അയ്യപ്പനും കോശിയിലേയ്ക്കും ആകർഷിച്ചത് ഇതാണ്, ഹിന്ദി, പകർപ്പവകാശം സ്വന്തമാക്കി ജോൺ എബ്രഹാം
ഈ വർഷം പുറത്തിറങ്ങിയതിൽ മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ച ചിത്രമായിരുന്നു സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയിരുന്നു. രണ്ട് മനുഷ്യർ തമ്മിലുള്ള ഈഗോയുടെ കഥ പറഞ്ഞ ചിത്രത്തിൽ ഹവീൽദാർ റാങ്കിൽ വിരമിച്ച കോശി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. എസ്.ഐ അയ്യപ്പൻ നായരായത് ബിജു മേനോനുമായിരുന്നു. ഇവർ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഇപ്പോഴിത അയ്യപ്പനും കോശിയും ഹിന്ദി റിമേക്കിങ്ങിനായി ഒരുങ്ങുന്നു. ലോക്ക് ഡൗണും കെറോണ വൈറസ് ബാധയും സിനിമ മേഖലയെ താറുമാറാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുളള സന്തോഷ വാർത്ത പുറത്തു വരുന്നത്.
ബോളിവുഡ് താരം ജോൺ എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷനും അതിനോടൊപ്പം ചിത്രത്തിന്റെ മികച്ച കഥയുമാണ് താരത്തെ ഈ ചിത്രത്തിലേയ്ക്ക് ആകർഷിച്ചതത്രേ. ചിത്രത്തിന്റെ ഹിന്ദി പകർപ്പവകാശം സ്വന്തമാക്കിയ വിവരം ജോൺ എബ്രഹാം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. '' ആക്ഷനും കഥയ്ക്കും ഒരു പോലെ പ്രധാന്യം നൽകി കൊണ്ട് ഒരുക്കിയ ഒരു ത്രില്ലിങ് ചിത്രമാണ് അയ്യപ്പനു കോശിയും. ഇത്തരത്തിലുള്ള നല്ല സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനാണ് ജെ.എ. എന്റർടെയ്ൻമെന്റ് ശ്രമിക്കാറുള്ളത്. ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്കിലൂടെ മികച്ച ഒരു ചിത്രം ഞങ്ങൾക്ക് നൽകാനാകുമെന്ന് കരുതുന്നു''- ജോൺ എബ്രഹാം ട്വീറ്റ് ചെയ്തു. ജോൺ എബ്രഹാമിന്റെ ജെ.എ എന്റർടൈന്മെന്റ്‌സാണ് ചിത്രം നിർമ്മിക്കുന്നത്.
അതേസമയം അയ്യപ്പനും കോശിയും തമിഴിലും തെലുങ്കിലും റീമേക്കിന് എത്തുന്നുണ്ട്. തെലുങ്കിൽ സിത്താര എന്റർടെയിൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിൽ പൃഥ്വി ചെയ്ത കോശി എന്ന കഥാപാത്രമായി റാണയാണ് എത്തുന്നത്. അയ്യപ്പൻ നായർ എന്ന ബിജുമേനോൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നന്ദമുറി ബാലകൃഷ്ണനുമാണ്.

അയ്യപ്പനും കോശിയും പുറത്തിറങ്ങിയതിന്റെ പിന്നാലെ ചിത്രം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് തമിഴ് താരം ധനുഷ് രംഗത്തെത്തിയിരുന്നു. കോശി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിയ്ക്ക് താൽപര്യമുണ്ടെന്ന് നിർമ്മാതാവായ കതിർ സേനയെ അറിയിക്കുകയായിരുന്നു. ആടുകളം, പൊള്ളാതവൻ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ കിർസേനയാണ് തമിഴിൽ അയ്യപ്പനും കോശിയുടേയും പകർപ്പ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് . എന്നാൽ ബിജു മേനോൻ അവിസ്മരണീയമാക്കിയ കഥാപാത്രമായ അയ്യപ്പൻ നായരുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. നടൻ വിജയ് സേതുപതിയുടെ പേരാണ് ഉയർന്നു വരുന്നത്.


Click it and Unblock the Notifications











