'കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിഞ്ഞില്ല, നിരന്തരമായി കരഞ്ഞ സമയങ്ങളുണ്ട്'; ഗർഭകാലത്തെ കുറിച്ച് സനാ ഖാൻ!
മുംബൈയില്‍ ജനിച്ച് വളര്‍ന്ന സന 2005 മുതലാണ് സിനിമാ ലോകത്ത് സജീവമായത്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളില്‍ വേഷമിട്ട സന ക്ലൈമാക്‌സ് എന്ന മലയാള സിനിമയിലും അഭിനയിച്ചു. തമിഴ് ചിത്രമായ അയോഗ്യയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ
സിനിമയുടെ ഗ്ലാമര്‍ ലോകം ഉപേക്ഷിച്ച് ആത്മീയ ജീവിതം തിരഞ്ഞെടുത്ത് വിവാഹം കഴിച്ച് കുടുംബമായി കഴിയുകയാണ് നടി സനാ ഖാന്‍. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ അനുഭവിച്ച വിഷാദരോഗത്തെ കുറിച്ചും ഹിജാബ് ധരിക്കാനുണ്ടായ കാരണത്തെ കുറിച്ചും സന മനസുതുറന്നിട്ടുണ്ട്.
മുംബൈയില്‍ ജനിച്ച് വളര്‍ന്ന സന 2005 മുതലാണ് സിനിമാ ലോകത്ത് സജീവമായത്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളില്‍ വേഷമിട്ട സന ക്ലൈമാക്‌സ് എന്ന മലയാള സിനിമയിലും അഭിനയിച്ചു. തമിഴ് ചിത്രമായ അയോഗ്യയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നേരത്തെ കൊറിയോഗ്രഫര്‍ മെല്‍വിന്‍ ലൂയിസുമായി സന പ്രണയത്തിലായിരുന്നു.

ഗാര്‍ഹികപീഡനം ആരോപിച്ച് 2020 ഫെബ്രുവരിയില്‍ സന മെല്‍വിന്‍ ലൂയിസുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിഷാദരോഗത്തിന് ചികിത്സ തേടിയ താരം സിനിമ ഉപേക്ഷിച്ചതായും ആത്മീയ മാര്‍ഗം സ്വീകരിച്ചതായും വെളിപ്പെടുത്തി രംഗത്തെത്തുകയായിരുന്നു. 2020 ഒക്ടോബറിലായിരുന്നു ഇത്.
നവംബറില്‍ ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഫ്തി അനസ് സെയിദിനെ വിവാഹം ചെയ്തു. ഇപ്പോൾ താരം തന്റെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. സിനിമയിൽ നിന്നും വിടപറഞ്ഞങ്കിലും സന സോഷ്യൽ മീഡിയയിൽ സജീവമാണ്. ഭർത്താവുമൊത്തുള്ള നല്ല ദിനങ്ങളുടെ വിശേഷം താരം ഇൻസ്റ്റഗ്രാമിൽ പങ്കിടും. വിവാഹം കഴിഞ്ഞിട്ടിപ്പോൾ രണ്ട് വർഷം പിന്നിട്ടിരിക്കുന്നു.
ജൂലൈ മാസത്തിലാവും സനയ്ക്ക് കുഞ്ഞ് പിറക്കുക. 'ഞാൻ വളരെ സന്തോഷവതിയാണ്. ഞാൻ അന്വേഷിച്ച സമാധാനം കണ്ടെത്തി. എന്നെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ഒരു ഭർത്താവിനെ ഞാൻ കണ്ടെത്തി. ഞാൻ സമാധാനം അനുഭവിക്കുന്നു.'
'വൈകാരികമായി എനിക്ക് ഒരുപാട് ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. എന്റെ കുഞ്ഞിനെ കൈകളിൽ എടുക്കാൻ ഞാൻ കാത്തിരിക്കുകയാണ്' എന്നാണ് അടുത്തിടെ സന ഖാൻ പറഞ്ഞത്. 34-ാം വയസിൽ താൻ ഇരട്ട കുഞ്ഞുങ്ങളെയാണ് പ്രതീക്ഷിക്കുന്നതെന്ന് സന ഖാൻ വെളിപ്പെടുത്തിയിരുന്നു.
താൻ ഇപ്പോൾ ഗർഭം ധരിച്ചത് ഇരട്ടക്കുട്ടികളെ അല്ലെന്ന് പറഞ്ഞ സന ഭാവിയിൽ കൂടുതൽ കുട്ടികളുണ്ടാകാനുള്ള ആഗ്രഹവും അടുത്തിടെ പ്രകടിപ്പിച്ചിരുന്നു.
ഇപ്പോഴിത സനാ ഖാൻ ഗർഭാവസ്ഥയുടെ പ്രാരംഭഘട്ടത്തിൽ താൻ നേരിട്ട വൈകാരിക മാറ്റങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കഠിനമായ ഛർദ്ദിയും ഹോർമോൺ വ്യതിയാനങ്ങളും നേരിട്ടതിനാൽ തന്റെ ആദ്യത്തെ കുറച്ച് മാസങ്ങൾ വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് സന വെളിപ്പെടുത്തിയത്.
'ഗർഭിണിയായശേഷമുള്ള ആദ്യ ദിനങ്ങൾ കഠിനമായിരുന്നു. കടുത്ത പനിയും ഛർദ്ദിയും ഹോർമോൺ ചെയ്ഞ്ചസും കാരണം എനിക്ക് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. ഹോർമോൺ വ്യതിയാനം കാരണം ഞാൻ ഇരുന്ന് നിർത്താതെ കരഞ്ഞ സമയങ്ങളുണ്ട്. എനിക്ക് ഇപ്പോഴും ചില സമയങ്ങളിൽ ഓക്കാനം തോന്നുന്നു. എനിക്ക് അമ്മമാരോട് ഇപ്പോൾ വല്ലാത്ത ബഹുമാനമുണ്ട്.'

