എല്ലാം ആരാധകർക്കുള്ളതല്ല, സമാധാനം വേണം; പ്രശസ്തിയുടെ കൊടുമുടിയിലും സ്വകാര്യ ജീവിതത്തിന് അതിരുകൾ വരച്ച താരങ്ങൾ!
താരങ്ങളുടെ ജീവിതം എപ്പോഴും പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധാകേന്ദ്രമാണ്. എന്നാൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും സ്വകാര്യ ജീവിതം പരമാവധി പൊതുജനങ്ങളിൽ നിന്ന് രഹസ്യമായി സൂക്ഷിക്കുന്ന ചില താരങ്ങളുണ്ട്. വിവാഹജീവിതം, മക്കൾ, കുടുംബവിശേഷങ്ങൾ എന്നിവ സോഷ്യൽ മീഡിയയിലൂടെയോ പൊതുപരിപാടികളിലൂടെയോ പങ്കുവെക്കാൻ മടിക്കുന്ന ഇവർ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്.
അനുഷ്ക ശർമ്മ മുതൽ റാണി മുഖർജി വരെ ആ ലിസ്റ്റിലുണ്ട്. ബോളിവുഡിലെ ഏറ്റവും ജനപ്രിയ താര ദമ്പതികളായ അനുഷ്ക ശർമ്മയും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും സോഷ്യൽമീഡിയയിൽ സജീവമാണെങ്കിലും കുടുംബ ജീവിതത്തെക്കുറിച്ച് അധികം പുറത്ത് വെളിപ്പെടുത്താറില്ല.

വിവാഹ വാർഷികമോ പ്രത്യേക നേട്ടങ്ങളോ പോലുള്ള ചില അവസരങ്ങളിൽ മാത്രമാണ് ചിത്രങ്ങൾ പോലും പങ്കുവെയ്ക്കുന്നത്. മക്കളായ വാമികയുടെയും അകായിന്റെയും മുഖം സോഷ്യൽ മീഡിയയിൽ വരാതിരിക്കാനുള്ള തീരുമാനവും ഇരുവരും കൃത്യമായി പാലിക്കുന്നു. പാപ്പരാസികളോടും മാധ്യമങ്ങളോടും കുട്ടികളുടെ സ്വകാര്യത മാനിക്കണമെന്ന് ഇരുവരും പലതവണ അഭ്യർഥിച്ചിട്ടുമുണ്ട്. 2017ൽ പ്രൈവസിയെക്കുറിച്ച് സംസാരിക്കവെ അനുഷ്ക പറഞ്ഞത് സ്വകാര്യതയെ ഞാൻ ഏറെ വിലമതിക്കുന്നു.
അതുകൊണ്ട് തന്നെ എന്റെ വ്യക്തിപരമായ ഇടം എല്ലാവരും മാനിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് എന്നായിരുന്നു. വിക്കി ഡോണർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആയുഷ്മാൻ ഖുറാനയും സ്വകാര്യ ജീവിതം പൊതുജനങ്ങളിൽ നിന്ന് അകറ്റി നിർത്തുന്ന താരമാണ്. ബാല്യകാല സുഹൃത്തും പ്രണയിനിയുമായ താഹിറ കശ്യപിനെ 2008ലാണ് താരം വിവാഹം ചെയ്തത്.
വിരാജ്‌വീർ, വരുഷ്ക എന്നീ രണ്ട് മക്കളുണ്ടെങ്കിലും കുടുംബചിത്രങ്ങൾ അപൂർവമായേ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളൂ. നടൻ രൺബീർ കപൂറിന് സോഷ്യൽ മീഡിയ അക്കൗണ്ട് പോലും ഇല്ല. ഭാര്യ ആലിയ ഭട്ടിന്റെ പോസ്റ്റുകളിലൂടെയോ പാപ്പരാസികളുടെ ചിത്രങ്ങളിലൂടെയോ മാത്രമാണ് ആരാധകർക്ക് ഇവരുടെ കുടുംബവിശേഷങ്ങൾ അറിയാൻ കഴിയുന്നത്. ദുബായിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ തനിക്ക് രഹസ്യ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടെന്ന് രൺബീർ വെളിപ്പെടുത്തിയിരുന്നു.
നടി രാധിക ആപ്‌തെയും സ്വകാര്യ ജീവിതം പരസ്യമാക്കാൻ താൽപര്യമില്ലാത്ത താരമാണ്. 2012ലാണ് സംഗീതജ്ഞനായ ബെനഡിക്ട് ടെയ്‌ലറുമായി രാധികയുടെ വിവാഹം കഴിയുന്നത്. 2024 ഡിസംബറിൽ ഇരുവരും പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ മകളുടെ പേര് പോലും ഇതുവരെ പൊതുജനങ്ങളുമായി പങ്കുവെച്ചിട്ടില്ല. ഒരു അഭിമുഖത്തിൽ വെച്ച് ആളുകൾ തന്നെ തിരിച്ചറിയുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് രാധിക തുറന്നുപറഞ്ഞിരുന്നു.

