ആദ്യ ഭർത്താവ് ഡോക്ടറായിരുന്നു; ആ സംഭവം ഞെട്ടിച്ചു; വിവാഹ ജീവിതത്തിൽ സംഭവിച്ചത്; ആശിഷിന്റെ ഭാര്യ രുപാലി
അടുത്ത കാലത്ത് ജനശ്രദ്ധ നേടിയ വിവാഹമായിരുന്നു നടൻ ആശിഷ് വിദ്യാർത്ഥിയുടേത്. പ്രായം അറുപതിനോട് അടുത്തിരിക്കെയാണ് ഇദ്ദേഹം രണ്ടാമത് വിവാഹിതനായത്. രുപാലി ബറുവയെന്നാണ് നടന്റെ ഭാര്യയുടെ പേര്. പിലൂ എന്നാണ് ആശിഷിന്റെ ആദ്യ ഭാര്യയുടെ പേര്. അർത്ഥ് എന്ന മകനും ദമ്പതികൾക്ക് പിറന്നു. 2022 ൽ വിവാഹമോചനം നേടിയ ശേഷമാണ് ആശിഷ് രുപാലിയെ വിവാഹം ചെയ്തത്.
ആദ്യ വിവാഹത്തെക്കുറിച്ച് ആശിഷ് നേരത്തെ തുറന്ന് സംസാരിച്ചിട്ടുണ്ട്. പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണ് വിവാഹമോചനമെന്നും ജീവിതത്തിൽ വ്യത്യസ്ത കാഴ്ചപ്പാടുകളാണെന്ന് മനസിലായതോടെ രമ്യമായി പിരിഞ്ഞതാണെന്നും ആശിഷ് വ്യക്തമാക്കി. മറുവശത്ത് ആശിഷിന്റെ ഇപ്പോഴത്തെ ഭാര്യ രുപാലിയുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ രുപാലിക്ക് ഒരു മകളുണ്ട്. ഭർത്താവിന്റെ മരണ ശേഷമാണ് രുപാലി വിദേശത്ത് നിന്നും ഇന്ത്യയിലെത്തുന്നത്. തന്റെ ആദ്യ വിവാഹജീവിതത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്ന് സംസാരിച്ചിരിക്കുകയാണ് രുപാലി.

എല്ലാവർക്കും ജീവിതത്തിൽ ഒരു ഡൗൺ ടൈം ഉണ്ടാകും. ഞാൻ മുൻ ഭർത്താവിനൊപ്പം യുകെയിൽ താമസിക്കുകയായിരുന്നു. അദ്ദേഹം എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഡോക്ടറായിരുന്നു. ഇന്ത്യയിൽ ഈ മേഖല വലിയ തോതിൽ വികസിച്ചിട്ടില്ല. എമർജൻസി മെഡിസിൻ മേഖലയ്ക്ക് ഇന്ത്യയിൽ വികാസമുണ്ടാകാൻ അദ്ദേഹം പരമാവധി ശ്രമിച്ചു. എപ്പോഴും ഇന്ത്യയിൽ വന്ന് പോയിക്കൊണ്ടിരിക്കും.
അത് അദ്ദേഹത്തെ ബാധിച്ചു. ഭർത്താവിന്റെ മരണം തന്നെ വലിയ തോതിൽ ബാധിച്ചു. കാരണം അദ്ദേഹത്തെ ഒരിക്കലും ഞാൻ അസുഖ ബാധിതനായി കണ്ടിട്ടില്ല. മരണം എന്നെ ഞെട്ടിച്ചു. ഒറ്റയ്ക്കായ ഘട്ടമായിരുന്നു അതെന്നും രുപാലി തുറന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെ ഞാൻ നോക്കി. പലപ്പോഴും ഒറ്റപ്പെടൽ അനുഭവിച്ചു. ആളുകൾ അവരുടെ പരമാവധി സഹായിക്കാൻ ശ്രമിക്കും. പക്ഷെ നമുക്ക് ആരുമില്ലാത്തത് പോലെ തോന്നും. ആ സമയത്താണ് തനിക്കൊരു പങ്കാളി വേണമെന്ന് തോന്നിയതെന്ന് രുപാലി വ്യക്തമാക്കി.

ആശിഷ് വളരെയധികം പിന്തുണ നൽകുന്ന വ്യക്തിയാണെന്നും രുപാലി പറയുന്നു. എവിടെയെങ്കിലും പോകുമ്പോൾ ആശിഷ് പെട്ടെന്ന് ഒരുങ്ങാൻ പറയും. പക്ഷെ തനിക്ക് കുറച്ച് സമയം വേണം. ഇക്കാര്യത്തിൽ മാത്രം അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെന്നും രുപാലി തുറന്ന് പറഞ്ഞു. ഇങ്ങനെയാെരു ആളെ കണ്ടത് അനുഗ്രഹമായി കാണുന്നു. അദ്ദേഹം വളരെ നല്ല വ്യക്തിയാണ് അതാണ് തന്നെ ആകർഷിച്ചതെന്നും രുപാലി വ്യക്തമാക്കി. എല്ലാ നിമിഷങ്ങളും ആസ്വദിക്കുകയും എല്ലാത്തിനെയും അഭിനന്ദിക്കുകയും ചെയ്യുന്ന ആളാണ് അദ്ദേഹം.
പ്രണയം അസാധ്യമായതും സാധ്യമാക്കുമെന്നും രൂപാലി വ്യക്തമാക്കി. കൊൽക്കത്തയിൽ ഫാഷൻ സ്റ്റോർ നടത്തുകയാണ് രുപാലി. രുപാലിയുടെ നല്ല ഗുണങ്ങളെക്കുറിച്ച് ആശിഷും അഭിമുഖത്തിൽ സംസാരിച്ചു. ഡിസിപ്ലിനും കരുണയുമാണ് അവളിൽ തനിക്ക് ഇഷ്ടമായതെന്നാണ് ആശിഷ് വിദ്യാർത്ഥി പറഞ്ഞത്. അടുത്തിടെ ആശിഷിനെക്കുറിച്ച് നടന്റെ ആദ്യ ഭാര്യ പീലുവും സംസാരിച്ചിരുന്നു. ആശിഷ് നല്ല വ്യക്തിയാണെന്ന് അന്നിവർ വ്യക്തമാക്കി. ആശിഷിന്റെ രണ്ടാം വിവാഹത്തിന് ഇവർ ആശംസകളും അറിയിച്ചു.
സിഐഡി മൂസ, ചെസ് തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനാണ് ആശിഷ് വിദ്യാർത്ഥി. ആശിഷിന്റെ പിതാവ് കണ്ണൂർ സ്വദേശിയായ മലയാളിയാണ്. അമ്മ പശ്ചിമ ബംഗാളിൽ നിന്നും. ഡൽഹിയിലാണ് നടൻ ജനിച്ചത്. അഭിനയത്തിന് പുറമെ യൂട്യൂബ് ചാനലിൽ ആശിഷ് ഇന്ന് സജീവമാണ്. നടന്റെ ഫുഡ് വ്ലോഗുകൾക്ക് ആരാധകരേറെയാണ്.


Click it and Unblock the Notifications











