ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാർ വിട പറഞ്ഞു, ആദരാഞ്ജലി അർപ്പിച്ച് സിനിമാ ലോകം
ബോളിവുഡിന്റെ ഇതിഹാസതാരം ദിലീപ് കുമാർ അന്തരിച്ചു. 98 വയസ്സായിരുന്നു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം . വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു താരം. ന്യൂമോണിയ ബാധയെ തുടർന്നാണ് അന്ത്യം. കഴിഞ്ഞ ബുധനാഴ്ച ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിന് മുൻപ് ജൂൺ 6 നും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ പുരോഗതിയെ തുടർന്ന് ജൂൺ 11 ന് ഡിസ്ചാർജ്ജ് ചെയ്യുകയായിരുന്നു.

ബോളിവുഡിലെ സ്വപ്ന നായകനും വിഷാദനായകനുമായിരുന്നു ദിലീപ് കുമാർ. 60 വർഷം കൊണ്ട് 62 സിനിമകളിൽ മാത്രമാണ് അദ്ദേഹം അഭിനയിച്ചത്. സൈറ ബാനു ആണ് ഭാര്യ. പദ്മവിഭൂഷണും ദാദാസാഹിബ് ഫാൽക്കെ പുരസ്കാരങ്ങളും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ബോളിവുഡ് സിനിമ ലോകത്തെ മാറ്റത്തിലേയ്ക്ക് നയിച്ചതിൽ പ്രധാനിയായിരുന്നു ദിലീപ് കുമാർ. യൂസഫ് ഖാൻ എന്നായിരുന്നു യഥാർഥ പേര്. ബോളിവുഡിലെ ആദ്യത്തെ ഖാൻമാരിൽ ഒരാളായിരുന്നു ഇദ്ദേഹം.
നയാ ദൗർ, മുഗൾ ഇ ആസാം, ദേവ്‌ദാസ്, റാം ഔർ ശ്യാം, അൻഡാസ്, മധുമതി, ഗംഗാ യമുന തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ. 1944 ൽ പുറത്തിറങ്ങിയ ജ്വാർ ഭട്ട ആണ് ആദ്യത്തെ സിനിമ. 1998 ൽ പുറത്തിറങ്ങിയ കിലയിലാണ് എറ്റവും ഒടുവിൽ അവസാനിച്ചത്. വിഷാദ നടനായി മാത്രമല്ല ഹാസ്യനടനായും ദിലീപ് കുമാർ തിളങ്ങിയിട്ടുണ്ട്. 'ഗംഗാജമുന', 'രാം ഔർ ശ്യാം' തുടങ്ങിയ ചിത്രങ്ങളിലാണ് ഹാസ്യപ്രധാനമായ വേഷത്തിൽ എത്തുന്നത്. 1955-ല്‍ ബിമല്‍ റോയി സംവിധാനം ചെയ്ത 'ദേവദാസ്' ദിലീപ് കുമാറിന്റെ സൂപ്പർ ഹിറ്റ് ചിത്രമാണ്.
Recommended Video
1922 സിസംബറിൽ പാക്കിസ്ഥാനിലെ പെഷവാറിൽ ലാല ഗുലാം സർവാർ ഖാന്‍റെ പന്ത്രണ്ടുമക്കളിൽ ഒരാളായിട്ടാണ് യൂസഫ് ഖാൻ എന്ന ദിലീപ് കുമാറിന്റെ ജനനം. പഴകച്ചവടത്തിനായി അച്ഛനോടൊപ്പം എട്ടാം വയസ്സിൽ മുംബൈയിൽ എത്തുകയായിരുന്നു. പൂനെയിലെ മിലിട്ടറി ക്യാമ്പിൽ ക്യാന്‍റീൻ നടത്തി വരുമ്പോഴാണ്ല നടൻ സിനിമയിൽ എത്തുന്നത്. ബോംബെ ടാക്കീസ് ഉടമകളായിരുന്ന നടി ദേവികാ റാണിയും ഭർത്താവ് ഹിമാൻഷു റായിയുമാണ് ദിലീപിനെ ബോളിവുഡിലേയ്ക്ക് കൊണ്ട് വരുന്നത്.


Click it and Unblock the Notifications











