'അന്ന് കുറേ കരഞ്ഞു'; തെന്നിന്ത്യന്‍ സംവിധായകന്‍ തന്നെ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി ബിഗ് ബോസ് താരം
സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ച ബിഗ് ബോസ് സീസണ്‍ 14-ലൂടെ പ്രശസ്തി നേടിയ താരമാണ് നിക്കി തംബോലി. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയ ശേഷം സിനിമയില്‍ നിരവധി അവസരങ്ങളാണ് നിക്കിയെ തേടിയെത്തിയത്. തെന്നിന്ത്യന്‍ സിനികളായിരുന്നു കൂടുതലും.
സൗത്ത് ഇന്ത്യന്‍ സിനിമയില്‍ നിന്നും തനിക്കു നേരിട്ട ഒരു ദുരനുഭവത്തെ ക്കുറിച്ച് പറയുകയാണ് ഇപ്പോള്‍ നിക്കി തംബോലി. ഒരു സിനിമാസെറ്റില്‍ വെച്ച് സംവിധായകന്‍ തന്നോട് വളരെ മോശമായി പെരുമാറിയെന്നും ആ സംഭവം തനിക്ക് വലിയ ആഘാതമായി മാറിയെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നിക്കി. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിക്കിയുടെ ഈ തുറന്നുപറച്ചില്‍. തന്നെ പീഡിപ്പിച്ച വ്യക്തിയുടെ പേര് പുറത്തുപറയാന്‍ തയ്യാറാകാതിരുന്ന നിക്കി ആ സംഭവത്തിന് ശേഷം വീട്ടിലെത്തി കുറേ കരഞ്ഞതായും മാധ്യമപ്രവര്‍ത്തകനോട് വെളിപ്പെടുത്തി.

'സൗത്ത് ഇന്ത്യയില്‍ നിന്നുള്ള ഒരു സിനിമയുടെ സെറ്റിലായിരുന്നു ആ സംഭവം. അത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ആ സംവിധായകന്‍ എന്നോട് വളരെ മോശമായിട്ടാണ് പെരുമാറിയത്. മറ്റൊരു അര്‍ത്ഥത്തിലായിരുന്നില്ല, പക്ഷെ, ഒരു സംവിധായകന്‍ ഒരു സെറ്റില്‍ പെരുമാറുന്ന പോലെ അല്ലായിരുന്നു എന്നോടുള്ള പെരുമാറ്റം. ഒപ്പമുള്ള ഡാന്‍സേഴ്‌സിനെ അയാള്‍ എന്റെ മുന്നില്‍ വെച്ച് കുറേ അഭിനന്ദിച്ചു, എനിക്ക് ഡാന്‍സ് അറിയില്ലെന്ന മട്ടില്‍ കുറേ തവണ എന്തൊക്കെയോ എന്നെ പറഞ്ഞു.
എന്തുകൊണ്ട് ആ സംവിധായകന്‍ അങ്ങനെ പെരുമാറിയെന്നറിയില്ല. എനിക്ക് ആ ഭാഷ നേരാംവണ്ണം മനസ്സിലാക്കാന്‍ പോലും സാധിച്ചിട്ടില്ലായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ പെരുമാറ്റം ഏറ്റവും മോശമായിരുന്നു എന്നേ എനിക്കു പറയാനാകൂ.
ഈ സംഭവത്തിന് ശേഷം ഞാന്‍ ആകെ തളര്‍ന്നു. ഷൂട്ടിങ്ങ് തീര്‍ത്ത് വീട്ടിലെത്തിയ ശേഷം കുറേ കരഞ്ഞു. എന്റെ അച്ഛനും അമ്മയ്ക്കും ഈ സംഭവത്തെക്കുറിച്ച് നന്നായി അറിയാം. വിദേശരാജ്യത്ത് സിനിമാഷൂട്ടിനെത്തിയ എനിക്ക് അദ്ദേഹത്തിന്റെ പക്കല്‍നിന്ന് ക്രൂരമായ പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

ഇപ്പോഴും ആ സംഭവത്തില്‍നിന്ന് ഞാന്‍ പുറത്തു വന്നിട്ടില്ല. പക്ഷെ, എനിക്കറിയാം അന്ന് സംഭവിച്ച കാര്യങ്ങളില്‍ അദ്ദേഹത്തിന് ഇപ്പോള്‍ പശ്ചാത്താപം ഉണ്ടായിട്ടുണ്ടാകും. അദ്ദേഹം ആരാണെന്നോ പേര് എന്താണെന്നോ വെളിപ്പെടുത്താന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇന്നും കൂടി അദ്ദേഹം എനിക്ക് ഫോണില്‍ മെസ്സേജ് അയച്ചതാണ്. സമയത്തിന് എല്ലാം മായ്ക്കാനാകുമെന്നാണ് എന്റെ വിശ്വാസം. എല്ലാം മറക്കണം.' നടി പറയുന്നു.
തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ നായികയായിരുന്നു നിക്കി തംബോലി. തമിഴില്‍ കാഞ്ചന 3 ആയിരുന്നു ഒടുവില്‍ അഭിനയിച്ച ചിത്രം. കഴിഞ്ഞ വര്‍ഷം സംപ്രേക്ഷണം ചെയ്ത സ്റ്റണ്ട് അധിഷ്ഠിത ടിവി റിയാലിറ്റി ഷോയായ ഖാത്രോണ്‍ കെ ഖിലാഡി 2-ല്‍ നിക്കി പങ്കെടുത്തിരുന്നു.


Click it and Unblock the Notifications