ലണ്ടനിൽ പോലും ആളുകൾ തിരിച്ചറിഞ്ഞാൽ അവിടെ നിന്ന് നടന്നുപോകാനാണ് ശ്രമിക്കാറെന്നും സാധാരണ യാത്രക്കാരെപ്പോലെ ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യാനും വിമാനത്താവളങ്ങളിൽ പ്രത്യേക പരിഗണന തേടാതിരിക്കാനുമാണ് തനിക്ക് ഇഷ്ടമെന്നും താരം പറഞ്ഞിരുന്നു. ആക്ഷൻ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജോൺ എബ്രഹാമും വ്യക്തിജീവിതം പൊതുജനങ്ങളിൽ നിന്ന് ഒളിപ്പിച്ച് പിടിക്കുന്ന താരമാണ്.
2014ൽ ഇൻവെസ്റ്റ്മെന്റ് ബാങ്കറും ഫിനാൻഷ്യൽ അനലിസ്റ്റുമായ പ്രിയ റുഞ്ചാലിനെ വിവാഹം ചെയ്ത ജോൺ സോഷ്യൽ മീഡിയയിൽ കൂടുതലും തന്റെ സിനിമകളെയും മറ്റ് പ്രൊഫഷണൽ ഇവന്റുകളേയും കുറിച്ചുള്ള വിവരങ്ങൾ മാത്രമാണ് പങ്കുവെക്കാറുള്ളത്. റാണി മുഖർജിയും ആദിത്യ ചോപ്രയുമാണ് മറ്റൊരു താര ദമ്പതികൾ. 2014ൽ ഇറ്റലിയിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ഇരുവരുടേയും വിവാഹത്തിന്റെ ചിത്രങ്ങളോ വീഡിയോകളോ പോലും ഇന്നുവരെ പുറത്തുവന്നിട്ടില്ല.
മകൾ അദീരയേയും ഇരുവരും സോഷ്യൽമീഡിയയിൽ നിന്ന് അകറ്റിയാണ് വളർത്തുന്നത്. സോഷ്യൽ മീഡിയയിലോ പൊതുപരിപാടികളിലോ മകളെ അധികം പരിചയപ്പെടുത്താതെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന മാതൃകയാണ് ഈ ദമ്പതികൾ പിന്തുടരുന്നത്.
പ്രശസ്തിയുടെ നടുവിലും വ്യക്തിപരമായ ജീവിതത്തിന് അതിരുകൾ നിശ്ചയിച്ച് ജീവിക്കാൻ കഴിയുമെന്ന് ഈ ബോളിവുഡ് താരങ്ങൾ തെളിയിക്കുകയാണ്. കുടുംബത്തിന്റെയും മക്കളുടെയും സ്വകാര്യത സംരക്ഷിക്കുന്നതിൽ ഇവർ കാണിക്കുന്ന ജാഗ്രതയാണ് പലർക്കും മാതൃകയാകുന്നത്.


Click it and Unblock the Notifications


