മാസം തികയും മുമ്പ് കുഞ്ഞ് പിറന്നു; കാത്തിരിപ്പിനൊടുവിൽ താരദമ്പതികൾക്ക് ആൺകുഞ്ഞ്
ഹിന്ദി ടെലിവിഷൻ രംഗത്ത് വൻ ആരാധക വൃന്ദമുള്ളവരാണ് നടി ദീപിക കക്കറും ഷൊഹൈബ് ഇബ്രാഹിമും. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡിയായ ഇവർ ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകർക്ക് ആഘോഷമായി. 2018 ലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം ഇസ്ലാം മതം സ്വീകരിച്ച ദീപിക രേഖകളിൽ ഫൈസ എന്ന് പേര് മാറ്റി. അടുത്തിടെയാണ് തങ്ങളുടെ ജീവിതത്തിലെ സന്തോഷ വാർത്ത ദീപികയും ഷൊഹൈബും ആരാധകരെ അറിയിച്ചത്. ദീപിക ഗർഭിണിയാണെന്ന വിവരമായിരുന്നു ഇത്.
യൂട്യൂബ് ചാനലിലൂടെ ഗർഭകാലത്തെ വിശേഷങ്ങളെല്ലാം താരദമ്പതികൾ പങ്കുവെച്ചിട്ടുണ്ട്. കാത്തിരിപ്പിനൊടുവിൽ ദീപികയ്ക്കും ഷൊഹൈബിനും ആൺകുഞ്ഞ് പിറന്നിരിക്കുകയാണ്. മാസം തികയുന്നതിന് മുമ്പാണ് കുഞ്ഞ് ജനിച്ചിരിക്കുന്നത്. എന്നാൽ പേടിക്കാനൊന്നുമില്ലെന്ന് ഷൊഹൈബ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
ദീപികയുടെയും ഷൊഹൈബിന്റെയും കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. കഴിഞ്ഞ ദിവസം പോലും തന്റെ സ്കാനിംഗ് വിവരങ്ങൾ ദീപിക കക്കർ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഗർഭപാത്രത്തിൽ ഫ്ലൂയിഡ് കുറവുണ്ട്. അതിനാൽ ശ്രദ്ധിക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചെന്നാണ് അന്ന് താരം പറഞ്ഞത്.

മുമ്പൊരിക്കൽ ദീപിക ഗർഭിണിയായിരുന്നെങ്കിലും ഇത് അലസിപ്പോവുകയായിരുന്നു. അതിനാൽ ഇത്തവണ വലിയ ശ്രദ്ധ താരം ആരോഗ്യത്തിന് നൽകി. അന്നത്തെ വിഷമഘട്ടത്തെക്കുറിച്ച് ദീപിക കക്കർ മുമ്പ് സംസാരിച്ചിട്ടുണ്ട് മാനസികമായി തകർന്ന് പോയിരുന്നെന്ന് അന്ന് ദീപിക തുറന്ന് പറഞ്ഞു. ഭർത്താവാണ് തനിക്ക് ധൈര്യം തന്നത്. ഒരിക്കൽ പോലും അദ്ദേഹമോ വീട്ടുകാരോ തന്റെ മുന്നിൽ വിഷമിച്ച് നിന്നില്ല. കുറച്ച് ദിവസങ്ങൾ കഴിഞ്ഞാണ് ആ ദുഖത്തിൽ നിന്നും പുറത്ത് വരാൻ കഴിഞ്ഞതെന്നും ദീപിക കക്കർ പറഞ്ഞു
ഗർഭം അലസിയപ്പോൾ ദീപിക നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് ഭർത്താവ് ഷുഹൈബും അന്ന് സംസാരിച്ചു. ഗർഭിണിയായി ആറാമത്തെ ആഴ്ചയാണ് ഗർഭഛിദ്രം ഉണ്ടായത്. അതിന് ശേഷം ദീപികയുടെ ആരോഗ്യം മോശമായി. നന്നായി വണ്ണം വെച്ചു. എന്നാൽ നടന്നതെന്തെന്ന് മനസ്സിലാക്കാതെ പലരും ദീപികയ്ക്ക് വണ്ണം കൂടിയെന്ന് സോഷ്യൽ മീഡിയയിലൂടെ കുറ്റപ്പെടുത്തിയെന്ന് ഷൊഹൈബ് ചൂണ്ടിക്കാട്ടി.

കുഞ്ഞ് പിറന്ന ശേഷം അഭിനയ രംഗത്തേക്കില്ലെന്ന് ദീപിക നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വർഷങ്ങളായി ജോലി ചെയ്യുകയാണ്. ഇനി വീട്ടമ്മയായി കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും അന്ന് ദീപിക തുറന്ന് പറഞ്ഞു. ദീപികയുടെ രണ്ടാം വിവാഹമായിരുന്നു ഷൊഹൈബുമായി. 2015 ലാണ് നടി ആദ്യ വിവാഹബന്ധം അവസാനിപ്പിച്ചത്.
'സസുരാൽ സിമർ ക' എന്ന സീരിയലിൽ ഒരുമിച്ച് അഭിനയിക്കവെയാണ് ഷൊഹൈബ് ഇബ്രാഹുവും ദീപികയും പ്രണയത്തിലാകുന്നത്.
2018 ൽ ഭോപ്പാലിൽ വെച്ചായിരുന്നു വിവാഹം. മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ദീപിക കക്കറിന് നിരവധി ആരാധകരുണ്ട്. അഭിനയ രംഗത്തേക്ക് ഇനിയില്ല എന്ന തീരുമാനം ആരാധകരെ നിരാശപ്പെടുത്തിയിട്ടുണ്ട്. നേരത്തെ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വന്ന അധിക്ഷേപത്തിനെതിരെ ദീപിക സംസാരിച്ചിരുന്നു. നടി യഥാർത്ഥത്തിൽ ഗർഭിണിയല്ലെന്നും വയറിൽ തലയണ കെട്ടിയതാണെന്നുമായിരുന്നു ആരോപണം.
സോഷ്യൽ മീഡിയയിൽ വന്ന ഈ കമന്റ് തന്നെ ഏറെ ബാധിച്ചെന്ന് ദീപിക തുറന്ന് പറഞ്ഞു. മറ്റുള്ളവരുടെ വിജയം കണ്ട് അസൂയപ്പെടുന്നവരാണ് സോഷ്യൽ മീഡിയയിൽ മോശം കമന്റുകൾ ഇടുന്നത്. ഇവർക്കാർക്കും ജീവിതത്തിൽ സമാധാനമില്ല. നമ്മൾക്ക് ലഭിച്ച അനുഗ്രഹത്തിന്റെ ഒരു ശതമാനം പോലും ഇവർക്ക് ഇവർക്ക് കിട്ടിയിട്ടില്ല. അതിന്റെ അസൂയ ആണ്. ആളുകൾക്ക് ഇത്ര സന്തോഷത്തോടെ ജീവിക്കാൻ പറ്റുമെന്ന് അവർക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെന്നും ദീപിക കക്കർ പരിഹസിച്ചു.


Click it and Unblock the Notifications