'തയ്യാറായിക്കോളൂ.... ഈ വർഷം അവസാനം അതുണ്ടാകും'; കിയാര-സിദ്ധാർഥ് മൽഹോത്ര വിവാഹത്തെ കുറിച്ച് ഷാഹിദ് കപൂർ!
ബോളിവുഡ് യുവതാരം സിദ്ധാർഥ് മൽഹോത്രയ്ക്ക് ശേഷം കരൺ ജോഹറിന്റെ ജനപ്രിയ ചാറ്റ് ഷോ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ സിദ്ധാർഥിന്റെ ലേഡി ലവ് നടി കിയാര അദ്വാനി അതിഥിയായി എത്തിയിരിക്കുകയാണ്.
കോഫി വിത്ത് കരൺ സീസൺ 7ന്റെ അവസാന എപ്പിസോഡിലാണ് സിദ്ധാർഥ്-കിയാര വിവാഹത്തെ കുറിച്ചുള്ള സൂചനകൾ പറയുന്നത്. കരണിന്റെ ഷേർഷാ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചത്.

കഴിഞ്ഞ ദിവസമാണ് കോഫി വിത്ത് കരണിന്റെ വരാനിരിക്കുന്ന എപ്പിസോഡിന്റെ പ്രമോ പുറത്ത് വന്നത്. അതിൽ കിയാര കബീർ സിങിൽ തന്റെ നായകനായ ഷാഹിദ് കപൂറിനൊപ്പം കരണിന്റെ ഷോയിൽ പങ്കെടുക്കാനെത്തിയതായിട്ടാണ് കാണിക്കുന്നത്.
ഈ വർഷം അവസാനത്തോടെ കിയാരയും സിദ്ധാർഥും വിവാഹിതരാകുമെന്ന് ഷാഹിദ് പ്രമോയിൽ സൂചന നൽകുന്നുമുണ്ട്. 'ഈ വർഷാവസാനം എപ്പോഴെങ്കിലും ഒരു വലിയ പ്രഖ്യാപനം ഉണ്ടാകും അതൊരിക്കലും ഒരു സിനിമയുടെ പ്രഖ്യാപനമായിരിക്കില്ലെന്നാണ്' ഷാഹിദ് പറയുന്നത്.
കിയാരയും സിദ്ധാർഥും ഒരുമിച്ച് നിൽക്കുന്നത് മനോഹരമായ കാഴ്ചയാണെന്നും ഷാഹിദ് പറയുന്നുണ്ട്. അവർ നല്ല കപ്പിളാണെന്നും ഷാഹിദ് പറയുന്നുണ്ട്. ഇവർക്കുണ്ടാകുന്ന കുട്ടികളും സുന്ദരന്മാരായിരിക്കുമെന്ന് കരണും പറയുന്നത് കാണാം. 2021ൽ പുറത്തിറങ്ങിയ ഷേർഷാ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചാണ് അഭിനയിച്ചിരുന്നത്.
ചിത്രം വൻ ഹിറ്റായി മാറിയിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടപ്പെടുകയും അവരുടെ പ്രശംസ നേടി എടുക്കുകയും ചെയ്തു. ഇന്ദൂ കി ജവാനി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് കിയാര നൽകിയ ഒരു അഭിമുഖത്തിൽ നടി തന്റെ ഡേറ്റിംഗിനെ കുറിച്ചും തന്റെ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങൾ പങ്കുവെച്ചിരുന്നു.

അഭിമുഖത്തിൽ കാമുകൻ സിദ്ധാർത്ഥിനായി ഒരു ടിൻഡർ ബയോ എഴുതാൻ കിയാരയോട് ആവശ്യപ്പെട്ടപ്പോൾ നടിയുടെ മുഖത്ത് ഒരു നാണം നിഴലിച്ചു, പക്ഷേ എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിലുള്ള മറുപടിയാണ് അവർ പറഞ്ഞത്. 'എനിക്ക് അവനെ ടിൻഡറിൽ ഇടാൻ താൽപ്പര്യമില്ല പ്രണയത്തിന്റെ കാര്യത്തിൽ ഞാൻ വളരെ പഴഞ്ചൻ ആണെന്നും' താരം അന്ന് പറഞ്ഞിരുന്നു.
അതേസമയം കിയാര അദ്വാനി അഭിനയിച്ച ഏറ്റവും പുതിയ ചിത്രം ഭൂൽ ഭുലയ്യ 2 അടുത്തിടെ റിലീസ് ചെയ്തു. ചിത്രത്തിന്റെ പ്രദർശന പരിപാടിയിൽ നിന്നുള്ള സിദ്ദിന്റേയും കിയാരയുടേയും മനോഹരമായ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.


Click it and Unblock the Notifications