'അശ്ലീല ചിത്ര നിർമ്മാണം, ഭർത്താവിന്റെ അറസ്റ്റ്'; ശിൽപ ഷെട്ടിക്ക് നാണക്കേടിന്റെ '2021'
ഫാർമസൂട്ടിക്കൽ വ്യവസായിയായ സുരേന്ദ്ര ഷെട്ടിയും സുനന്ദ ഷെട്ടിയുടെയും മൂത്ത മകളാണ് മാംഗ്ലൂരുകാരിയായ ശിൽപ്പ ഷെട്ടി. മോഡലിംങ്ങിലൂടെയാണ് ശിൽപ്പ സിനിമയിലേക്ക് വരുന്നത്. 16ആം വയസ്സിൽ ലിംകക്ക് വേണ്ടിയാണ് ആദ്യമായി ശിൽപ മോഡലായത്. 1993ൽ ബാസിഗർ എന്ന ചിത്രത്തിലൂടെയാണ് ശിൽപ്പ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 1994ൽ ആഗ് എന്ന ചിത്രത്തിൽ ആദ്യമായി നായികയായി അഭിനയിച്ചു. ചിത്രം ബോക്സ് ഓഫീസിൽ വേണ്ടത്ര വിജയം കൈവരിച്ചില്ല. എന്നാൽ അതേ വർഷം തന്നെ അക്ഷയ് കുമാറിനൊപ്പം അഭിനയിച്ച മേൻ ഖിലാഡി തു അനാറി എന്ന ചിത്രം വൻ വിജയമായി.
പർദേശി ബാബു, ധട്കൻ, റിഷ്തേ, ഫിർ മില്ലേംഗേ തുടങ്ങിയവയാണ് ശിൽപ്പയുടെ നിരൂപക പ്രശംസ നേടിയ മറ്റ് ചിത്രങ്ങൾ. ഹിന്ദിയിലും തെന്നിന്ത്യൻ ഭാഷകളിലുമായി 50ലധികം ചിത്രങ്ങളിൽ ശിൽപ അഭിനയിച്ചിട്ടുണ്ട്. 2007ൽ യുകെയിലെ സെലിബ്രിറ്റി ബിഗ് ബ്രദർ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലെ വിജയി കൂടിയായിരുന്നു ശിൽപ. ഈ വിദേശ ചാനൽ പരിപാടിയിൽ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരി ആയിരുന്നു ശിൽപ. ഏറെക്കാലം മുമ്പ് നടൻ അക്ഷയ് കുമാറുമായി പ്രണയത്തിലായിരുന്നു ശിൽപ്പ. എന്നാൽ 2000ൽ ഇരുവരും പിരിഞ്ഞു.

പിന്നീടാണ് വ്യവസായിയായ രാജ് കുന്ദ്രയെ ശിൽപ്പ 2009ൽ വിവാഹം ചെയ്തത്. വിയാൻ, സമീഷ എന്നിങ്ങനെ രണ്ട് മക്കളാണ് ശിൽപയ്ക്കും രാജ് കുന്ദ്രയ്ക്കുമുള്ളത്. 2014ന് ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ശിൽപ ഷെട്ടി. ശേഷം ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹംഗാമ 2 എന്ന ചിത്രത്തിലൂടെയാണ് ശിൽപ വീണ്ടും തിരികെ സിനിമയിലേക്ക് എത്തിയത്. ഒടിടി റിലീസായിരുന്നു സിനിമ. 2021 അസ്തമിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ ശിൽപ ഷെട്ടിക്ക് 2021 അത്ര സുഖമുള്ള വർഷമായിരുന്നില്ല എന്ന് വേണം പറയാൻ. താരത്തിന്റെ ഭർത്താവ് രാജ് കുന്ദ്ര അശ്ലീല ചിത്ര നിർമാണത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടത് ശിൽപയ്ക്ക് വലിയ നാണക്കേടാണുണ്ടാക്കിയത്. ജൂലൈയിലായിരുന്നു അപ്രതീക്ഷിതവും ബോളിവുഡിനെ പോലും പിടിച്ച് കുലുക്കിയതുമായ അറസ്റ്റ് നടന്നത്.

രാജ് കുന്ദ്രയുടെ അറസ്റ്റ് ശിൽപ ഷെട്ടിക്കും വലിയ ആഘാതമായിരുന്നു. ജൂലൈ 19നാണ് കുന്ദ്രയെ അറസ്റ്റ് ചെയ്യുന്നത്. അശ്ലീല ചിത്ര നിർമാണത്തിനായി കോടിക്കണക്കിന് രൂപയാണ് രാജ് കുന്ദ്ര നിക്ഷേപം നടത്തിയതിനും തെളിവുകൾ ലഭിച്ചു. പിന്നീട് മാധ്യമങ്ങളിലെ തലക്കെട്ടുകൾ മുഴുവനും രാജ് കുന്ദ്രയായിരുന്നു. ഇതിനിടിയിൽ ശിൽപ ഷെട്ടി വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. ഇതിനെതിരെ വിമർശനങ്ങളും വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നു. ജൂലൈ 23നാണ് വിഷയത്തിൽ ശില്പ ഷെട്ടി ആദ്യമായി പ്രതികരിക്കുന്നത്. അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് തർബറിന്റെ വാക്കുകൾ ആയിരുന്നു ശിൽപ ഷെട്ടി പങ്കുവച്ചത്. ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ആ ബോധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നത്. ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള വെല്ലുവിളികളെയും പ്രതിസന്ധികളെയുമൊക്കെ ഞാൻ അതിജീവിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന പ്രതിസന്ധികളെയും അതീജിവിക്കും. എന്റെ ജീവിതം ജീവിക്കുന്നതിൽ നിന്ന് ഒന്നിനും എന്നെ വ്യതിചലിപ്പിക്കാനാകില്ല, എന്നായിരുന്നു അതിലെ വാക്കുകൾ.

ജൂലൈ 24നാണ് ശിൽപയെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്. ആറുമണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. ശിൽപയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലാപ്‍ടോപ്പും കണ്ടെത്തി. കേസിൽ തനിക്ക് പങ്കില്ലെന്നാണ് ശിൽപ ഷെട്ടി പൊലീസിനോട് പറഞ്ഞതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നീലച്ചിത്ര നിർമാണത്തിൽ ഭർത്താവിന് പങ്കില്ലെന്നും കുന്ദ്രയുടെ ബന്ധുവായ പ്രദീപ് ബക്ഷി എന്നയാളാണ് ആപ്പിന് പിന്നിലെന്നും ശിൽപ പിന്നീട് മൊഴി നൽകി. ഭർത്താവ് രാജ് കുന്ദ്ര നിരപരാധിയാണെന്നും അവർ മൊഴി നൽകി. ആപ്പുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും ശിൽപ ഷെട്ടി പറഞ്ഞിരുന്നു. ഇതിനിടയിൽ കുന്ദ്രയുമായി വിവാഹ മോചനത്തിന് ശിൽപ ഒരുങ്ങുന്നുവെന്ന വാർത്തകളും സോഷ്യൽ മീഡിയകളിൽ നിറഞ്ഞു. നീണ്ട നാളത്തെ ശ്രമത്തിന് ശേഷം സെപ്റ്റംബർ 21നാണ് അശ്ലീല വീഡിയോ നിർമ്മാണക്കേസിൽ രാജ് കുന്ദ്രയ്ക്ക് മുംബൈ കോടതി ജാമ്യം അനുവദിച്ചത്. പൊലീസ് കുറ്റപത്രത്തിൽ തനിക്കെതിരെ തെളിവുകളൊന്നും ഇല്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കുന്ദ്ര കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. 50,000 രൂപ ഈടിലാണ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചത്. 62 ദിവസത്തെ ജയിൽവാസത്തിന് ശേഷമായിരുന്നു കുന്ദ്ര സ്വവസതിയിൽ എത്തിയത്. ജയിലിൽ നിന്നും പുറത്തിറങ്ങിയിട്ടും രാജ് കുന്ദ്രയെ ശിൽപയ്ക്കൊപ്പം കണ്ടിരുന്നില്ല. കർവ ചൗത്ത് അടക്കമുള്ള ആഘോഷങ്ങൾ ഭർത്താവിന്റെ സാന്നിധ്യത്തിൽ മാത്രമാണ് ശിൽപ ആഘോഷിച്ചിരുന്നത്. പക്ഷെ പിന്നീട് ശിൽപ പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റുകളിലൊന്നും രാജ് കുന്ദ്രയെ കാണാതായപ്പോൾ ഇരുവരും പിരിയാൻ തീരുമാനിച്ചിട്ടുണ്ടാവും എന്നാണ് എല്ലാവരും കരുതിയത്. പക്ഷെ അടുത്തിടെ ഇരുവരേയും ഹിമാചൽ പ്രദേശിലെ പുരാതനമായ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനിടെ പാപ്പരാസികൾ കണ്ടുപിടിച്ചു.
Recommended Video

ആ വീഡിയോകളും ഫോട്ടോകളും പുറത്തുവന്നതോടെയാണ് ശിൽപ ഷെട്ടി-രാജ് കുന്ദ്ര വിവാഹ മോചന അഭ്യൂഹങ്ങൾക്ക് അവസാനമായത്. ഇപ്പോൾ ഭർത്താവിനൊപ്പം മുസൂരിയിൽ ക്രിസ്മസ് ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ശിൽപ ഷെട്ടി. സുഹൃത്തുക്കൾക്കൊപ്പമാണ് ശിൽപയും കുന്ദ്രയും മുസൂരിയിൽ ക്രിസ്മസ് ആഘോഷിച്ചത്. രാജ് കുന്ദ്രയുടെ അറസ്റ്റിനും ജയിൽ വാസത്തിനും ശേഷം ശിൽപയിൽ നിന്നും മറ്റുള്ള ബോളിവുഡ് താരങ്ങൾ അകലം പാലിക്കുന്നതായി വാർത്തയുണ്ടായിരുന്നു. ബോളിവുഡിലെ സൂപ്പർ സെലിബ്രിറ്റികൾക്കൊപ്പമാണ് കഴിഞ്ഞ വർഷം വരെ ശിൽപ ദീപാവലി ആഘോഷിച്ചിരുന്നത്. പക്ഷെ ഈ വർഷം ശിൽപ കുടുംബത്തോടൊപ്പം മാത്രമാണ് ദീപാവലി ആഘോഷിച്ചത്. ഈ സംഭവവും വലിയ രീതിയിൽ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. നാൽപത്തിയാറുകാരിയായ ശിൽപ ഇപ്പോൾ നിരവധി ഡാൻസ് റിയാലിറ്റിഷോകളുടെ ജഡ്ജാണ്. യോഗയും കൃത്യമായ വ്യായാമവും അച്ചടക്കമുള്ള ജീവിത ശൈലിയുമാണ് തന്റെ ശരീരത്തിന് എന്നും ഊർജം പകരുന്നത് എന്ന് പലപ്പോഴും ശിൽപ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications