സൽമാന് വേണ്ടി ബോളിവുഡ് ഐശ്വര്യയെ കൈവിട്ടു: വെളിപ്പെടുത്തലുമായി സംവിധായകൻ
ബോളിവുഡിലെ എക്കാലത്തെയും ഏറ്റവും വലിയ നഷ്ട്ട പ്രണയകഥകളിൽ ഒന്നാണ് ഐശ്വര്യ റായിയുടെയും സൽമാൻ ഖാന്റെയും ബന്ധം. ഹം ദിൽ ദേ ചുകേ സനം എന്ന സഞ്ജയ് ലീല ബൻസാലി ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് മുൻ ലോക സുന്ദരിയും, ബോളിവുഡിന്റെ സൂപ്പർതാരവും പ്രണയത്തിലായത്. പിന്നീട് രണ്ടു വർഷത്തോളം നീണ്ടു നിന്ന ഈ ബന്ധം, വളരെയേറെ വിവാദങ്ങളോടെയാണ് അവസാനിച്ചത്. അതിന് കാരണം, സൽമാന്റെ മദ്യപാനവും, ലഹരിയിൽ ഐശ്വര്യയോടുള്ള വളരെ മോശമായ പെരുമാറ്റവുമായിരുന്നു. ആ ബന്ധം തകരാൻ താൻ തന്നെയാണ് കാരണം എന്ന് സൂപ്പർസ്റ്റാർ പിന്നീട് സമ്മതിച്ചിട്ടുമുണ്ട്.
ഇന്ന്, ലെജൻഡറി താരം അമിതാഭ് ബച്ചന്റെ മകനും പ്രശസ്ത നടനുമായ അഭിഷേക് ബച്ചന്റെ ഭാര്യയാണ് ഐശ്വര്യ റായ് ബച്ചൻ. സൽമാൻ ഖാൻ ആവട്ടെ, എല്ലാ പ്രണയ തകർച്ചകൾക്കും ഒടുവിൽ സിംഗിൾ ആയി തന്നെ തുടരുകയാണ്. പക്ഷെ ഇന്നും, ഇരുവരുടെയും പഴയ പ്രണയകഥയും അതിലെ പല വിവാദമായ അധ്യായങ്ങളും ഇൻഡസ്ട്രി അംഗങ്ങളും, മാധ്യമങ്ങളും ഏറെ ചർച്ച ചെയ്യാറുണ്ട്.

അടുത്തിടെ വിവേക് ലാൽവാനിയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രശസ്ത പരസ്യചിത്ര സംവിധായകനായ പ്രഹ്ലാദ് കക്കാർ, മുൻപ് ഐശ്വര്യ റായിയും സൽമാൻ ഖാനും തമ്മിൽ ഉണ്ടായിട്ടുള്ള പല സംഘർഷങ്ങളും താൻ നേരിൽ കണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. "എനിക്കറിയാം... ഞാൻ അതേ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. സൽമാൻ അവിടെ വന്ന് ഒരുപാട് ബഹളം വച്ചിട്ടുണ്ട്. സ്വന്തം തല ചുമരിൽ കൊണ്ടുപോയി ഇടിച്ചിട്ടുമുണ്ട്. ആ ബന്ധം ഔപചാരികമായി അവസാനിക്കുന്നതിന് വളരെ മുമ്പുതന്നെ അവസാനിച്ചിരുന്നു. എല്ലാവർക്കും ആശ്വാസമായിരുന്നു അത്; ഐശ്വര്യയുടെ മാതാപിതാക്കൾക്കും, അവർക്കും, എല്ലാവർക്കും," അദ്ദേഹം പറഞ്ഞു.
"എന്റെ അറിവിൽ ആ വേർപിരിയലിൽ ഐശ്വര്യ റായ് അസ്വസ്ഥയായിരുന്നില്ല. പക്ഷെ ബോളിവുഡിൽ പൂർണ്ണമായും ഒറ്റയ്ക്കായതിൽ അവർ വളരെ അസ്വസ്ഥയായിരുന്നു... എല്ലാവരും സൽമാന്റെ പക്ഷത്താണ് നിന്നത്, അവർക്കൊപ്പം ആരും ഇല്ലായിരുന്നു. സത്യത്തിൽ സൽമാന് വേണ്ടി ബോളിവുഡ് ഐശ്വര്യയെ കൈവിട്ടു. അവിടെയാണ് ഇൻഡസ്ട്രിയോടുള്ള ഐശ്വര്യയുടെ പ്രതിബദ്ധത തകർന്നത്. അത് വരെയും, അവർ വളരെ കമ്മിറ്റഡായ ഒരു ആർട്ടിസ്റ്റ് ആയിരുന്നു," പ്രഹ്ലാദ് കക്കാർ വെളിപ്പെടുത്തി.

എന്നാൽ, ഐശ്വര്യ റായിക്ക് വേണ്ടി സൽമാൻ ഖാനെ പല ചിത്രങ്ങളിൽ നിന്നും ഒഴിവാക്കി, ഒടുവിൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാതായ വ്യക്തിയാണ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെന്ന് അടുത്തിടെ സംഗീത സംവിധായകൻ ഇസ്മായിൽ ദർബാർ വെളിപ്പെടുത്തിയിരുന്നു. ഐശ്വര്യ റായിയുമായുള്ള പ്രണയതകർച്ചയുടെ പേരിൽ സൽമാൻ ഖാൻ ദേവദാസിൽ അഭിനയിക്കില്ല എന്ന തരത്തിൽ നിലനിൽക്കുന്ന അഭ്യൂഹത്തെയും ദർബാർ ശരിവച്ചു.
"അവരുടെ വഴക്കുകളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. ഞങ്ങൾക്ക് വിഷമം തോന്നിയിരുന്നു; അവർ വളരെ അടുത്തായിരുന്നു, അവർ വഴക്കിടാൻ പാടില്ലായിരുന്നു. എന്നാൽ ഇതെല്ലാം കഴിഞ്ഞ കാലത്തിന്റെ കാര്യങ്ങളാണ്; സൽമാൻ പോലും അതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കില്ല," അദ്ദേഹം പറഞ്ഞു.
അഭിഷേക് ബച്ചനെ വിവാഹം ചെയ്തതിന് ശേഷം, ഐശ്വര്യ റായ് ബച്ചൻ ഒരിക്കലും മുൻ കാമുകനൊപ്പം ഒരു സിനിമയിലും അഭിനയിക്കുകയോ, പൊതു വേദികളിൽ എത്തുമ്പോൾ അദ്ദേഹത്തെ കണ്ടതായി ഭാവിക്കാറോ ഇല്ല. ആരാധ്യ ബച്ചൻ എന്ന കൗമാരക്കാരിയായ മകളുടെ അമ്മയാണ് ഐശ്വര്യ. എന്തായാലും, ഐശ്വര്യ പോയതിന് ശേഷം പല കാമുകിമാർ വന്നെങ്കിലും, സൽമാൻ ഖാൻ ഒരിക്കലും വിവാഹം ചെയ്തില്ല.


Click it and Unblock the Notifications











