അച്ഛൻ ബോണിയോടും രണ്ടാനമ്മയുടെ മക്കളോടും പെട്ടന്ന് ക്ഷമിക്കാനുള്ള കാരണം വെളിപ്പെടുത്തി അർജുൻ കപൂർ!
ബോളിവുഡിലും ഇന്ത്യൻ സിനിമയിലും പ്രശസ്തരാണ് കപൂർ ഫാമിലി. കപൂർ കുടുംബത്തിലെ ഇളംതലമുറക്കാർ വരെ സിനിമയിൽ സജീവമാണ്. അക്കൂട്ടത്തിൽ പ്രധാനികളാണ് അർജുൻ കപൂറും ജാൻവി കപൂറുമെല്ലാം.
ബോണി കപൂറിനന് രണ്ട് ബന്ധങ്ങളിലായി നാല് മക്കളാണുള്ളത്. തങ്ങളുടെ അമ്മയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത ബോണി കപൂറിനോട് ദേഷ്യമായിരുന്നു അർജുനും സഹോദരി അൻഷുലയ്ക്കും.
വർഷങ്ങളായി അമ്മയ്ക്കൊപ്പമാണ് അർജുനും സഹോദരിയും ജീവിച്ചിരുന്നത്. അമ്മ മരിച്ചതോടെ ഇരുവരും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.
അമ്മ മോന ഷൂരിയുടെ ഓർമദിനങ്ങളിലെല്ലാം അർജുൻ ഹൃദയസ്പർശിയായ കുറിപ്പുകൾ പങ്കുവെക്കാറുണ്ട്. മോനയുമായി പിരിഞ്ഞ് ബോണി കപൂർ താരറാണി ശ്രീദേവിയെ വിവാഹം ചെയ്യുമ്പോൾ അർജുന് 11 വയസ് മാത്രമാണ് ഉണ്ടായിരുന്നത്.
ശ്രീദേവിയെ തന്റെ രണ്ടാനമ്മയായി കാണാൻ അർജുന് ഇഷ്ടമല്ലായിരുന്നു. കാൻസർ ബാധിച്ച് 2012ൽ അമ്മ അന്തരിച്ചിട്ടും അച്ഛനെ ആശ്രയിക്കാൻ അർജുനും സഹോദരി അൻഷുലയും തയ്യാറായില്ല.
ശ്രീദേവി തന്റെ അമ്മയല്ലെന്നും ജാൻവിയും ഖുശിയും തന്റെ സഹോദരങ്ങൾ അല്ലെന്നുമാണ് അർജുൻ അഭിമുഖങ്ങളിൽ പറഞ്ഞത്.

എന്നാൽ ശ്രീദേവിയുടെ മരണശേഷം കാര്യങ്ങളുടെ ഗതിമാറി. ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളിൽ മകനെ പോലെ ഓടി നടന്ന് കാര്യങ്ങൾ ചെയ്ത അർജുൻ അച്ഛനെയും തന്റെ സഹോദരങ്ങളെയും ചേർത്ത് നിർത്തി അവർക്ക് താങ്ങായി മാറി.
ആ ഒത്തുചേരൽ അച്ഛന് പോലും സർപ്രൈസായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ അർജുൻ കപൂർ. ശ്രീദേവിയുടേത് അപ്രതീക്ഷിത മരണമായിരുന്നു. അന്ന് മീഡിയക്കാരെ പോലും അത്ഭുതപ്പെടുത്തിയത് അർജുൻ കപൂറിന്റെ സാന്നിധ്യമായിരുന്നു.
രണ്ട് ബന്ധങ്ങളിൽ ജനിച്ച മക്കളാണെങ്കിലും തങ്ങൾ ഒന്നിച്ച് കാണണമെന്ന് അച്ഛൻ ആഗ്രഹിച്ചിരുന്നുവെന്നും വളരെ പെട്ടന്ന് അത് സാധിച്ച് കണ്ടപ്പോൾ അദ്ദേഹം വളരെയേറെ സന്തോഷിച്ചുവെന്നും അർജുൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ജീവിതത്തിലേക്ക് സ്വന്തമെന്ന് പറയാൻ രണ്ടുപേരെ കൂടിയാണ് റീയൂണിയൻ വഴി ലഭിച്ചതെന്നും അതിൽ താനും സന്തോഷവാനാണെന്നും അർജുൻ പറയുന്നു. 'എന്റെ ജീവിതത്തിൽ ജാൻവിയും ഖുഷിയും ഉള്ളത് എനിക്കിഷ്ടമാണ്. എല്ലാ കാര്യങ്ങളിലും തന്റെ നാല് കുട്ടികൾ ഒരുമിച്ച് ഇരുന്ന് സംസാരിക്കുന്നത് എന്റെ അച്ഛന് ഇപ്പോൾ കാണാൻ കഴിയുന്നത് ഞാൻ ഇഷ്ടപ്പെടുന്നു.'
'അദ്ദേഹം നമ്മിൽ എല്ലാവരിലും ഏറ്റവും വലിയ കുട്ടിയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഓരോ ദിവസവും അതിന്റേതായ വെല്ലുവിളികളുള്ളതിനാൽ നാമെല്ലാവരും എപ്പോഴും ഒരുമിച്ച് കഴിയുന്നില്ലെന്ന് മാത്രം. അത് മികച്ചതിന് വേണ്ടിയുള്ളതാണ്.'