'ശരീരം രൂപാന്തരപ്പെടുമ്പോൾ സ്വാഭവികമായും മനസിൽ ആദ്യം വരുന്നത് ഭാരത്തെ കുറിച്ചുള്ള ചിന്തകളാണ്. പക്ഷെ ഞാൻ അതിനെക്കുറിച്ച് വിഷമിക്കുന്നില്ല. കാരണം കുഞ്ഞിന് സുപ്രധാന പോഷകങ്ങൾ ലഭിക്കുകയും ആരോഗ്യവാനായിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.'
'രാത്രി മുഴുവൻ എന്റെ കുഞ്ഞ് എന്റെ ഉള്ളിൽ പൂർണ്ണ വേഗതയിൽ കളിക്കുന്നതും ചലിക്കുന്നതും എനിക്ക് അനുഭവപ്പെടുന്നു. എന്റെ കുട്ടി തീർച്ചയായും എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകുന്നു. കുട്ടികളുടെ വസ്ത്രങ്ങൾ വാങ്ങുന്നതിൽ ഞാൻ ഇപ്പോൾ ആവേശത്തിലാണ്. വിവാഹം വൈകിയതിൽ ഞാൻ ഖേദിക്കുന്നു.'
'കാരണം അത് എല്ലാം വൈകി. എന്നിരുന്നാലും എന്റെ ആത്മാവിനെ കണ്ടെത്തുക എന്നത് ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. എനിക്ക് ഒരു ചോയ്‌സ് ഉണ്ടെങ്കിൽ കുട്ടികൾ നിറഞ്ഞ ഒരു നഴ്‌സറി ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നു' എന്നാണ് സനാ ഖാൻ തന്റെ ഗർഭകാലത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.
നേരത്തെ ആദ്യ ഹജ്ജിന്റെ അനുഭവങ്ങള്‍ സന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. വികാരങ്ങള്‍ പങ്കുവെയ്ക്കാന്‍ വാക്കുകളില്ലെന്നും ഒരു പൂവ് ചോദിച്ചപ്പോള്‍ ദൈവം ഒരു പൂക്കാലം തന്നുവെന്നുമാണ് അന്ന് സന കുറിച്ചത്.


Click it and Unblock the Notifications











