'ആ ശീലം തുടരുന്നില്ലെങ്കിൽ ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങൾ ഉണ്ടാകും, കിയാര സിദ്ധാർത്ഥിന് ഗുണം ചെയ്യും'; ജ്യോതിഷി!
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ബോളിവുഡ് സ്റ്റാർ കപ്പിൾ കിയാര അധ്വാനിയുടെയും സിദ്ധാർത്ഥ് മൽഹോത്രയുടെയും പ്രണയം വിവാഹത്തിലൂടെ പൂവണിഞ്ഞത്. വിവാഹ തിയ്യതി തൊട്ടടുത്ത് എത്തും വരെ പ്രണയത്തിലാണോ?, വിവാഹമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളോടൊന്നും ഇരുവരും പ്രതികരിച്ചിരുന്നില്ല.
വിവാഹ ഒരുക്കങ്ങളുടെ വിശേഷങ്ങൾ വരെ വാർത്തയായിട്ടും നൽകേണ്ട സ്വകാര്യത നൽകിയാണ് മുന്നോട്ട് പോയത്. 'ഞങ്ങളിപ്പോൾ... എന്നേക്കുമായി ബുക്ക്ഡ് ആയി കഴിഞ്ഞു...' എന്ന ഷേർഷാ സിനിമ ഡയലോഗിനൊപ്പം തങ്ങളുടെ വിവാഹചിത്രങ്ങൾ പങ്കിട്ടുകൊണ്ടാണ് ഇരുവരും വിവാഹിതരായി എന്ന സന്തോഷം ആരാധകരെ അറിയിച്ചത്.
രാജസ്ഥാനിൽ വെച്ചാണ് കിയാര അധ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും വിവാഹിതരായത്. ജയ്‌സാൽമീറിനടുത്തുള്ള സൂര്യഗഡ് റിസോർട്ടിൽ വെച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ചടങ്ങുകൾ കഴിഞ്ഞ് തിരികെ മുംബൈയിൽ എത്തിയശേഷം സിനിമാ മേഖലയിലുള്ളവർക്കായി ഗംഭീര വിരുന്ന് ഒരുക്കി. 2020ൽ പുറത്തിറങ്ങിയ ഷേർഷാ എന്ന ചിത്രത്തിൽ സിദ്ധാർഥും കിയാരയും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആ സിനിമയിൽ ഒരുമിച്ച് അഭിനയിച്ച ശേഷമാണ് കബീർ സിങ് താരം കിയാരയും സിദ്ധാർത്ഥും പ്രണയത്തിലായത്.
ജ്യോതിഷം, ന്യൂമറോളജി എന്നിവയിലെല്ലാം താൽപര്യമുള്ളവരാണ് ഇന്ത്യൻ സിനിമാ സെലിബ്രിറ്റികൾ. പേരിൽ ഒരു ലെറ്റർ കൂടി ചേർത്താൽ കരിയറിനും ജീവിതത്തിനും ഉയർച്ചയുണ്ടാകുമെന്ന വിശ്വാസത്തിന്റെ പേരിൽ പേരുകളിൽ മാറ്റം വരുത്തിയ സെലിബ്രിറ്റികൾ മലയാളത്തിലുമുണ്ട്.
തുടർച്ചയായ പരാജയങ്ങളോ പുതിയ തീരുമാനങ്ങൾ എടുക്കുമ്പോഴോ ആണ് ജ്യോതിഷം പോലുള്ളവയുടെ സഹായം താരങ്ങൾ തേടുന്നത്. അതുപോലെ തന്നെ സെലിബ്രിറ്റികളുടെ വിവാഹം പോലുള്ള ചടങ്ങുകൾ നടന്ന് കഴിയുമ്പോൾ ജ്യോതിഷികൾ നാളും നക്ഷത്രവും നോക്കി ദമ്പതികളുടെ ഭാവി ജീവിതം എത്തരത്തിലായിരിക്കുമെന്ന പ്രവചനവും നടത്താറുമുണ്ട്.
ഇപ്പോഴിതാ വിവാഹ ജീവിതത്തിന്റെ നാലാം മാസത്തിലേക്ക് കടന്ന കിയാര-സിദ്ധാർത്ഥ് ജോഡിയുടെ ഭാവി ജീവിതം എന്തായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് ജ്യോതിഷി ജഗന്നാഥ് ഗുരുജി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സിദ്ധാർത്ഥ് മൽഹോത്രയ്ക്കും കിയാര അധ്വാനിക്കും ദീർഘകാലം നീണ്ടുനിൽക്കുന്ന ദാമ്പത്യവും വിവാഹശേഷം അഭിവൃദ്ധി പ്രാപിക്കുന്ന ഒരു കരിയറുമാണ് ഉള്ളത്.

കിയാരയുടേത് ശക്തിയുള്ള നക്ഷത്രങ്ങളായതിനാൽ വിജയകരമായ ഒരു കരിയർ ഉണ്ടാക്കാൻ സിദ്ധാർത്ഥിനെ സഹായിക്കും. എന്നിരുന്നാലും ദമ്പതികൾ അവരുടെ യാത്രയിൽ ചില വഴിത്തിരിവുകൾ സംഭവിക്കുമ്പോൾ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. മകരം രാശിക്കാരനായ സിദ്ധാർത്ഥും ചിങ്ങം രാശിക്കാരനായ കിയാരയും പരസ്‌പരം അനുയോജ്യരാണ്. പക്ഷെ ചില കാര്യങ്ങളിൽ എപ്പോഴും ശ്രദ്ധകൊടുക്കേണ്ടി വരും.
ജ്യോത്സ്യൻ ജഗന്നാഥ് ഗുരുജിയുടെ അഭിപ്രായത്തിൽ വിവാഹത്തിന് ശേഷം ദമ്പതികൾ പരസ്പരം അഭിപ്രായപ്രകടനം നടത്തണം. ഭാവിയിൽ അവരുടെ ബന്ധം എങ്ങനെയുള്ള നിമിഷങ്ങൾ നൽകുമെന്നതിൽ ആശയവിനിമയ ഘടകം ഒരു പ്രധാന പങ്ക് വഹിക്കും.
ശുക്രൻ അവരുടെ വ്യക്തിജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ ഇരുവരും പരസ്പരം തുറന്ന് സംസാരിക്കുകയും പെരുമാറുകയും വേണെമെന്ന് ജ്യോത്സ്യൻ ജഗന്നാഥ് ഗുരുജി പറയുന്നു.
രാംചരൺ തേജയെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന തമിഴ്-തെലുങ്ക് ചിത്രം ഗെയിം ചേഞ്ചറാണ് അണിയറയിൽ ഒരുങ്ങുന്ന കിയാരയുടെ ഏറ്റവും പുതിയ സിനിമ. രാംചരണിന് കുഞ്ഞ് പിറന്നതിനാൽ താരമിപ്പോൾ ഷൂട്ടിങ് തിരക്കുകളിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണെന്നാണ് റിപ്പോർട്ട്.
മുപ്പത്തിയെട്ടുകാരനായ സിദ്ധാർത്ഥിന്റെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ മിഷൻ മജ്നുവാണ്. രശ്മിക മന്ദാനയായിരുന്നു ചിത്രത്തിൽ നായിക. സിനിമ പ്രതീക്ഷിച്ച അത്രത്തോളം വിജയം നേടിയില്ല. യോദ്ധയാണ് റിലീസിന് തയ്യാറെടുക്കുന്ന സിനിമ.


Click it and Unblock the Notifications











