മഹേന്ദ്രസിംഗ് ധോണിയായി വേഷമിട്ട സുശാന്ത് സിംഗ് രജ്പുത്ത് ആത്മഹത്യ ചെയ്തു!
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നടന്റെ മുംബൈയിലെ വസന്തിയിലാണ് താരത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മഹേന്ദ്ര സിംഗ് ധോണിയുടെ ബയോപിക്ക് ചിത്രത്തിലൂടെ ബോളിവുഡില്‍ ശ്രദ്ധേയനായ താരമാണ് സുശാന്ത് സിംഗ് രജ്പുത്ത്. ഇന്ന് രാവിലെയാണ് 34കാരനായ നടനെ ബാന്ദ്രയിലെ വസന്തിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. മിനിസ്‌ക്രീനിലൂടെയാണ് സുശാന്ത് സിംഗ് രജ്പുത്ത് അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്.

തുടര്‍ന്ന് 2013ല്‍ കൈ പോ ചെ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് എത്തി. അഭിഷേക് കപൂര്‍ സംവിധാനം ചെയ്ത ചിത്രം ചേതന്‍ ഭഗതിന്റെ ത്രീ മിസ്‌റ്റേക്ക്‌സ് ഓഫ് ലൈഫ് എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയത്. പിന്നാലെ ആമിര്‍ ഖാന്റെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം പികെയിലും പ്രധാന വേഷത്തില്‍ സുശാന്ത് സിംഗ് രജ്പുത്ത് അഭിനയിച്ചിരുന്നു.
ഹിറ്റ് ചിത്രത്തില്‍ അനുഷ്‌ക ശര്‍മ്മയുടെ ജോഡിയായാണ് സുശാന്ത് അഭിനയിച്ചത്. 2016ലാണ് ധോണിയുടെ ബയോപിക്ക് ചിത്രമായ എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയില്‍ സുശാന്ത് സിംഗ് രജ്പുത്ത് ടൈറ്റില്‍ റോളില്‍ അഭിനയിച്ചത്. സിനിമയില്‍ ധോണിയായുളള പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു താരത്തിന് ലഭിച്ചിരുന്നത്.
നീരജ് പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. എംഎസ് ധോണിയുടെ ബയോപിക്ക് ചിത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറുകയും ചെയ്തിരുന്നു. ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരി സംവിധാനം ചെയ്ത ചിച്ചോരെയാണ് സുശാന്ത് സിംഗ് രജ്പുത്തിന്റെതായി അവസാനമായി തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം.
ശ്രദ്ധ കപൂറായിരുന്നു ചിത്രത്തില്‍ സുശാന്തിന്റെ നായികയായി എത്തിയിരുന്നത്. ചിച്ചോരെയ്ക്ക് പിന്നാലെ ഡ്രൈവ് എന്നൊരു ചിത്രവും നടന്റെതായി പുറത്തിറങ്ങിയിരുന്നു. എന്നാല്‍ അത് തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യാതെ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ബോളിവുഡില്‍ ദില്‍ ബെചാരാ എന്ന പുതിയ ചിത്രം റിലീസിങ്ങിനൊരുങ്ങവേയാണ് നടന്റെ മരണം. മേയില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ലോക് ഡൗണ്‍ കാരണമാണ് മാറ്റിവെച്ചത്.


Click it and Unblock the Notifications