നിശ്ചയിച്ച വിവാഹം മുടങ്ങി, പ്രണയബന്ധം തകർന്നു, 44ലും അവിവാഹിതയായി നടി ദിവ്യ ദത്ത!
ദേശീയ പുരസ്കാര ജേതാവായ ബോളിവുഡ് നടി ഇന്നും ഹിന്ദി സിനിമയുടെ അഭിമാനമായ നടിയാണ്. 1977 സെപ്റ്റംബർ 25ന് ആണ് ദിവ്യ ദത്ത ജനിച്ചത്. ഏഴ് വയസായിരിക്കുമ്പോൾ പിതാവിനെ നഷ്ടപ്പെട്ട ദിവ്യ ഡോക്ടറായ അമ്മ നളിനി ദത്തയുടെ സംരക്ഷണയിലാണ് വളർന്നത്. ദിവ്യയ്ക്ക് ഒരു സഹോദരൻ കൂടിയുണ്ട്. നിർഭയയത്തോടെയും ശക്തയുായ സ്ത്രീയാകാൻ ദിവ്യയെ പ്രചോദിപ്പിച്ചത് നടിയുടെ അമ്മയുടെ ജീവിതരീതിയും ഉപദേശവുമായിരുന്നു. നിരവധി ടിവി ഷോകളിലും സിനിമകളിലും വെബ് സീരീസുകളിലും സജീവമാണ് ദിവ്യ ദത്ത. ദിവ്യ ദത്ത എന്ന പേര് കേൾക്കുമ്പോൾ എല്ലാ സിനിമാ പ്രേമികളുടേയും മനസിലേക്ക് ഓടിയെത്തുന്നത് വീർ സറയിലെ ദിവ്യയുടെ മികവാർന്ന പ്രകടനം തന്നെയാണ്.
2010ൽ ദിവ്യ ദത്ത ആദർശ് രഘുറാം എന്നയാളുമായി വിവാഹിതയായതായി വിക്കിപീഡിയ പരാമർശിക്കുന്നുണ്ട്. എന്നാൽ അത് കെട്ടിച്ചമച്ചതാണെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ഒരിക്കൽ പിടിഐയുമായുള്ള സംഭാഷണത്തിൽ ദിവ്യ വിവാഹിതയാണെന്ന റിപ്പോർട്ടുകൾ നിഷേധിച്ചു. ആദർശ് രഘുറാം എന്ന് പേരുള്ള ആരെയും തനിക്ക് അറിയില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തു. 44ആം വയസ്സിലും ദിവ്യയുടെ പ്രണയ ജീവിതം ആളുകൾക്ക് നിഗൂഢമാണ്.

2005 മെയ് മാസത്തിൽ ലഫ്റ്റനന്റ് കമാൻഡർ സന്ദീപ് ഷെർഗില്ലുമായി ദിവ്യ ദത്തയുടെ വിവാഹനിശ്ചയം കഴിഞ്ഞതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാകുകയും വേർപിരിയുകയും ചെയ്തുവെന്നാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്. ദിവ്യയും സന്ദീപും ചണ്ഡിഗഡിൽ വെച്ചാണ് മോതിരം മാറിയത്. എന്നാൽ ഇരുവരും വേർപിരിയാനുള്ള കാരണം വ്യക്തമല്ല. പിന്നിലെ കാരണത്തെക്കുറിച്ച് ദിവ്യയും ഒരിക്കലും വിശദീകരിച്ചിട്ടില്ല. നിശ്ചയം കഴിഞ്ഞിട്ടും വിവാഹം കഴിക്കാതിരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ഒരിക്കൽ ദിവ്യ പറഞ്ഞത് ഇങ്ങനെയാണ്. 'അത് വളരെ വ്യക്തിപരമായ കാര്യമാണ്. ഇതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ മനസ് കൊണ്ട് തയ്യാറാകുമ്പോൾ സംസാരിക്കാം' ദിവ്യ ദത്ത പറഞ്ഞു.

