'ഞാനൊരു സ്വവർഗാനുരാഗിയാണെന്ന് പലരും കരുതാനുള്ള കാരണം ഇതാണ്'; തുറന്ന് പറഞ്ഞ് ഷാരൂഖ് ഖാൻ
വളരെ കുറച്ച് പേർക്ക് മാത്രമെ തങ്ങളുടെ പാഷനെ പ്രൊഫഷനാക്കി മാറ്റാൻ സാധിക്കൂ. ആ ഭാഗ്യം ലഭിച്ച ഒരാളാണ് ഷാരൂഖ് ഖാൻ. ബോളിവുഡിന്റെ കിങ് ഖാൻ തന്നെ പലവട്ടം ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ബോളവുഡിൽ നെപ്പോട്ടിസത്തിന്റെ തുമ്പിൽ പിടിച്ചല്ലാതെ സിനിമയിലേക്ക് എത്തുകയും ശേഷം ആരും ആഗ്രഹിക്കുന്ന തലത്തിലേക്ക് വളരുകയും ചെയ്ത നടൻ കൂടിയാണ് ഷാരൂഖ് ഖാൻ. കിങ് ഖാൻ എന്നതിനപ്പുറം കിങ് ഓഫ് റൊമാൻസ് എന്ന വിശേഷണം കൂടി ഷാരൂഖിനുണ്ട്. ലോകത്തെമ്പാടുമായി നിരവധി ആരാധകരുള്ള ഇന്ത്യൻ നടൻ കൂടിയാണ് ഷാരൂഖ് ഖാൻ.
1965 നവംബർ രണ്ടിന് ഡൽഹിയിലെ ഒരു മധ്യവർഗ കുടുംബത്തിലായിരുന്നു ഷാരൂഖിന്റെ ജനനം. 80കളിൽ ടി.വി സീരിയലുകളിൽ തുടങ്ങിയതാണ് അഭിനയ ജീവിതം. ആദ്യത്തെ സിനിമ 1992ൽ ഇറങ്ങിയ ദീവാന എന്ന ചിത്രമാണ്. പിന്നീട് അങ്ങോട്ട് നിരവധി ബോളിവുഡ് സിനിമകളിൽ അഭിനയിച്ച് കിങ് ഖാനായി മാറി. സീറോ സിനിമയുടെ പരാജയത്തിന് ശേഷം ഷാരൂഖ് സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും ഷാരൂഖ് സിനിമകളിലേക്ക് തിരിച്ച് വരാനൊരുങ്ങുകയാണ്.

ഒരിക്കൽ ഭാര്യയെ പറ്റിച്ചോ എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിൽ ഷാരൂഖ് നൽകിയ മറുപടിയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. മറ്റുള്ള ബോളിവുഡ് താരങ്ങളെപ്പോലെ വഞ്ചന, അഴിമതി തുടങ്ങിയവയിലൊന്നും ഷാരൂഖ് ഇതുവരെ പെട്ട്പോയിട്ടില്ല. അത്തരം കാര്യങ്ങളിൽ ഷാരൂഖ് ഇടപെട്ടതായി ഒരു ഗോസിപ്പ് പോലും വന്നിട്ടില്ല. അതേസമയം പ്രിയങ്ക ചോപ്ര എന്ന നടിയുമായി ഷാരൂഖിന് ബന്ധമുണ്ടായിരുന്നുവെന്ന തരത്തിൽ ചില ഗോസിപ്പുകൾ വന്നിരുന്നു. അതിൽ കവിഞ്ഞ് മറ്റൊരു ഗോസിപ്പും ഇത്രയും കാലത്തെ സിനിമാ ജീവിതത്തിനിടെ ഷാരൂഖിനെ കുറിച്ച് വന്നിട്ടില്ല. ജിക്യു മാഗസിനുമായുള്ള സംഭാഷണത്തിനിടെയാണ് ഭാര്യ ഗൗരി ഖാനെ എപ്പോഴെങ്കിലും വഞ്ചിച്ചിട്ടുണ്ടോ എന്ന് ചോദ്യത്തിന് സൂപ്പർതാരം രസകരമായ മറുപടി നൽകിയത്.

'ഞാൻ ആരേയും ചതിക്കാറില്ല. സാമ്പത്തികമായോ വൈകാരികമായോ പ്രണയം നടിച്ചോ ആരെയും വഞ്ചിക്കാനുള്ള ആഗ്രഹം എനിക്കില്ല. ഞാൻ ഏറ്റവും ധാർമ്മികമായി പെരുമാറാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഞാൻ ചതിക്കാറില്ല ആരെയും. പക്ഷെ എന്തെങ്കിലും ആരെങ്കിലും ആവശ്യപ്പെട്ടാലോ എനിക്ക് ചെയ്താലോ വേണ്ട എന്നോ, താൽപര്യമില്ലെന്നോ പറഞ്ഞ് ഒഴിക്കാൻ കഴിയാറില്ല. എല്ലാവരോടും മര്യാദയോട് പെരുമാറണമെന്ന് ആഗ്രഹമുണ്ട്. ഞാൻ കൂടെ നിൽക്കുന്നത് ഇഷ്ടമല്ലാത്തവരെ പോലും ഒഴിവാക്കി പോകാൻ എനിക്ക് താൽപര്യമില്ല. ഒരു രാത്രിക്ക് വേണ്ടി ഒരു ലൈംഗികബന്ധം ഉണ്ടാക്കുക... എന്നിട്ട് അത് ഒഴിവാക്കാൻ ശ്രമിക്കുക... എന്നത് എന്നെ വല്ലാതെ ശല്യപ്പെടുത്തും.'

'ഞാൻ ഒരിക്കലും ഇത്തരം പ്രവൃത്തികൾ ചെയ്യാൻ ശ്രമിക്കാത്തതിനാൽ പകുതി ആളുകളും ഞാൻ സ്വവർഗാനുരാഗിയാണെന്ന് പറഞ്ഞു. എനിക്കിപ്പോൾ വയസായി.... അതിനാൽ തന്നെ ഞാനിപ്പോൾ ഇതെല്ലാം പറയുമ്പോൾ കേൾക്കുന്നവർ പറയും ഞാൻ കള്ളം പറയുകയാണെന്ന്. ഞാൻ സിനിമാ മേഖലയിലേക്ക് വരുമ്പോൾ പലതും ഞാൻ തെറ്റായി ചിന്തിച്ചിരുന്നു. പലരും പറഞ്ഞുളള അറിവായിരുന്നു അങ്ങനെ ചിന്തിപ്പിച്ചത്. പിന്നീട് അത് മാറി. ഞാൻ എന്റെ ഭാര്യയ്ക്ക് സത്യം ചെയ്ത് കൊടുത്തിട്ടുണ്ട്. ഞാൻ ഏതെങ്കിലും സ്ത്രീയുടെ കൂടെ കിടന്നുറങ്ങിയെന്ന് വിഷമിക്കാതെ നിങ്ങൾക്ക് ഏത് പാർട്ടിയിലും പങ്കെടുക്കാം എന്നോടൊപ്പം പോകാം. എന്നെ നിനക്ക് അറിയുന്നതിനേക്കാൾ നന്നായി അറിയുന്ന ഒരു പെൺകുട്ടിയും ഈ ലോകത്ത് ഇല്ല.... ഈ വാക്കുകൽ സത്യമാണ്. ഇതാണ് ഞാൻ ഗൗരിയോട് പറഞ്ഞിട്ടുള്ളതും' ഷാരൂഖ് പറഞ്ഞു.


Click it and Unblock the Notifications