എനിക്ക് നഷ്ടപ്പെട്ടത് നാലാമത്തെ കുഞ്ഞിനെ! ഋഷി കപൂറിനെക്കുറിച്ച് ആശാ ഭോസ്ലെ
ബോളിവുഡ് താരം ഋഷി കപൂറിന്റെ വിടവാങ്ങല്‍ സഹപ്രവര്‍ത്തകരെയെല്ലാം സങ്കടത്തിലാഴ്ത്തിയിരുന്നു. അര്‍ബുധ ബാധിതനായി ചികില്‍സയില്‍ ആയിരുന്ന അദ്ദേഹം അടുത്തിടെയാണ് ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയത്. ശ്വാസ തടസ്സം ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അന്ത്യം സംഭവിച്ചത്. ഋഷി കപൂറുമായുളള ഓര്‍മ്മകള്‍ പങ്കുവെച്ച് ഗായിക ആശാ ഭോസ്ലെ എത്തിയിരുന്നു.
ഋഷിയുടെ വിയോഗത്തോടെ തനിക്ക് തന്റെ നാലാമത്തെ കുഞ്ഞിനെയാണ് നഷ്ടമായതെന്നാണ് ആശാ ഭോസ്ലെ പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഋഷി കപൂറിനെക്കുറിച്ച് ഗായിക മനസുതുറന്നത്. ഋഷി തന്റെ സ്വന്തം കുട്ടിയെ പോലെ ആയിരുന്നുവെന്നും കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയുടെ വേദനയാണ് താനിപ്പോള്‍ അനുഭവിക്കുന്നതെന്നും ആശാ ഭോസ്ലെ പറയുന്നു.

ഋഷിയുടെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി, എനിക്ക് എന്റെ നാലാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടതുപോലെയാണ് ഇപ്പോള്‍ തോന്നുന്നത്. ഞാന്‍ ഋഷിയുടെ കുടുംബത്തോട് സംസാരിച്ചിട്ടില്ല. ഇതല്ല അതിനുളള സമയമെന്ന് ഞാന്‍ കരുതുന്നു. പക്ഷേ അവര്‍ക്ക് എന്റെ സ്‌നേഹം അറിയാം. ആശ പറയുന്നു. അമേരിക്കയിലേക്ക് പോകുന്നതിന് മുന്‍പ് എന്റെ കൈ കൊണ്ട് തയ്യാറാക്കിയ ആഹാരം കഴിക്കാന്‍ ഋഷി ഒരുപാട് ആഗ്രഹിച്ചിരുന്നു.

നിര്‍ഭാഗ്യവശാല്‍ എനിക്കത് തയ്യാറാക്കി കൊടുക്കാന്‍ സാധിച്ചില്ല. അത് എപ്പോഴും ഒരു തീരാനഷ്ടമായി എന്നില്‍ അവശേഷിക്കുകയാണ്. ഇന്‍ഡസ്ട്രിയില്‍ ഒരുപാട് കലാകാരന്‍മാര്‍ ഉണ്ട്. എന്നാല്‍ ഋഷിയെ പോലൊരു പ്രതിഭ വേറെയില്ല. ഋഷി വളരെ മികച്ച നടനായിരുന്നു. അവന്‍ വളരെ നന്നായി നൃത്തം ചെയ്യുമായിരുന്നു. മികച്ച റൊമാന്റിക്ക് ഹീറോ ആയിരുന്നു.

അതിസങ്കീര്‍ണ്ണമായ രംഗങ്ങള്‍ പോലും ഋഷി തന്മയത്വത്തോടെ കൈകാര്യം ചെയ്തു. ആശാ ഭോസ്ലെ പറഞ്ഞു. തനിക്ക് ഋഷിയെ കുഞ്ഞുനാള്‍ മുതല്‍ അറിയാമെന്നും ഗായിക പറയുന്നു. ഞങ്ങള്‍ കുടുംബപരമായി മികച്ച ബന്ധമാണുളളത്. ആര്‍ഡി ബര്‍മനുമൊത്ത് ഋഷി ജോലി ചെയ്തിട്ടുണ്ട്. രാത്രിയൊക്കെ അവര്‍ സംഗീതവുമായി കൂടും. ഞാനവര്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കും.

ഋഷിക്ക് എന്റെ പാചകം വളരെ ഇഷ്ടമായിരുന്നു. അന്നവന്‍ വിവാഹിതനായിരുന്നില്ല. ഞാന്‍ വിവാഹം ചെയ്യണോ എന്നവന്‍ ഇടയ്ക്ക് ചോദിക്കും. നീ ചെയ്യ് എന്ന് ഞാന്‍ പറയും. ആശാ ഭോസ്ലെ പറഞ്ഞു. ആശാ ഭോസ്ലെയുടെ മകള്‍ വര്‍ഷ ഭോസ്ലെ 2012ല്‍ തോക്കില്‍ നിന്ന് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തിരുന്നു. പിന്നാലെ മകന്‍ ഹേമന്ദ് ഭോസ്ലെയും അര്‍ബുധ ബാധിതനായി 2015ല്‍ മരണത്തിന് കീഴടങ്ങി.


Click it and Unblock the Notifications