'നല്ലൊരു സംഭാഷണമായിരുന്നു... അവൻ വളരെ സ്വീറ്റാണ്'; ഭർത്താവിന്റെ ആദ്യ ബന്ധത്തിലെ മകനെ കുറിച്ച് രൂപാലി ബറുവ!
നടൻ ആശിഷ് വിദ്യാർത്ഥിയും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ രൂപാലി ബറുവയും തങ്ങളുടെ വിവാഹ ചിത്രങ്ങൾ പരസ്യപ്പെടുത്തിയശേഷം നിരന്തരമായി വാർത്തകളിൽ ഇടം നേടുകയാണ്. 57ആം വയസിലാണ് ആശിഷ് വിദ്യാർത്ഥി വീണ്ടും വിവാഹിതനായത്.
പിലൂ വിദ്യാർത്ഥിയാണ് ആശിഷിന്റെ ആദ്യ ഭാര്യ. 22 വർഷം ഒന്നിച്ച് ജീവിച്ചതിനുശേഷമാണ് ആശിഷ് പീലുവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നത്. ഇക്കാലയളവിൽ മനോഹരമായ ദാമ്പത്യമായിരുന്നു തങ്ങളുടേത് എന്നാണ് ആശിഷ് പറഞ്ഞത്. പീലുവിൽ നിന്ന് വേർപിരിഞ്ഞ് രൂപാലിയെ വിവാഹം കഴിക്കാനുള്ള ആശിഷിന്റെ തീരുമാനം ഇന്റർനെറ്റിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു.
ആശിഷ് ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയതിന് ഉത്തരവാദി രൂപാലി ബറുവയാണെന്ന് കരുതി രൂപാലിക്ക് നേരെ വിവാഹം കഴിഞ്ഞ ഇടയ്ക്ക് സൈബർ ആക്രമണം ഉണ്ടായിരുന്നു. ഇപ്പോഴിതാ ബിഹൈൻഡ്‌വുഡ്‌സ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ രൂപാലി തന്റെ ഭർത്താവ് ആശിഷിന്റെ മകൻ ആർത് വിദ്യാർത്ഥിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് തുറന്ന് പറഞ്ഞു.

ആശിഷിന്റെ മകനെ സ്വീറ്റ് ബോയ് എന്നാണ് രൂപാലി വിശേഷിപ്പിച്ചത്. തങ്ങൾ തമ്മിൽ ഹ്രസ്വമായ ഇടപഴകൽ ഉണ്ടായിരുന്നുവെന്നും വളരെ മാന്യമായും ദയയോടെയും പെരുമാറിയെന്നും രൂപാലി പറയുന്നു. വളരെ മനോഹരമായ കുറിച്ച് നേരം ആശിഷിന്റെ മകനൊപ്പം ചിലവഴിക്കാൻ സാധിച്ചുവെന്നും രൂപാലി പറയുന്നു. 'അവൻ വളരെ സ്വീറ്റ് ബോയിയാണ്.'
'ഞങ്ങൾ വളരെ നല്ല സംഭാഷണം നടത്തി. ഗൗരവമായി ഒന്നുമില്ല. അവൻ എന്താണ് ചെയ്യുന്നതെന്ന് ചർച്ച ചെയ്തു. അത് പൊതുവായ സംസാരം മാത്രമായിരുന്നു. അത് വളരെ സാധാരണമായിരുന്നു. അവൻ വളരെ നല്ല കുട്ടിയാണ്. ഞങ്ങൾ വളരെ ഊഷ്മളമായി കണ്ടുമുട്ടി. ഇത് ഹ്രസ്വവും എന്നാൽ വളരെ നല്ലതുമായ ഒരു കൂടിക്കാഴ്ചയായിരുന്നു.'
എന്നാണ് ആശിഷിന്റെ മകനെ കുറിച്ച് രൂപാലി പറഞ്ഞത്. അതേ അഭിമുഖത്തിൽ തന്നെ ആശിഷ് വിദ്യാർത്ഥിയുമായുള്ള വിവാഹം പ്രഖ്യാപിച്ചതിന് ശേഷം തനിക്ക് വന്ന സൈബർ ആക്രമണെത്തെ കുറിച്ചും രൂപാലി ബറുവ തുറന്ന് പറഞ്ഞു. കമന്റുകൾ കാണുന്നത് നിർത്തിയതിനാൽ സൈബർ ആക്രമണെത്തെ കുറിച്ച് ഇപ്പോൾ താൻ കാര്യമായൊന്നും ശ്രദ്ധിക്കുന്നില്ലെന്നും രൂപാലി കൂട്ടിച്ചേർത്തു.
ഇത്തരം മോശം കമന്റുകൾ വായിച്ച് സ്വയം സമാധാനം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും രൂപാലി പറയുന്നു. 'എനിക്ക് അവരെ അറിയാത്തതിനാൽ ഞാൻ അവരെ ശപിച്ചില്ല. സാധാരണക്കാർ അവ്യക്തമായ എന്തെങ്കിലും അറിഞ്ഞിട്ടുണ്ടാകും അത്രമാത്രം.'

'അവർക്ക് അതിനെക്കുറിച്ച് വ്യക്തമായി അറിയില്ല. കമന്റുകൾ അധികം വായിക്കാത്തതിനാൽ അത് എന്നെ അത്ര ബാധിച്ചില്ല. എന്റെ അടുത്ത ആളുകൾ എന്നെ പിന്തുണയ്ക്കുന്നു. എനിക്ക് മറ്റൊരു സാധൂകരണവും ആവശ്യമില്ലെന്നും', രൂപാലി ബറുവ പറയുന്നു.
ആശിഷ് വിദ്യാർത്ഥിയുടെ മകൻ ആർത് വിദ്യാർത്ഥിക്ക് 22 വയസാണ് പ്രായം. 'കഴിഞ്ഞ ഏതാനും വർഷങ്ങളായി കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. ഒന്നിച്ച് ഒരുപാട് കാലം ജീവിച്ചതിന് ശേഷമാണ് ഞങ്ങളുടേത് വ്യത്യസ്ത വഴികളാണെന്ന് തിരിച്ചറിഞ്ഞത്. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ആദ്യഘട്ടത്തിൽ ഞങ്ങൾ ആവുന്നതെല്ലാം ചെയ്തിരുന്നു.'
'എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കുമ്പോൾ രണ്ടിൽ ഒരാൾ അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്ന് മനസിലായി. അത് ആ വ്യക്തിയുടെ സന്തോഷമില്ലാതാക്കും.എല്ലാവർക്കും വേണ്ടത് സന്തോഷമാണല്ലോ. ആ ഘട്ടത്തിലാണ് വേർപിരിയാൻ തീരുമാനിച്ചത്. ഇരുവരും ഒന്നിച്ചിരുന്നാണ് വേർപിരിയാനുള്ള തീരുമാനം എടുത്തതെന്നാണ്', ആശിഷ് ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയതിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.
ബോളിവുഡ്, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് ആശിഷ് വിദ്യാർത്ഥി. സിഐഡി മൂസയാണ് മലയാളത്തിൽ ആശിഷ് വിദ്യാർത്ഥി അഭിനയിച്ച് ഏറ്റവും ഹിറ്റായ സിനിമ.


Click it and Unblock the Notifications











