കട ബാധ്യതയിലായി; ആദ്യ ഭാര്യ നഗ്നപാദയായി ക്ഷേത്രത്തിലേക്ക്; ശ്രീദേവി അഭിനയിച്ച സിനിമയ്ക്ക് സംഭവിച്ചത്; ബോണി
നിർമാതാവ് ബോണി കപൂറിന്റെ ജീവിതം അദ്ദേഹം നിർമിച്ച സിനിമകളോളം നാടകീയമായാണ് മുന്നോട്ട് പോയതെന്ന് ബോളിവുഡിൽ പൊതുവെ സംസാരമുണ്ട്. മോണ ശൗരി കപൂറുമായുള്ള വിവാഹ ജീവിതം, ശ്രീദേവിയുടെ കടന്ന് വരവ്, കുടുംബം തകർന്ന സാഹചര്യം, പിന്നീട് ശ്രീദേവിയുമായുള്ള രണ്ടാം വിവാഹം, ശ്രീദേവിയുടെ മരണം തുടങ്ങി പല സംഭവ വികാസങ്ങൾ ബോണിയുടെ ജീവിതത്തിലുണ്ടായി. 67 കാരനായ ബോണി കപൂർ സിനിമാ നിർമാണ രംഗത്ത് ഇപ്പോഴും സജീവമാണ്.
രണ്ട് വിവാഹബന്ധത്തിലെയും മക്കൾ ഒപ്പമുള്ളതാണ് ബോണി കപൂറിന്റെ ഇപ്പോഴത്തെ സന്തോഷം. ആദ്യ ഭാര്യയിലെ മക്കളാണ് നടൻ അർജുൻ കപൂറും അൻഷുള കപൂറും. അർജുനും ബോണിയും തമ്മിൽ മുമ്പ് അകൽച്ചയുണ്ടായെങ്കിലും ശ്രീദേവിയുടെ മരണത്തിൽ തകർന്ന് പോയ ബോണിയെ ആശ്വസിപ്പിക്കാൻ അർജുനും അൻഷുളയും ഓടിയെത്തി. ആദ്യ ഭാര്യ മോണ കപൂർ 2012 ൽ മരിച്ചു. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു മോണ.

തന്റെ കരിയറിൽ പതനം നേരിട്ട സമയത്ത് മോണ കപൂർ നൽകിയ പിന്തുണയെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ബോണി കപൂറിപ്പോൾ. 1993 ൽ പുറത്തിറങ്ങിയ 'രൂപ് കി റാണി ചോരോൻ ക രാജ' എന്ന സിനിമ കനത്ത പരാജയമായിരുന്നു. സിനിമ നിർമിച്ച ബോണി കപൂറിന് കടബാധ്യതകൾ വന്നു.
പ്രതിസന്ധിയിലായ ഈ കാലത്ത് ഭാര്യ മോണ വീട്ടിൽ നിന്നും സിന്ധിവിനായക ക്ഷേത്രത്തിലേക്ക് നഗ്നപാദയായി നടന്നു. സഹോദരങ്ങളും തനിക്ക് പിന്തുണയായി അക്കാലത്ത് ഒപ്പം നിന്നു. പരാജയമുണ്ടാക്കിയ നഷ്ടം കാരണം കടം വീട്ടാൻ സ്വത്തുക്കളിൽ ചിലത് വിൽക്കേണ്ടി വന്നു. പരാജയങ്ങളുണ്ടായെങ്കിലും ശക്തമായി തിരിച്ച് വരാൻ തനിക്ക് സാധിച്ചെന്നും ബോണി കപൂർ വ്യക്തമാക്കി. സിനിമ കനത്ത നഷ്ടമുണ്ടാക്കിയെങ്കിലും തന്റെ കടം തന്നവരെ ഒഴിവാക്കാൻ താൻ ഫോൺ നമ്പർ മാറ്റിയില്ല.

1994 മുതൽ തനിക്കുള്ള രണ്ട് ഫോൺ നമ്പറുകൾ ഇതുവരെ മാറ്റിയിട്ടില്ലെന്ന് നിർമാതാക്കൾ പറയാറുണ്ടെന്നും ബോണി കപൂർ വ്യക്തമാക്കി. ബോണി കപൂറിന്റെ സഹോദരൻ അനിൽ കപൂറും ശ്രീദേവിയുമാണ് 'രൂപ് കി റാണി ചോരോൻ കാ രാജ'യിൽ നായകനും നായികയുമായത്. അന്ന് ശ്രീദേവിയും ബോണി കപൂറും പ്രണയത്തിലായിട്ടില്ല. 1995 ൽ തന്റെ അമ്മയ്ക്ക് തീരെ സുഖമില്ലാതായപ്പോൾ നടിക്ക് ആശ്വാസമായി ഒപ്പം നിന്നത് ബോണി കപൂറാണ്. ഈ സമയത്താണ് ശ്രീദേവി ബോണിയുമായി അടുക്കുന്നത്.
'രൂപ് കി റാണി ചോരോൻ കാ രാജ' ഷൂട്ട് ചെയ്യുന്ന സമയത്തെല്ലാം മോണ കപൂറും ശ്രീദേവിയും സുഹൃത്തുക്കളാണ്. എന്നാൽ ബോണിയുമായി ശ്രീദേവിക്കുള്ള ബന്ധം അറിഞ്ഞതോടെ മോണ കപൂർ നടിയുമായി ശത്രുതയിലായി. അന്ന് രണ്ട് പേരെയും കുറിച്ച് പല ഗോസിപ്പുകളും വന്നിരുന്നു. ശ്രീദേവിയുമായുള്ള ബന്ധം മോണ കപൂറിനോട് തുറന്ന് പറയുന്നത് ബോണി കപൂർ തന്നെയാണ്. മോണ കപൂറിന്റെ ജീവിതത്തിലെ വിഷമഘട്ടമായിരുന്നു അത്.
മോണ കപൂറിന്റെ കുടുംബം തകർത്തെന്ന ആക്ഷേപം ശ്രീദേവിക്ക് അന്ന് കേൾക്കേണ്ടി വന്നു. എന്നാൽ നടി ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. ശ്രീദേവിയുടെ മകൾ ജാൻവി ഇന്ന് ബോളിവുഡിലെ മുൻനിര താരമാണ്. ഇളയ മകൾ ഖുശി കപൂറും സിനിമാരംഗത്തേക്ക് കടന്ന് വരാനൊരുങ്ങുന്നു. 2018 ലാണ് ശ്രീദേവി മരിച്ചത്. ദുബായിലെ ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ വീണ് മുങ്ങി മരിക്കുകയായിരുന്നു താരം.


Click it and Unblock the Notifications