'മെയ്ഡ് ഫോർ ഈച്ച് അദർ.... പ്രാർഥന സഫലമായിരിക്കുന്നു...'; പരിനീതി ചോപ്രയും രാഘവ് ചദ്ദയും വിവാഹിതരാകുന്നു!
ബോളിവുഡ് വീണ്ടും ഒരു താര വിവാഹത്തിന് സാക്ഷിയാകാൻ ഒരുങ്ങുകയാണ്. നടി പരിനീതി ചോപ്ര വിവാഹിതയാകാൻ പോകുന്നു. ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയിലാണ് പരിനീതി ചോപ്ര തന്റെ സ്വപ്ന പുരുഷനെ കണ്ടെത്തിയത്. രാഘവ് ഛദ്ദയുമായുള്ള നടിയുടെ വിവാഹനിശ്ചയം വളരെ അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിൽ മനോഹരമായി നടത്തി.
കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരുടേയും ബന്ധത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. രാഘവിനൊപ്പം ഒരു ഡിന്നർ ഡേറ്റിൽ നടിയെ കണ്ടതോടെയാണ് ഗോസിപ്പുകൾ പ്രചരിക്കാൻ ആരംഭിച്ചത്. അതിനുശേഷം പലപ്പോഴും ദമ്പതികൾ ഒരുമിച്ച് മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. പരിനീതി തന്റെ സ്വപ്നതുല്യമായ വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ലളിതവും സുന്ദരവുമായി ആഘോഷത്തിന്റെ ചിത്രങ്ങൾ വൈറലാണ്.

പരിനീതിയുടെ ഏറ്റവും സ്പെഷ്യലായ ദിവസത്തിനായി മിനിമലിസ്റ്റിക് ലുക്കാണ് താരം തെരഞ്ഞെടുത്തത്. കണ്ണഞ്ചിപ്പിക്കുന്ന ഷേഡുകൾ ഉപേക്ഷിച്ച് നടി തന്റെ വിവാഹ നിശ്ചയ ചടങ്ങിനായി പേസ്റ്റൽ നിറമാണ് തിരഞ്ഞെടുത്തത്. മനീഷ് മൽഹോത്രയാണ് പരിനീതിയുടെ എൻഗേജ്മെന്റ് ഡെയുടെ വസ്ത്രം ഡിസൈൻ ചെയ്തത്. റോസ് പിങ്ക് നിറത്തിലുള്ള സൽവാർ സ്യൂട്ട് സെറ്റാണ് നടി ധരിച്ചത്. പ്രതിശ്രുത വരൻ രാഘവ് വെളുത്ത നിറമുള്ള ബന്ദ്ഗാല സ്യൂട്ടിൽ സുന്ദരനായി കാണപ്പെട്ടു.
സിൽക്ക് തുണികൊണ്ടായിരുന്നു പരിനീതിയുടെ വേഷം. നിറയെ വെളുത്ത മുത്തുകൾ സൽവാറിന്റെ നെക്കിലും കൈയ്യിലും തുന്നിച്ചേർത്ത് മനോഹരമാക്കിയിരുന്നു. ഷീർ ദുപ്പട്ടയും സൽവാറിന് ഒപ്പം നൽകിയിരുന്നു. മുത്തുകൾ, സീക്വൻസുകൾ എന്നിവയ്ക്ക് പുറമെ സ്ലീവുകളിലും നെക്ക്‌ലൈനിലും ത്രെഡ് എംബ്രോയിഡറി ഡീറ്റെയ്ൽഡ് വർക്കുകളുമുണ്ടായിരുന്നു.

പരിനീതിയുടെ ദുപ്പട്ട നിറയെ കശ്മീരി ത്രെഡ് വർക്കുകളാണുള്ളത്. വസ്ത്രത്തിന് യോജിക്കുന്ന തരത്തിലുള്ള സിംപിൾ ലുക്ക് ജുവലറികളാണ് പരിനീതി ധരിച്ചിരുന്നത്. ഒരു വലിയ ഡയമണ്ട് മോതിരവും ലുക്ക് കൂടുതൽ ഭംഗിയാക്കാനായി പരിനീതി ധരിച്ചിരുന്നു.
ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച് തന്റെ വിവാഹ നിശ്ചയത്തെക്കുറിച്ച് നടിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നുവെന്നും അതിനുള്ള ഒരുക്കങ്ങൾ നടി വളരെ നേരത്തെ ആരംഭിച്ചിരുന്നുവെന്നും പറയപ്പെടുന്നു. താൻ എന്താണ് ധരിക്കാൻ ആഗ്രഹിക്കുന്നതെന്ന് പരിനീതിക്ക് വ്യക്തമായി രൂപമുണ്ടായിരുന്നു.
അവൾ ഈ ആശയം മനീഷുമായി പങ്കുവെച്ചപ്പോൾ അദ്ദേഹത്തിനും അത് ഇഷ്ടപ്പെട്ടു. രാഘവിന്റെ വസ്ത്രത്തോട് യോജിക്കുന്ന തരത്തിൽ പിന്നീട് പരിനീതിയുടെ വസ്ത്രം ഡിസൈൻ ചെയ്തെടുക്കുകയായിരുന്നുവെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ഞാൻ പ്രാർഥിച്ചതിനെല്ലാം..... അവൾ യെസ് പറഞ്ഞു എന്ന ക്യാപ്ഷനോടെയാണ് രാഘവ് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, പരിണീതിയുടെ കസിനും നടിയുമായ പ്രിയങ്ക ചോപ്ര തുടങ്ങി രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഐ.പി.എൽ വേദിയിലും പരിനീതിയും രാഘവും ഒന്നിച്ചെത്തിയതിന്റെ വീഡിയോകൾ പുറത്തുവന്നിരുന്നു. പരിനീതി-രാഘവ് വിവാഹ നിശ്ചയം കഴിഞ്ഞതായി നേരത്തേ അഭ്യൂഹമുണ്ടായിരുന്നു. പരിനീതിക്കും രാഘവിനും ആശംസകൾ അറിയിച്ച് ആം ആദ്മി നേതാവ് സഞ്ജീവ് ചോപ്ര ട്വീറ്റ് പങ്കുവെച്ചതോടെ ഇത് കടുക്കുകയും ചെയ്തു. ഇരുവരുടെയും ഒത്തുചേരല്‍ സ്നേഹത്താലും സന്തോഷത്താലും അനുഗ്രഹിക്കപ്പെടട്ടെയെന്നാണ് സഞ്ജീവ് ട്വീറ്റ് ചെയ്തത്.


Click it and Unblock the Notifications











