'അമ്മ ഐസിയുവിൽ ചികിത്സയിൽ കഴിയുമ്പോഴും സ്റ്റേജിൽ കയറി ആളുകളെ ചിരിപ്പിക്കേണ്ടി വന്നു'; ഭാരതി സിങ് പറയുന്നു!
അടുത്തിടെയായി ഏറ്റവും കൂടുതൽ വാർത്തകളിൽ നിറയുന്ന ബോളിവുഡ് സെലിബ്രിറ്റിയാണ് ഭാരതി സിങ്. കോമഡി ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയുമാണ് ഭാരതി സിങ് പ്രേക്ഷകർക്ക് സുപരിചിതയായത്. ജാലക് ദിഖ്‌ല ജാ, നാച്ച് ബലിയേ, ഫിയർ ഫാക്ടർ: ഖത്രോൺ കെ ഖിലാഡി എന്നീ റിയാലിറ്റി ഷോകളാണ് ഭാരതി സിങിനെ പ്രശസ്തയാക്കിയത്. കളേഴ്‌സ് ടിവിയ്‌ക്കായി ഭാരതിയുടെ ഭർത്താവ് ഹാർഷ് ലിംബാച്ചിയ സംഘടിപ്പിച്ച ച്ച ഖത്ര ഖത്ര ഖത്ര എന്ന ഷോയിലും താരം സ്ഥിര സാന്നിധ്യമായിരുന്നു.
ഫോർബ്‌സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയിലും ഭാരതി സിങ് ഇടം പിടിച്ചിട്ടുണ്ട്. പഞ്ചാബിലാണ് ഭാരതി സിങ് ജനിച്ച് വളർന്നത്. രണ്ട് വയസ് മാത്രം പ്രായമുള്ള ഭാരതി സിങിന് അച്ഛനെ നഷ്ടപ്പെട്ടിരുന്നു. സ്റ്റാൻഡ് അപ്പ് കോമഡി ചെയ്യാനുള്ള കഴിവാണ് ഭാരതി സിങിനെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നത്. വിവാഹിതയായ ഭാരതി സിങ് തന്റെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ. ഗർഭകാല വിശേഷങ്ങളെല്ലാം പങ്കുവെക്കാറുള്ള ഭാരതി സിങ് അടുത്തിടെ ബേബി ഷവർ ചിത്രങ്ങളും സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു.

പ്രോഗ്രാം പ്രൊഡ്യൂസറും, തിരക്കഥാ കൃത്തുമായ ഹർഷ് ലിംബാച്ചിയയുമായി ഭാരതി സിങിന്റെ വിവാഹം നടന്നത് 2017ൽ ആണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. ഗർഭിണിയാണെങ്കിലും വീട്ടിൽ വിശ്രമിക്കാതെ തന്റെ ജോലിയിൽ ഭാരതി സിങ് ഇപ്പോഴും സജീവമാണ്. ഗർഭിണിയാണെന്ന് താൻ തിരിച്ചറിയാൻ വൈകിയെന്ന് ഭാരതി സിങ് വെളിപ്പെടുത്തിയത് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഗർഭിണിയാണെന്ന് തിരിച്ചറിയാതിരുന്നതിനാൽ ഓടി ചാടി ഡാൻസ് കളിച്ചാണ് താൻ നടന്നിരുന്നതെന്നും പരിശോധനയിൽ ഗർഭിണിയാണെന്ന് അറിഞ്ഞത് അത്ഭുതപ്പെടുത്തി എന്നുമാണ് ഭാരതി സിങ് പറഞ്ഞത്.

താൻ കോമഡി താരമായി റിയാലിറ്റി ഷോകൾ ചെയ്യാൻ തുടങ്ങിയപ്പോൾ ഉണ്ടായ ദുരനുഭവത്തെ കുറിച്ച് ഭാരതി സിങ് നടത്തിയ തുറന്ന് പറച്ചിലാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. തന്റെ അമ്മ വളരെ സീരിയസായി ഐസിയുവിൽ ചികിത്സയിൽ കഴിയുമ്പോഴും സ്റ്റേജിൽ കയറി കോമഡി കാണിച്ച് ആളുകളെ ചിരിപ്പിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് ഭാരതി സിങ് വെളിപ്പെടുത്തിയത്. 'ഞാൻ എന്റെ ആദ്യ ഷോ ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച് ചെയ്യുന്ന സമയം... ഷോ ഭാരവാഹികൾ സ്പോൺസർ ചെയ്ത ഒരു ഹോട്ടലിലാണ് താമസം ലഭിച്ചത്. ഞാനും അമ്മയും പരമാവധി വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ്. പരമാവധി പുറത്തെ ഹോട്ടലുകളിൽ നിന്നും മറ്റും ഭക്ഷണം വാങ്ങുന്നത് ഒഴിവാക്കാൻ നോക്കും. എന്നാൽ ഈ ഹോട്ടലിൽ താമസിക്കാൻ തുടങ്ങിയപ്പോൾ പുറമെ നിന്നും ഭക്ഷണം കഴിക്കേണ്ടി വന്നു. ഹോട്ടൽ ഭക്ഷണം കഴിച്ച് അമ്മയ്ക്ക് വയറിൽ അൾസർ വന്നു. അസുഖം കൂടിയപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മ ഐസിയുവിലായി. പക്ഷെ ഷൂട്ടിങ് ഉള്ളതിനാൽ എനിക്ക് അമ്മയ്ക്കൊപ്പം ഇരിക്കാൻ സാധിച്ചില്ല.'
Recommended Video

'അത്രയേറെ പ്രശ്നങ്ങൾ ഉള്ളിൽ നീറുമ്പോഴും മുഖത്ത് ചിരി വാരിത്തേച്ച് കോമഡി കാണിച്ച് എനിക്ക് ആളുകളെ ചിരിപ്പിക്കേണ്ടി വന്നു. സ്റ്റേജിലേക്ക് കയറുന്നതിന് സെക്കന്റുകൾക്ക് മുമ്പ് പോലും കർട്ടന് പിറകിൽ നിന്ന് അമ്മയെ കുറിച്ച് ചിന്തിക്കുകയായിരുന്നു ഞാൻ. അന്ന് നടക്കുന്നത് സെമിഫൈനലായിരുന്നു ഷോയിൽ വിജയിക്കുമോ എന്ന് പോലും ഉറപ്പുണ്ടായിരുന്നില്ല. ഒരാൾക്ക് കലാകാരനാകണമെങ്കിൽ വ്യക്തിപരമായ കാര്യങ്ങൾ മാറ്റിവെച്ച് പ്രേക്ഷകർക്ക് വേണ്ടി പ്രവർത്തിക്കുകയും അവരെ ചിരിപ്പിക്കുകയും ചെയ്യണമെന്ന് ഞാൻ അന്ന് മനസിലാക്കി' ഭാരതി സിങ് കൂട്ടിച്ചേർത്തു.


Click it and Unblock the Notifications