അറിഞ്ഞത് മകൾ ജനിച്ച് മൂന്നാം ദിവസം; വളരെ ബുദ്ധിമുട്ടായിരുന്നു; തുറന്ന് പറഞ്ഞ് ബിപാഷയുടെ ഭർത്താവ് കരൺ സിംഗ്
ടെലിവിഷൻ രംഗത്ത് നിന്നും സിനിമയിലേക്കെത്തി വിജയം കൈവരിക്കാൻ കഴിഞ്ഞ നടനാണ് കരൺ സിംഗ് ഗ്രോവർ. ഫിറ്റ്നസിന് വലിയ പ്രാധാന്യം നൽകുന്ന കരൺ സിംഗ് ഒരു കാലത്ത് ടെലിവിഷൻ രംഗത്തെ സെൻസേഷനായിരുന്നു. അധികം വൈകാതെ സിനിമാ ലോകത്തേക്ക് കടന്ന് വരാനും കരൺ സിംഗിന് കഴിഞ്ഞു. ഇതിനിടെ കരണിന്റെ വ്യക്തി ജീവിതത്തിലുണ്ടായ മാറ്റങ്ങളും ഏറെയാണ്. രണ്ട് വിവാഹബന്ധങ്ങൾ തകർന്ന് നിൽക്കവെയാണ് കരൺ നടി ബിപാഷ ബസുവിനൊപ്പം എലോൺ എന്ന സിനിമ ചെയ്യുന്നത്. അക്കാലത്ത് ഹോളിവുഡിലെ ഹോട്ട് ഐക്കൺ ആണ് ബിപാഷ.
താരമൂല്യത്തിൽ കരണിനേക്കാളും മുന്നിൽ. എന്നാൽ ഇതൊന്നും ഇവർ തമ്മിൽ ഉടലെടുത്ത പ്രണയത്തെ ബാധിച്ചില്ല. ഒന്നിലേറെ പ്രണയ ബന്ധങ്ങൾ തകർന്ന് നിൽക്കുന്ന ഘട്ടത്തിലാണ് ബിപാഷ കരണുമായി പ്രണയത്തിലാകുന്നത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നു. 2016 ലായിരുന്നു വിവാഹം. ബോളിവുഡിലെ സൂപ്പർസ്റ്റാറുകൾ ബിപാഷയുടെ വിവാഹ സത്കാരത്തിന് എത്തി. 2022 ലാണ് ബിപാഷയ്ക്കും കരണിനും ആദ്യത്തെ കുഞ്ഞ് പിറന്നത്. ദേവി എന്നാണ് മകൾക്ക് നൽകിയ പേര്.

അടുത്തിടെ നൽകിയ അഭിമുഖത്തിൽ കുഞ്ഞ് നേരിട്ട ആരോഗ്യ പ്രശ്നത്തെക്കുറിച്ച് ബിപാഷ സംസാരിക്കുകയുണ്ടായി. ഹൃദയത്തിൽ രണ്ട് സുഷിരങ്ങളുമായാണ് ബിപാഷയുടെ മകൾ ജനിച്ചത്. ഇതേക്കുറിച്ച് വിശദീകരിക്കുകയാണ് കരൺ സിംഗ് ഗ്രോവർ. മാതാപിതാക്കളെന്ന നിലയിൽ വളരെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് താനും ബിപാഷയും കടന്ന് പോയതെന്ന് കരൺ സിംഗ് ഗ്രോവർ തുറന്ന് പറഞ്ഞു.
ജനിച്ച് മൂന്നാമത്തെ ദിവസം വരെയും ഇക്കാര്യം ഞങ്ങൾക്ക് അറിയില്ലായിരുന്നു. മാതാപിതാക്കളാവുകയെന്നതിന് മറ്റ് ചില ശക്തികൾ വേണമെന്ന് മാത്രം ഞാൻ പറയുന്നു. വളരെ ബുദ്ധിമുട്ടേറിയ സാഹചര്യമായിരുന്നു അതെന്നും കരൺ സിംഗ് ഗ്രോവർ തുറന്ന് പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ മകളുടെ അസുഖത്തെക്കുറിച്ച് സംസാരിക്കവെ ബിപാഷ ബസു കരഞ്ഞിരുന്നു. ഒരു മാതാപിതാക്കൾക്കും ഇങ്ങനെയാരു സാഹചര്യം ഉണ്ടാവരുതെന്ന് ബിപാഷ ബസു തുറന്ന് പറഞ്ഞു.

ജനിച്ച് മൂന്ന് മാസത്തിനുള്ളിൽ താര ദമ്പതികളുടെ മകൾക്ക് ഹൃദയത്തിന് ശസ്ത്രക്രിയ ചെയ്യേണ്ടിയും വന്നു. വെൻട്രികുലർ സെപ്റ്റൽ ഡിഫക്ട് എന്ന അവസ്ഥയായിരുന്നു താരങ്ങളുടെ മകളെ ബാധിച്ചത്. മകളുടെ സാഹചര്യത്തെക്കുറിച്ച് ബന്ധുക്കളോട് പറഞ്ഞിരുന്നു. മകൾ പിറന്നത് ആഘോഷിക്കാൻ ആഗ്രഹിച്ചെങ്കിലും മരവിച്ച് പോയ അവസ്ഥയിലായിരുന്നു ഞങ്ങൾ. സുഷിരങ്ങൾ തനിയെ അടയുമോ എന്ന് പരിശോധിക്കാൻ ഓരോ മാസവും ഞങ്ങൾ സ്കാൻ ചെയ്തു.
ദ്വാരത്തിന്റെ വലുപ്പം പരിഗണിക്കുമ്പോൾ കൂഞ്ഞിന് മൂന്ന് മാസം പ്രായമുള്ളപ്പോൾ സർജറി ചെയ്യുന്നതാണ് നല്ലതെന്ന് ഡോക്‌ടർ പറഞ്ഞു. മകളെ ആദ്യം സർജറിക്ക് വിധേയമാക്കാൻ മടിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. ആറ് മണിക്കൂർ സർജറി നീണ്ടു നിന്നു. കുഞ്ഞ് ഓപ്പറേഷൻ തിയറ്ററിൽ കിടന്ന സമയം തന്റെ ജീവിതം തന്നെ നിലച്ച് പോയെന്നും ബിപാഷ ബസു തുറന്ന് പറഞ്ഞു.
സർജറി വിജയകരമായിരുന്നു. മകൾക്ക് കുഴപ്പമാെന്നും ഇല്ലെന്നും നടി വ്യക്തമാക്കി. അമ്മയായ ശേഷം സിനിമാ രംഗത്ത് നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണ് ബിപാഷ ബസു. അതേസമയം കരൺ സിംഗ് ഗ്രോവർ സിനിമകളിൽ സജീവമാകുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഫൈറ്റർ എന്ന സിനിമയിൽ കരണിന് ശ്രദ്ധേയ വേഷമാണ് ലഭിച്ചത്.


Click it and Unblock the Notifications











