'ഞാൻ ജീവനോടെയുണ്ടോ ഇല്ലയോയെന്നാണ് ആദ്യം അന്വേഷിച്ചത്'; റോഡപകടത്തെ കുറിച്ച് നടി മലൈക അറോറ
ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് ബോളിവുഡ് നടി മലൈക അറോറ കാറപകടത്തിൽപ്പെട്ടത്. പുനെയിൽ ഒരു ഫാഷൻ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് നടി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ മലൈക മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വലിയ പരിക്കുകളില്ലാതിരുന്നതിനാൽ വേഗത്തിൽ ആശുപത്രി വിടാൻ മലൈകയ്ക്ക് സാധിച്ചു. മുംബൈ-പുണെ എക്സ്പ്രസ് വേയിൽവച്ചാണ് അപകടം സംഭവിച്ചത്.

മലൈക സഞ്ചരിച്ച കാർ ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ അപകടത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ മലൈക. അപകടത്തിൽ കണ്ണിനായിരുന്നു മലൈകയ്ക്ക് പരിക്കേറ്റത്. കുഷ്യൻ തലയ്ക്ക് വെച്ച് ഉറങ്ങുകയായിരുന്നു അപകടം നടക്കുമ്പോൾ നടി. അതിനാൽ തലയ്ക്ക് പരിക്കേൽക്കുന്നതിന്റെ ആക്കം കുറഞ്ഞുവെന്നാണ് മലൈക പറയുന്നത്. അപകടം സംഭവിച്ച ശേഷം ആദ്യം പരിശോധിച്ചത് താൻ ജീവനോടെ ഉണ്ടോ ഇല്ലയോ എന്നതാണെന്നും മലൈക പറയുന്നു.
'എനിക്ക് ഓർമിക്കാൻ ആഗ്രഹമില്ലാത്ത ഒന്നാണ് ആ അപകടം. എനിക്ക് അത് മറക്കാനും കഴിയുന്നില്ല. ശാരീരികമായി ഞാൻ വീണ്ടെടുപ്പ് നടത്തി വരികയാണ്.ഒരു അപകടം കാണിക്കുന്ന സിനിമ കണ്ടാലോ രക്തം കണ്ടാലോ ശരീരം തളർന്ന് പോകും എനിക്ക്. അത്രത്തോളം ഭയമുള്ള ഞാനാണ് ആ അപകടത്തെ അതിജീവിച്ച് വന്നിരിക്കുന്നത്. അപകടത്തിന് ശേഷം മൊത്തത്തിൽ ഞാനൊരു ഞെട്ടലിലായിരുന്നു. എന്റെ തല അതിയായി വേദനിക്കുന്നുണ്ടായിരുന്നു. ഞാൻ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നതായിരുന്നു ആദ്യം ഞാൻ സ്വയം പരിശോധിച്ചത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ വളരെയധികം സമയമെടുത്തു. എല്ലായിടത്തും രക്തമായിരുന്നു. ആശുപത്രിയിലെത്തുന്നതുവരെ കാഴ്ചപോലും മങ്ങിപ്പോയിരുന്നു' മലൈക മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ ശേഷം ആശുപത്രി അധികൃതർക്കും ഡോക്ടർമാർക്കും നന്ദി പറഞ്ഞ് മലൈക കുറിപ്പ് പങ്കുവെച്ചിരുന്നു. 'കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ തികച്ചും അവിശ്വസനീയമാണ്. അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഒരു സിനിമയിലെ ഒരു രംഗം പോലെ തോന്നുന്നു. അപകടം നടന്നയുടനെ ഒരുപാട് പേരുടെ സഹായം ലഭിച്ചു. അത് എന്റെ സ്റ്റാഫായാലും എന്നെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ച ആളുകളായാലും.... ഈ കഷ്‍ടപ്പാടിലുടനീളം എന്നോടൊപ്പം നിന്ന എന്റെ കുടുംബമായാലും ആശുപത്രി ജീവനക്കാരായാലും.... ഓരോ ഘട്ടത്തിലും സാധ്യമായ ഏറ്റവും കരുതലോടെ ഡോക്ടർമാർ എന്റെ സുരക്ഷ ഉറപ്പാക്കി. അവർ എനിക്ക് തൽക്ഷണം സുരക്ഷിതത്വം നൽകി.. വളരെ നന്ദിയുണ്ട്...' എന്നാണ് മലൈക കുറിച്ചത്.


Click it and Unblock the Notifications