'നായികയാകാനുള്ള ഭംഗിയില്ല, നീയുണ്ടെങ്കിൽ സിനിമ വിജയിക്കില്ല'; നേരിട്ട പരിഹാസങ്ങളെ കുറിച്ച് താപ്സി പന്നു!
മുപ്പത്തി മൂന്നുകാരിയായ താപ്സി പന്നു ഇന്ന് ബോളിവുഡ് സിനിമാ മേഖയിലെ ഏറ്റവും തിരക്കുള്ള നടിയാണ്. നിലപാടും സിനിമകൾ തെരഞ്ഞെടുക്കുന്നതിലെ വ്യത്യസ്തതയുമാണ് താപ്സിയുടെ സിനിമാ ജീവത്തിന് മുതൽക്കൂട്ടാകുന്നത്. തെലുങ്ക് സിനിമകളിലൂടെയായിരുന്നു താപ്സിയുടെ അഭിനയ ജീവിതം ആരംഭിച്ചത്. കെ.രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ജുമന്തി നാദമായിരുന്നു ആദ്യ ചിത്രം.
2011ൽ താപ്സി തമിഴ് സിനിമകളിൽ അഭിനയിക്കാൻ തുടങ്ങി. ആദ്യം ധനുഷിൻറെ നായികയായിട്ടായിരുന്നു അരങ്ങേറ്റം. ചിത്രം ആടുകളം. വെട്രിമാരനായിരുന്നു ചിത്രത്തിൻറെ സംവിധായകൻ.

നിരവധി തെലുങ്ക്, തമിഴ് ചിത്രങ്ങളിലും മലയാള ചിത്രം ഡബിൾസിലും താപ്സി വേഷമിട്ടു. കരിയറിൻറെ ആദ്യഘട്ടത്തിൽ ബോളിവുഡിൽ വലിയ ചലനങ്ങളുണ്ടാക്കാൻ താപ്സിക്ക് സാധിച്ചില്ലെങ്കിലും 2016ൽ പുറത്തിറങ്ങിയ പിങ്ക് എന്ന ചിത്രമാണ് തപ്സിയുടെ കരിയറിൽ ആദ്യമായി ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ചിത്രം.
ബോളിവുഡിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു പിങ്ക്. ഫിലിംഫെയർ മുതൽ നിരവധി അവാർഡുകൾ താപ്സിക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കരിയറിന്റെ തുടക്കത്തിൽ താൻ പലപ്പോഴായി നേരിട്ട പ്രശ്നങ്ങളെ കുറിച്ച് താപ്സി പന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.
ബോളിവുഡ് ബബിൾസിന് നൽകിയ അഭിമുഖത്തിലായിരുന്നു താപ്സിയുടെ തുറന്ന് പറച്ചിൽ. നായികയാകാനുള്ള ഭംഗി തനിക്ക് ഇല്ലെന്ന് പറഞ്ഞ് പലരും അവസരങ്ങൾ തരാതെ കളിയാക്കിയെന്നാണ് താപ്സി പന്നു വെളിപ്പെടുത്തിയിരിക്കുന്നത്.
'നിനക്ക് നായികയാകാനുള്ള ഭംഗിയില്ലെന്ന് നീ മനസിലാക്കണം. അവസരങ്ങൾ പലപ്പോഴായി നിഷേധിക്കപ്പെട്ടപ്പോൾ ഞാനും എന്റെ മുഖം വെറുത്ത് തുടങ്ങി. നിന്നെ അഭിനയിപ്പിച്ചാൽ വേണ്ടത്ര പണം ആ സിനിമയിൽ നിന്നും ലഭിക്കില്ലെന്നും അവർ എന്നോട് പറഞ്ഞു. മാത്രമല്ല നിന്റെ പേര് വെച്ചാൽ ആളുകൾ തിയേറ്ററിൽ കേറാനും പോകുന്നില്ലെന്നും അവർ എന്നോട് പറഞ്ഞിരുന്നു.'

'പല കാരണങ്ങൾ ആളുകൾ ഇപ്പോഴും എന്നെ ഓഫ് ബീറ്റ് നടി എന്നാണ് വിശേഷിപ്പിക്കുന്നത്. ഞാൻ അത്ര നല്ല അഭിനേത്രിയല്ലെന്ന് എനിക്കും അറിയാം. ഞാൻ മുഖ്യധാരാ കൊമേഴ്‌സ്യൽ സിനിമകളിൽ പ്രവർത്തിക്കുന്നില്ലെന്നും പതിവ് പാറ്റേണിലുള്ള സിനിമകൾ ചെയ്യുന്നില്ലെന്നും ചൂണ്ടി കാണിച്ച് പലരും എന്നെ മാറ്റി നിർത്തുന്നതായും തോന്നിയിട്ടുണ്ട്.'
'ആളുകൾ എന്നെ കാണുമ്പോഴെല്ലാം ഗ്ലാം ഹോട്ടായി ഇരിക്കേണ്ട സാഹചര്യമാണ്. അത് ചെയ്യാൻ തീരെ താൽപര്യമില്ലാത്ത വ്യക്തിയാണ് ഞാൻ. ആളുകളുടെ ചിന്താഗതി മാറാൻ സിനിമകളിലൂടെ ഞാൻ വലിയൊരു യുദ്ധം നടത്തേണ്ടതുണ്ട്' താപ്സി പന്നു പറയുന്നു.


Click it and Unblock the Notifications