂല്യമുള്ളതാണ്. പൂവിതളിനേക്കാൾ മൃദുവാണ്, അമ്മ ഒരിക്കലും കരയരുത്' എന്നിങ്ങനെ നീളുന്ന വരികൾ എഴുതിയ ഡയറുടെ പേജ് ആണ് ഇൻസ്റ്റഗ്രാമിൽ അർജുൻ കപൂർ പങ്കുവെച്ചിരിക്കുന്നത്. 1997 ലാണത്രെ അർജുൻ കപൂർ ഈ വരികൾ എഴുതിയത്.

ഇപ്പോൾ എവിടെയാണെങ്കിലും അമ്മയ്ക്ക് എന്നെ ഓർത്ത് അഭിമാനിക്കാൻ പറ്റുമെന്ന് ഞാൻ ഉറപ്പ് തരുന്നു. എന്റെ എല്ലാമായ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ എന്നും നടൻ പോസ്റ്റിനൊപ്പം കുറിച്ചു. 2012 ലാണ് അർജുൻ കപൂറിന്റെ അമ്മ മരിക്കുന്നത്. നടന്റെ ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് 45 ദിവസം മുമ്പാണ് അമ്മ മരിക്കുന്നത്.
തന്റെ നേട്ടങ്ങൾ കാണാൻ അമ്മയില്ലെന്ന വേദന ഇപ്പോഴും നടനുണ്ട്. ഒരു അഭിമുഖത്തിൽ നടൻ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. വിജയ, പരാജയങ്ങൾ എനിക്ക് നേരിടാം. പക്ഷെ അമ്മയുടെ അസാന്നിധ്യം അങ്ങനെയല്ലെന്നാണ് അർജുൻ കപൂർ വ്യക്തമാക്കിയത്.
അച്ഛന്റെ രണ്ടാം ഭാര്യ ശ്രീദേവിയുടെ മരണ ശേഷം ആണ് അർജുൻ കപൂർ ബോണി കപൂറുമായും ജാൻവി കപൂർ, ഖുശി കപൂർ എന്നീ ശ്രീദേവിയുടെ മക്കളുമായും അടുക്കുന്നത്. 2018 ഫെബ്രുവരിയിലാണ് ശ്രീദേവി മരിക്കുന്നത്.
ദുബായിലെ ഹോട്ടൽ മുറിയിയിലെ ബാത്ത് ടബ്ബിൽ വീണായിരുന്നു മരണം. അബോധാവസ്ഥയിൽ ബാത്ത് ടബ്ബിൽ വീണ് വെള്ളത്തിൽ മുങ്ങി മരിച്ചതാണെന്നാണ് ദുബായ് പൊലീസ് അന്ന് പറഞ്ഞത്. വീഴ്ചയിൽ ശ്രീദേവിയുടെ തലയ്ക്കും പരിക്കേറ്റിരുന്നു. ഇന്നും സിനിമാ ലോകത്ത് ശ്രീദേവി ഓർമ്മിക്കപ്പെടുന്നു. നടിയുടെ മകൾ ജാൻവി ഇന്ന് മുൻനിര നായിക നടിയാണ്. ഇളയ മകൾ ഖുശിയും സിനിമാ രംഗത്തേക്ക് കടന്ന് വരാൻ പോവുകയാണ്.


Click it and Unblock the Notifications











