ശ്രീദേവിയുമായി അച്ഛൻ ഇഷ്ടത്തിലായതോടെ കുടുംബം തകർന്നു, ഒടുവിൽ അമ്മയെയും നഷ്ടപ്പെട്ടു; ട്രോമയെ പറ്റി അർജുൻ
ഇന്ത്യന്‍ സിനിമയിലെ യുവനടന്മാരില്‍ പ്രധാനിയാണ് അര്‍ജുന്‍ കപൂര്‍. പ്രമുഖ നിര്‍മ്മാതാവ് ബോണി കപൂറിന്റെ ഏക മകന്‍ കൂടിയായ അര്‍ജുന്‍ തന്റെ കരിയറുമായി ബന്ധപെട്ട തിരക്കുകളില്‍ ആണ്. ഇതിനിടെ ചില പ്രണയ ബന്ധങ്ങളുടെ പേരില്‍ നടന്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്.
ഇപ്പോഴിതാ തന്റെ മാതാപിതാക്കളുടെ വേര്‍പിരിയലിനെ കുറിച്ചും പിതാവ് രണ്ടാമതും വിവാഹിതനായതിനെപ്പറ്റിയും അര്‍ജുന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് നടി ശ്രീദേവിയുമായി അച്ഛന്‍ പ്രണയത്തില്‍ ആയതിനുശേഷം തന്റെ ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങളെ പറ്റി അര്‍ജുന്‍ പറഞ്ഞത്.

നമ്മുടെ ജീവിതത്തില്‍ ട്രോമാ നല്‍കിയ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പറഞ്ഞാണ് അര്‍ജുന്‍ സംസാരിച്ച് തുടങ്ങിയത്. എന്റെ ജീവിതത്തിലേക്ക് നോക്കുകയാണെങ്കില്‍ ആദ്യ സിനിമയുടെ റിലീസിന് തൊട്ട് മുന്‍പ് എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെട്ടു. അന്നെനിക്ക് 25 വയസ്സേ ഉള്ളൂ. ഞാനെന്റെ പ്രൊഫഷന്‍ തുടങ്ങിയ സമയത്ത് തന്നെ ബാക്ക്‌ബോണ്‍ ആയിരുന്ന അമ്മയെ നഷ്ടപ്പെട്ടത് വലിയൊരു ട്രോമയായി.
എനിക്ക് 10 വയസ്സ് ഉള്ളപ്പോഴാണ് മാതാപിതാക്കള്‍ വേര്‍പിരിയുന്നത്. ആ സമയത്ത് അതൊക്കെ എന്നെ രൂപപ്പെടുത്തുമെന്നും എന്റെ ഗതിയെ പൂര്‍ണ്ണമായും മാറ്റുമെന്നും തോന്നിയിരുന്നില്ല. കാരണം ഇതൊക്കെ റിയലായി നടന്ന് കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ തിരിഞ്ഞു നോക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ അതിലുണ്ട്.
ഉദാഹരണത്തിന്, അത് സംഭവിക്കുമ്പോള്‍ എന്റെ അച്ഛന്‍ രണ്ട് വലിയ സിനിമകള്‍ നിര്‍മ്മിക്കുന്ന തിരക്കിലായിരുന്നു. ആ സിനിമകള്‍ പൂര്‍ത്തിയാക്കി റിലീസ് ചെയ്യുന്നതില്‍ അദ്ദേഹം വളരെ സമ്മര്‍ദ്ദം നേരിട്ടു. സ്‌കൂളില്‍ എന്നെ കൊണ്ട് പോയി വിടുകയും കൂട്ടികൊണ്ട് വരികയും ചെയ്യുന്ന സാധാരണ അച്ഛന്‍-മകന്‍ ബന്ധം ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും ഉണ്ടായിരുന്നില്ല. അദ്ദേഹം ഒരിക്കലും അതിന് ശ്രമിച്ചില്ലെന്നല്ല, പക്ഷേ അത് ഒരിക്കലും ഉണ്ടായിട്ടില്ല. അത് അല്‍പ്പം വേദനാജനകമായ കാര്യമാണ്.

ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ പക്വത വരാന്‍ ഈ സാഹചര്യങ്ങള്‍ കാരണമായെന്നും അര്‍ജുന്‍ പറയുന്നു. ഇപ്പോള്‍ ഞന്‍ അച്ഛനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാറുണ്ട്. ഞങ്ങള്‍ക്കിടയില്‍ ഇന്ന് ഒരു ഐക്യമുണ്ട്. പക്ഷേ എനിക്കിപ്പോള്‍ 39 വയസ്സായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലാണ് ഞങ്ങള്‍ കൂടുതല്‍ സമയം ചെലവഴിച്ചിട്ടുള്ളത്. ചില ആഘാതകരമായ സാഹചര്യങ്ങളിലാണ് ഞങ്ങളുടെ ബന്ധത്തിന്റെ ആഴം കൂടിയത്.
എന്റെ കുട്ടിക്കാലം വളരെ രസകരമായിരുന്നു. ഞാന്‍ വളരെ വേഗത്തില്‍ വളര്‍ന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിന് മുന്‍പ് ഉത്തരവാദിത്തമുള്ളവനായി. എന്റെ പിതാവ് അറിയപ്പെടുന്ന ഒരു വ്യക്തിയായതിനാല്‍ മോശമില്ലാത്ത ജീവിത സാഹചര്യം അന്ന് ലഭിച്ചു. എന്നാല്‍ മാതാപിതാക്കളുടെ വേര്‍പിരിയല്‍ തന്റെ പഠനത്തെ ബാധിച്ചുവെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.
ഞാനൊരു വികൃതി കുട്ടിയായിരുന്നു. പക്ഷേ പഠനത്തില്‍ മിടുക്കനുമായിരുന്നു. നാലാം ക്ലാസില്‍ പഠിക്കുന്നത് വരെ എല്ലാ കാര്യത്തിലും ശ്രദ്ധാലുവായിരുന്നു. പിന്നീടാണ് അച്ഛനും അമ്മയും പിരിഞ്ഞത്. ഇതോടെ ഞാന്‍ അസ്വസ്ഥനായി. നന്നായി പെരുമാറാനോ പഠിക്കാനോ കഴിഞ്ഞില്ല. എവിടെയോ എനിക്ക് പഠിക്കാനുള്ള താല്‍പ്പര്യം നഷ്ടപ്പെട്ടുവെന്നും അര്‍ജുന്‍ പറയുന്നു.


Click it and Unblock the Notifications











