കേട്ടതെല്ലാം സത്യമായിരുന്നു... അനുഷ്കയ്ക്ക് ആൺകുഞ്ഞ് പിറന്നു, വാമികയ്ക്ക് കൂട്ടായി ഇനിയെന്നും അകായ് ഉണ്ടാകും!
താരദമ്പതികളായ അനുഷ്ക ശർമയും വിരാട് കോഹ്ലിയും വീണ്ടും ഒരു കുഞ്ഞിന് കൂടി ജന്മം നൽകി. തങ്ങൾക്ക് ആൺകുഞ്ഞ് പിറന്നുവെന്ന സന്തോഷം ഇരുവരും സോഷ്യൽമീഡിയ വഴിയാണ് പുറംലോകത്തെ അറിയിച്ചത്. ഒരു മനോഹരമായ കുറിപ്പിനൊപ്പമാണ് സന്തോഷ വാർത്ത താരദമ്പതികൾ പങ്കിട്ടത്. ഒപ്പം കുഞ്ഞിന്റെ പേരും താരങ്ങൾ വെളിപ്പെടുത്തി. 'സമൃദ്ധമായ സന്തോഷത്തോടും ഞങ്ങളുടെ ഹൃദയം നിറഞ്ഞ സ്നേഹത്തോടും കൂടി ഇക്കാര്യം എല്ലാവരേയും അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.'
'ഫെബ്രുവരി 15 ന് ഞങ്ങൾ ഞങ്ങളുടെ ആൺകുഞ്ഞ് അകായിയെ വാമികയുടെ കുഞ്ഞ് സഹോരനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തു. ഞങ്ങളുടെ ജീവിതത്തിലെ ഈ മനോഹരമായ സമയത്ത് നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങൾ തേടുന്നു.'

'ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു', എന്നാണ് രണ്ടാമത് ഒരു കുഞ്ഞ് കൂടി പിറന്ന സന്തോഷം പങ്കിട്ട് ഇരുവരും സോഷ്യൽമീഡിയയിൽ കുറിച്ചത്. സെലിബ്രിറ്റികൾ അടക്കം നിരവധി സിനിമാപ്രേമികൾ വിരുഷ്കയ്ക്ക് ആശംസകൾ നേർന്ന് എത്തി. രാജകുമാരൻ എത്തി... സിംഹക്കുട്ടി എന്നാണ് കമന്റുകളിൽ ഏറെയും.
കഴിഞ്ഞ കുറച്ച് നാളുകളായി അനുഷ്ക വീണ്ടും ഗർഭിണിയാണോ എന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ട്. വാമികയെ ഗർഭിണിയായിരുന്ന സമയത്ത് അഞ്ചാം മാസത്തിൽ എത്തിയപ്പോൾ താൻ ഗർഭിണിയാണെന്ന് വെളിപ്പെടുത്തി അനുഷ്ക എത്തിയിരുന്നു. മാത്രമല്ല ഗർഭകാലത്തെ ഒരോ ചെറിയ വീഡിയോകളും താരം സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു.
പൂർണഗർഭിണിയായിരിക്കെ ഭർത്താവ് വിരാടിന്റെ സഹായത്തോടെ യോഗ സാഹസം നിറഞ്ഞ യോഗ മുറകൾ ചെയ്തും അനുഷ്ക വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ മകനെ ഗർഭിണിയായപ്പോൾ അത്തരത്തിലുള്ള ഒരു പോസ്റ്റോ സൂചനയോ ഒന്നും താരദമ്പതികൾ പങ്കുവെച്ചില്ല. തന്റെ ഗർഭകാലം വാർത്തയായി പാപ്പരാസികൾ ആഘോഷിക്കുന്നതിനോടുള്ള താൽപര്യ കുറവാകാം കാരണം.
ഒരുമാസം മുൻപ് ഒരു റെഡിറ് പോസ്റ്റിലാണ് ആദ്യമായി അനുഷ്ക ഗർഭിണിയാണ് എന്ന തരത്തിൽ വാർത്ത പുറത്തായത്. ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് കാര്യങ്ങൾ അങ്ങനെ തന്നെയെന്ന് പിന്നീട് ഉറപ്പിക്കുകയായിരുന്നു. നടി കുറേക്കാലമായി പൊതുപരിപാടികളിൽ നിന്നും മനപൂർവം മാറി നിൽക്കാൻ തുടങ്ങിയതോടെ പ്രഗ്നൻസി റൂമേർസ് വർധിച്ചു.

വിരാടിന്റെ ക്രിക്കറ്റ് യാത്രകളിൽ അനുഷ്ക ഒപ്പം കൂടാത്തതിന്റെ കാരണവും ഇതാണെന്നും പറയപ്പെട്ടിരുന്നു. മുംബൈയിലെ ഒരു മറ്റേർണിറ്റി ക്ലിനിക്കിൽ അനുഷ്‌കയെ കണ്ടതായി റിപ്പോർട്ടുകളും വന്നിരുന്നു. പാപ്പരാസികൾ അനുഷ്കയുടെ ഈ ചിത്രങ്ങൾ പകർത്തിയെങ്കിലും അത് പ്രസിദ്ധീകരിച്ചില്ല. അനുഷയുടെ അഭ്യർത്ഥന പ്രകാരമാണത്രേ അന്ന് അത് പരസ്യപ്പെടുത്താതിരുന്നത്. ഇപ്പോഴിതാ എല്ലാ ഊഹാപോഹങ്ങളും ശരിയാണെന്ന് താരദമ്പതികളുടെ പുത്തൻ പോസ്റ്റിലൂടെ മനസിലാവുകയാണ്.
കേട്ടതെല്ലാം സത്യമായിരുന്നുവെന്ന് തമാശയായി കമന്റ് ചെയ്തവരും നിരവധിയാണ്. അനുഷ്‌ക ശർമയും വിരാട് കോലിയും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്‌സ് അടുത്തിടെ വെളിപ്പെടുത്തിയിരന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ വിരാടിന്റെ അഭാവത്തെ പറ്റി തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞ വീഡിയോയിലാണ് എബി ഡിവില്ലിയേഴ്‌സ് ഇക്കാര്യം വ്യക്തമാക്കിയത്.


Click it and Unblock the Notifications