മാധ്യമ ഗ്യാലറികളിൽ ദിവ്യയുടെ വിവാഹ നിശ്ചയ ചടങ്ങിന്റെ റിപ്പോർട്ടുകൾ നിറഞ്ഞപ്പോൾ ദിവ്യ ഗദത്ത യഥാർത്ഥത്തിൽ സന്ദീപിനെ വിവാഹം കഴിച്ചുവെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ദിവ്യ ദത്തയുടെ രഹസ്യവിവാഹത്തെ കുറിച്ച് അന്വേഷിക്കാൻ മാധ്യമങ്ങൾ ദിവ്യ ദത്തയെ ബന്ധപ്പെട്ടപ്പോൾ അവർ പറഞ്ഞതിങ്ങനെയാണ്. 'ഞാനും സന്ദീപും കഴിഞ്ഞ വർഷം ചണ്ഡീഗഡിൽ വെച്ചാണ് വിവാഹനിശ്ചയം നടത്തിയത്. അത് വിവാഹനിശ്ചമാണ് എന്ന് ആളുകളോട് വിശദീകരിക്കുന്നത് വളരെ ലജ്ജാകരമാണ്. വിവാഹനിശ്ചയവും വിവാഹവും തമ്മിൽ വ്യത്യാസമില്ലേ?' ദിവ്യ ദത്ത പറഞ്ഞു. സന്ദീപുമായി വിവാഹ നിശ്ചയം കഴിഞ്ഞത് താരത്തിന്റെ മാതാപിതാക്കളുടെ ആഗ്രഹം കൊണ്ടാണെന്നും ദിവ്യ ദത്ത ഒരിക്കൽ പറഞ്ഞിരുന്നു. നടൻ വികാസ് ഭല്ലയ്‌ക്കൊപ്പം ഷാനോ കി ഷാദി എന്ന ടിവി ഷോയിൽ ദിവ്യ ദത്ത നായികയായി അഭിനയിച്ചിരുന്നു. സന്ദീപ് ഷെർഗില്ലുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിന് പിന്നിൽ അവർ തമ്മിലുള്ള അടുപ്പം കൂടിയതാകാമെന്നും അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വികാസും ദിവ്യയും അടുപ്പത്തിലായിരുന്നുവെന്നും വാർത്തകൾ വന്നിരുന്നു. ശേഷം വികാസ് ഭല്ല പ്രേം ചോപ്രയുടെ മകൾ പുനിത ചോപ്രയെ വിവാഹം കഴിച്ചു.
Recommended Video

2019ൽ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ദിവ്യ ദത്തയോട് വിവാഹം കഴിക്കാനുള്ള പദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോൾ, തനിക്ക് തിടുക്കമില്ലെന്നാണ് ദിവ്യ പറഞ്ഞത്. തന്റെ ജീവിതത്തിൽ പുരുഷൻമാരുണ്ടെന്നും താൻ ഡേറ്റിങ്ങിന് പോകുകയാണെന്നും എന്നാൽ വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്നും ദിവ്യ പറഞ്ഞു. ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കൽപ്പത്തെ കുറിച്ച് ചോദിച്ചപ്പോൾ 'മനുഷ്യരിൽ ശരി, തെറ്റ് എന്നില്ല... നമ്മളെ മനസിലാക്കുകയും നന്നായി പെരുമാറുകയും ചെയ്യുന്ന ആളെയാണ് അനുയോജ്യമായ വ്യക്തിയായി കാണുന്നത്. അവനോടൊപ്പം ജീവിക്കാൻ നിങ്ങൾക്ക് സുഖമുണ്ടെങ്കിൽ, അവൻ നിങ്ങളെ സന്തോഷിപ്പിക്കുന്നുവെങ്കിൽ, അവൻ നിങ്ങൾക്കുള്ളതാണ്' ദിവ്യ ദത്ത മറുപടി പറഞ്ഞു. വിവാഹം വിധി തീരുമാനിക്കുന്നതാണെന്നും ദിവ്യ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications