'ഞാൻ മരിച്ചു എന്നാണ് എല്ലാവരും കരുതിയത്... തുടർച്ചയായി രക്തസ്രാവം ഉണ്ടായിരുന്നു'; അനുഭവം പറഞ്ഞ് ശിൽപ ഷെട്ടി!
ബോളിവുഡ് നടി ശില്‍പ ഷെട്ടിക്ക് അഭിനയം പോലെ തന്നെ പ്രിയങ്കരമാണ് പാചകവും. ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് വര്‍ക്കൗട്ട് ചെയ്ത് ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന രീതിയാണ് താരം പിന്തുടരാറുള്ളത്. നാൽപ്പത്തിയെട്ടിൽ എത്തിയിട്ടും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായിരുന്നിട്ടും ശിൽപ നിലനിർത്തുന്ന ശരീര ഭംഗിയും ആകാരവടിവും എല്ലാവർക്കും അത്ഭുതമാണ്. തുടരെ തുടരെ സിനിമകൾ ചെയ്യാറില്ലെങ്കിലും ടെലിവിഷൻ റിയാലിറ്റി ഷോകളിലും മറ്റുമായി ശിൽപ സജീവമായതിനാൽ ആരാധകർക്ക് ശിൽപയെ മിസ് ചെയ്യാറില്ല.
ഹംഗാമ 2, നിക്കാമ എന്നിവയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ശിൽപ ഷെട്ടി സിനിമകൾ. സുഖീയാണ് ശിൽപയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. സിനിമാ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിൽ നിരവധി വിവാദങ്ങളും പ്രതിസന്ധി ഘട്ടങ്ങളും ശിൽപയ്ക്ക് മറികടക്കേണ്ടി വന്നിട്ടുണ്ട്.

എന്നാൽ താൻ അമ്മയുടെ ഉദരത്തിൽ രൂപം കൊണ്ടപ്പോൾ മുതൽ മരണത്തോട് മല്ലിട്ടാണ് ഓരോ നിമിഷവും തള്ളി നീക്കിയതെന്നും അതുകൊണ്ട് തന്നെ ജനിച്ചപ്പോൾ മുതൽ താൻ ഒരു അതിജീവിതയാണെന്ന് പറയുകയാണ് ശിൽപ ഷെട്ടി. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ശിൽപ ഷെട്ടി തന്റെ ജനനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തിയത്.
സങ്കീർണതകളും ഗർഭം അലസാനുള്ള ഉയർന്ന സാധ്യതയും കാരണം ഗർഭച്ഛിദ്രം ചെയ്യാൻ എല്ലാവരും അമ്മയെ ഉപദേശിച്ചിരുന്നുവെന്നും ശിൽപ പറയുന്നു. അടുത്തിടെ സൂം എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവൻ നിലനിർത്താൻ അമ്മയ്ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ശിൽപ ഷെട്ടി പറഞ്ഞത്.
താൻ മരിച്ച് പോകേണ്ട കുഞ്ഞായിരുന്നുവെന്നും അതിജീവിച്ച് വന്നതാണെന്നും ശിൽപ പറഞ്ഞു. 'എന്നെ ഗർഭം ധരിച്ചപ്പോൾ മുതൽ അമ്മ കരുതിയത് എന്നെ നഷ്ടപ്പെടുമെന്നാണ്. അക്കാര്യം എന്റെ അമ്മ എന്നോട് പറഞ്ഞിരുന്നു. വളരെ ബുദ്ധിമുട്ടുള്ള ഗർഭധാരണത്തിലൂടെയാണ് അമ്മ കടന്നുപോയത്. അതുകൊണ്ട് തന്നെ ഗർഭച്ഛിദ്രം നടത്താൻ ഡോക്ടർമാർ നിർദ്ദേശിച്ചു.'
'അമ്മയ്ക്ക് തുടർച്ചയായി രക്തസ്രാവം ഉണ്ടായിരുന്നു. ഞാൻ മരിച്ചു എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ അതിനെ എല്ലാം ഞാൻ അതിജീവിച്ചു. അതിനാൽ ഞാൻ ഭൂമിയിലേക്ക് വന്നത് എന്തെങ്കിലും ഒരു ലക്ഷ്യത്തിനാണെന്ന് എപ്പോഴും ഞാൻ വിശ്വസിക്കുന്നു.'

'സിനിമകൾ എന്റെ ജീവിതത്തിലെ ഒരു ഉത്തേജകമാണെന്ന് എനിക്ക് തോന്നാറുണ്ട്. എന്തെങ്കിലും ചെയ്യാൻ ഞാൻ ഇവിടെയുണ്ട്. ഒരുപക്ഷെ ആളുകൾക്ക് പ്രചോദനമാകാൻ വേണ്ടിയാകാം ഞാൻ പിറന്നിരിക്കുന്നത്. പലവിധ അവസ്ഥകളിലൂടെ കടന്നുപോകുന്ന നിരവധി പേരുണ്ട് സമൂഹത്തിൽ. നിങ്ങൾ എന്റെ സോഷ്യൽ മീഡിയ കാണുകയാണെങ്കിൽ ഞാൻ നിരന്തരം സന്ദേശങ്ങൾ ഇടുന്നത് കാണാൻ സാധിക്കും.'
'കാരണം നമുക്കെല്ലാവർക്കും ജീവിതത്തിൽ ബുദ്ധിമുട്ടാണ്. എല്ലാവർക്കും ഇത് എളുപ്പമല്ലെന്നും', ശിൽപ കൂട്ടിച്ചേർത്തു. രാജ് കുന്ദ്രയാണ് ശിൽപ ഷെട്ടിയുടെ ഭർത്താവ്. നീലചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ അകപ്പെട്ടശേഷം രാജ് കുന്ദ്ര മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാറില്ല.
രണ്ട് കുഞ്ഞുങ്ങളാണ് ശിൽപയ്ക്കുള്ളത്. 2010ൽ ആദ്യമായി ഗർഭിണിയായപ്പോൾ ചില സങ്കീർണതകൾ കാരണം ശിൽപ ഷെട്ടിയ്ക്ക് ഗർഭം അലസിപ്പോയി. ഇനിയൊരിക്കലും താൻ ഗർഭിണിയാകില്ലെന്ന് നടി കരുതി. ശേഷമാണ് മകൻ വിയാൻ പിറന്നത്. കൂടാതെ സറോഗസിയിലൂടെ സമീക്ഷ എന്നൊരു മകൾക്കും ശിൽപ ജന്മം നൽകി.
'വിയാനുശേഷം വർഷങ്ങൾ കഴിഞ്ഞാണ് ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നത്. എന്നാൽ ആ സമയത്ത് പ്രതിരോധ ശേഷി കുറയ്ക്കുന്ന രീതിയിലുള്ള അസുഖം ബാധിച്ചു. പലതവണ ഗർഭം ധരിച്ചു. പക്ഷെ അതെല്ലാം തന്നെ അബോർഷനാകുകയായിരുന്നു. അതൊരു വലിയ പ്രശ്നമായിരുന്നു. ഒരിക്കൽ ഒരു കുഞ്ഞിനെ ദത്തെടുത്താലോയെന്ന് ചിന്തിച്ചിരുന്നു', എന്നാണ് മുമ്പൊരിക്കൽ ശിൽപ പറഞ്ഞത്.


Click it and Unblock the Notifications