'കാരണം നമ്മൾ എല്ലാവരും വളർന്നു. നമ്മുടേതായ ഇടം ആവശ്യമാണ്. എന്റെ ജീവിതത്തിൽ എന്റെ പിതാവ് ഉണ്ടായിരുന്നുവെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു. അതിനാൽ പുതിയ ജീവിതം ലഭിക്കുന്നതിൽ ഞാൻ എപ്പോഴും സന്തോഷവാനാണ്.'
'എന്നെ ശ്രദ്ധിക്കുന്ന രണ്ട് പേർ കൂടി എനിക്കുണ്ട് അവരെ സംരക്ഷിക്കാൻ എനിക്കും ഇഷ്ടമാണ്. ഞാൻ ഇഷ്ടപ്പെടുന്നവരെ എന്റെ സഹോദരിയും ഇഷ്ടപ്പെടുന്നു.'
'ജാൻവി ഞാൻ ഒരു സെൽഫി എടുക്കുമ്പോൾ പോലും എന്നെ ഗൈയ്ഡ് ചെയ്യും. അതെല്ലാം ഞാൻ ആസ്വദിക്കുന്നുണ്ട്' അർജുൻ കപൂർ പറയുന്നു.
Recommended Video

എന്തുകൊണ്ടാണ് ബോണി കപൂറിനോടൊപ്പം നിൽക്കാൻ പെട്ടന്ന് തീരുമാനിച്ചതെന്ന് ചോദിച്ചപ്പോൾ ഒരിക്കൽ അർജുൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു.
'എന്റെ അമ്മ ഒരുപക്ഷേ ആഗ്രഹിച്ചിരുന്നതും ഇത് തന്നെയായിരിക്കും. കാരണം അമ്മ അച്ഛനെ വല്ലാതെ സ്‌നേഹിച്ചിരുന്നു. അദ്ദേഹം ദുഖിക്കുന്നത് കാണാൻ അവർ ആഗ്രഹിച്ചിരുന്നില്ല.'
'കഷ്ടപ്പെടുന്ന അവസ്ഥയിൽ അദ്ദേഹത്തോടൊപ്പം ഞാൻ ഉണ്ടാകണമെന്ന് അമ്മ ആഗ്രഹിക്കുന്നുണ്ടാകാം. അമ്മ വിട്ടുപോയപ്പോൾ ഞാൻ വല്ലാതെ തളർന്ന് പോയി. അൻഷുലയുടെ സാന്നിധ്യമായിരുന്നു എനിക്കുണ്ടായിരുന്ന ഒരേയൊരു ആശ്വാസം' എന്നാണ് അർജുൻ പറഞ്ഞത്.


Click it and Unblock the Notifications