ആരാധ്യയുടെ ഭാവി എന്താകും; ജോത്സ്യന്റെ പ്രവചനം; ഐശ്വര്യയുടെ ഭാഗത്തും തെറ്റുണ്ടെന്ന് അഭിപ്രായം
ഇന്ത്യൻ സിനിമയിലെ താരറാണിയായ ഐശ്വര്യ റായ് മകൾ ആരാധ്യ ജനിച്ച ശേഷമാണ് കരിയറിലെ തിരക്കുകൾ കുറച്ചത്. അമ്മയായ ശേഷം വെറും അഞ്ച് സിനിമകൾ മാത്രമാണ് ഐശ്വര്യ റായ് ഇതുവരെ ചെയ്തത്. ലോകസുന്ദരിയെന്ന് ഇന്നും ആരാധകർ വാഴ്ത്തുന്ന ഐശ്വര്യ പേരിനും പ്രശസ്തിക്കും അപ്പുറം കുടുംബജീവിതത്തിന് എന്നും പ്രാധാന്യം നൽകി. എത്ര തന്നെ തിരക്കുകളിൽ ആയാലും മകളെ പിരിഞ്ഞിരിക്കാൻ ഐശ്വര്യക്ക് ഇഷ്ടമല്ല. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലും മറ്റ് ഷോകളിലും ആരാധ്യയെ ഐശ്വര്യ ഒപ്പം കൂട്ടും.
അടുത്തിടെ കാൻ ഫിലിം ഫെസ്റ്റിവലിന് എത്തിയപ്പോഴും ആരാധ്യ ഒപ്പം ഉണ്ടായിരുന്നു. എപ്പോഴും ലൈം ലെെറ്റിൽ അമ്മയ്ക്കൊപ്പം കാണുന്നതിനാൽ തന്നെ ആരാധ്യ ബി ടൗൺ മാധ്യമങ്ങളിൽ ചർച്ചയാകാറുമുണ്ട്. സോഷ്യൽ മീഡിയയിൽ ട്രോളുകളും പരിഹാസങ്ങളും ആരാധ്യക്ക് കേൾക്കേണ്ടി വന്നു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിൽ വന്ന അധിക്ഷേപ പരാമർശത്തെ താരകുടുംബം നിയമപരമായി നേരിടുകയും ചെയ്തു.

അമ്മയുടെ നിഴലിലാണ് ഇപ്പോഴും ആരാധ്യയെന്നാണ് സോഷ്യൽ മീഡിയയിലെ പരിഹാസം. ഐശ്വര്യ മകളെ എപ്പോഴും ലൈം ലൈറ്റിൽ നിർത്തുന്നത് മകൾക്ക് മറ്റ് കുട്ടികളെ പോലെയുള്ള സ്വാഭാവിക ജീവിതം ഇല്ലാതാക്കുന്നെന്നും അഭിപ്രായം വരാറുണ്ട്. എന്നാൽ ഇത്തരം വിമർശനങ്ങളെയാെന്നും ഐശ്വര്യ കാര്യമാക്കാറില്ല.
ഐശ്വര്യയുടെ മകളെക്കുറിച്ച് ഒരു ജോത്സ്യൻ നടത്തിയ പ്രവചനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഡി ഗനേശ്വർ എന്ന ജോത്സ്യനാണ് ആരാധ്യയെക്കുറിച്ച് കൗതുകരമായ കാര്യം പങ്കുവെച്ചത്. ആരാധ്യ ഭാവിയിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ സാധ്യതയുണ്ടെന്നാണ് ഇദ്ദേഹം പറഞ്ഞത്. ഇതിനായി രോഹിണി എന്ന് പേര് മാറ്റേണ്ടി വരുമെന്നും ജോത്സ്യൻ പറഞ്ഞു.
2018 ലാണ് ഇത്തരമാെരു പ്രവചനം ജോത്സ്യൻ നടത്തിയത്. ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. അന്ന് പല വിഷയങ്ങളിലും ഇയാൾ പ്രവചനം നടത്തി. നടൻ രജിനികാന്ത് തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകുമെന്നായിരുന്നു ഇതിലൊന്ന്. ലൈം ലൈറ്റിലുള്ള പ്രമുഖരെക്കുറിച്ച് വരുന്ന പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. എന്നാൽ താരങ്ങൾ ഇത് ഗൗനിക്കാറില്ല.

ആരാധ്യ ബച്ചൻ സോഷ്യൽ മീഡിയിൽ ചർച്ചയാകുന്നതിൽ താരപുത്രിയുടെ കുടുംബത്തിന് എതിർപ്പുണ്ട്. കഴിഞ്ഞ ദിവസം ആരാധ്യയുടെ പിതാവ് അഭിഷേക് ബച്ചൻ ഇക്കാര്യം തുറന്ന് പറയുകയും ചെയ്തു. മകളെക്കുറിച്ച് അനാവശ്യ കാര്യങ്ങൾ പറയുന്നത് അനുവദിക്കില്ലെന്നാണ് അഭിഷേക് ബച്ചൻ വ്യക്തമാക്കിയത്.
അതേസമയം ഇക്കാര്യത്തിൽ താരകുടുംബത്തിന്റെ ഭാഗത്തും തെറ്റുണ്ടെന്ന് അഭിപ്രായമുണ്ട്. അനുഷ്ക ശർമ്മ, റാണി മുഖർജി തുടങ്ങിയ താരങ്ങളെല്ലാം കുട്ടിയെ പൂർണമായും ലൈം ലൈറ്റിൽ നിന്നും മാറ്റി നിർത്തുകയാണ്. എന്തുകൊണ്ട് ഐശ്വര്യ ഇതിന് തയ്യാറാവുന്നില്ലെന്നാണ് ഉയരുന്ന ചോദ്യം. നിലവിൽ പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് ഐശ്വര്യ റായ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി അഭിനയിച്ച സിനിമയാണിത്. തിരിച്ച് വരവ് ഐശ്വര്യ ഗംഭീരമാക്കി.
സിനിമാ രംഗത്ത് വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ഐശ്വര്യ റായ്. മറുവശത്ത് അഭിഷേക് ബച്ചനും കരിയറിന്റെ തിരക്കുകളിലാണ്. 2007 ലാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും വിവാഹിതരാകുന്നത്. ഗുരു, ധൂം, രാവണൻ തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം അഭിനയ രംഗത്ത് തുടർന്നെങ്കിലും 2011 ൽ മകൾ പിറന്ന ശേഷം ഐശ്വര്യ അഭിനയരംഗത്ത് നിന്നും വിട്ടുനിന്നു. 2015 ൽ ജസ്ബ എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തുന്നത്.


Click it and Unblock the Notifications











