ഞങ്ങളുടെ വേർപിരിയൽ മകന്റെ സ്കൂൾ കാലത്തെ ബാധിച്ചു; മക്കളുടെ പ്രണയ ബന്ധത്തെക്കുറിച്ചും ബോണി കപൂർ
സിനിമാ ലോകത്തിന് മറക്കാൻ പറ്റാത്ത നടിയാണ് ശ്രീദേവി. അന്നും ഇന്നും ശ്രീദേവിക്ക് പ്രേക്ഷകരുടെ മനസിൽ സ്വപ്ന സുന്ദരിയായി നിലനിൽക്കുന്നു. വശ്യമായ സൗന്ദര്യവും അഭിനയ മികവും ഒരുപോലെ ലഭിച്ച ശ്രീദേവിക്ക് വളരെ പെട്ടെന്ന് കരിയറിൽ ശ്രദ്ധ നേടാൻ സാധിച്ചു. തെന്നിന്ത്യയിൽ വിജയഗാഥ തീർത്ത ശേഷമാണ് താരം ബോളിവുഡിലേക്ക് കടക്കുന്നത്. ഹിറ്റ് സിനിമകളുടെ ഒരു നിര തന്നെ ശ്രീദേവിക്ക് ബോളിവുഡിൽ ലഭിച്ചു.
കരിയറിലെ താരത്തിളക്കത്തിനൊപ്പം ശ്രീദേവിയുടെ വ്യക്തി ജീവിതം ഗോസിപ്പ് കോളങ്ങളിൽ വലിയ തോതിൽ ചർച്ചയായി. നിർമാതാവ് ബോണി കപൂറുമായുള്ള വിവാഹമാണ് ഇതിലേറ്റവും കൂടുതൽ ചർച്ചയായത്. ബോണി കപൂറുമായുള്ള ശ്രീദേവിയുടെ പ്രണയവും വിവാഹവും ബോളിവുഡിൽ വലിയ കോളിളക്കമുണ്ടാക്കി. ശ്രീദേവിക്കൊപ്പം ജീവിക്കാൻ വേണ്ടി ആദ്യ വിവാഹബന്ധം ബോണി കപൂർ ഉപേക്ഷിച്ചു, മോണ ശൗരി കപൂർ എന്നാണ് ബോണി കപൂറിന്റെ ആദ്യ ഭാര്യയുടെ പേര്.

ശ്രീദേവിയും ബോണിയുടെ മോണ ശൗരി കപൂറും നേരത്തെ സുഹൃത്തുക്കളായിരുന്നു. സുഹൃത്ത് തന്നെ തന്റെ കുടുംബം നശിപ്പിച്ചത് മോണ കപൂറിനെ ഏറെ ബാധിച്ചു. ബോണിയുമായുള്ള വിവാഹ ബന്ധം ഉപേക്ഷിക്കാൻ മോണ കപൂർ തയ്യാറായി. മക്കളായ അർജുൻ കപൂർ, അൻഷുള കപൂർ എന്നിവരെ ഈ പ്രശ്നങ്ങൾ ഏരെ ബാധിച്ചു.
ശ്രീദേവി കുടുംബ ജീവിതം കെട്ടിപ്പടുത്തപ്പോൾ തകർന്ന് പോയത് മോണയുടെ കുടുംബവും രണ്ട് മക്കളുടെ ബാല്യ കാലവുമാണ്. ഇതിന്റെ പേരിൽ അന്ന് ഏറെ കുറ്റപ്പെടുത്തലുകൾ ശ്രീദേവിക്ക് കേൾക്കേണ്ടി വന്നു. വിവാഹം കഴിക്കുന്നതിന് മുമ്പേ തന്നെ ശ്രീദേവി ഗർഭിണി ആയിരുന്നെന്നും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. മാനസികമായി തകർന്നെങ്കിലും മോണ കപൂർ മക്കളെ രണ്ട് പേരെയും ചേർത്ത് നിർത്തി. മകൻ അർജുൻ കപൂർ ബോണി കപൂറിൽ നിന്നും അകന്നു. ശ്രീദേവിയോട് അർജുന് അന്ന് അകൽച്ചയുണ്ടായിരുന്നു.

ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ബോണി കപൂറിപ്പോൾ. താനും മോണ കപൂറും പിരിഞ്ഞപ്പോൾ അർജുൻ കപൂറിന്റെ സ്കൂൾ പഠന കാലത്ത് ഇത് പ്രശ്നമായിരുന്നെന്ന് ബോണി കപൂർ പറയുന്നു. പിന്നീട് അമ്മയും മരിച്ചു. അവനത് വലിയ നഷ്ടമായി. അവൻ അതെല്ലാം ഉൾക്കൊള്ളുന്നു. ഇപ്പോഴും ശക്തനായി തുടരാനും പിടിച്ച് നിൽക്കാനുമുള്ള കഴിവുണ്ട്. അത് വലിയ ഗുണമാണെന്നും ബോണി കപൂർ വ്യക്തമാക്കി. മക്കളുടെ പ്രണയ ബന്ധങ്ങളെക്കുറിച്ചും ബോണി കപൂർ സംസാരിച്ചു.
അത് അവരുടെ സ്വകാര്യ ജീവിതമാണ്. എനിക്ക് അവരോട് ഒന്നോ രണ്ടോ തവണ സംസാരിക്കാനും അഭിപ്രായം പറയാനും പറ്റും. അവരോട് നമ്മൾ ചിന്തിക്കുന്നത് പോലെ ചിന്തിക്കണം എന്ന് പറയാൻ പറ്റില്ല. അവർക്ക് അവരുടേതായ മനസുണ്ട്. ഇന്നത്തെ ലോകവും പഴയ കാലവും വ്യത്യസ്തമാണെന്നും ബോണി കപൂർ ചൂണ്ടിക്കാട്ടി. നടിയും മോഡലുമായ മലൈക അറോറയാണ് അർജുൻ കപൂറിന്റെ കാമുകി. ജാൻവി കപൂർ, ഖുശി കപൂർ എന്നിവരാണ് ശ്രീദേവിക്കും ബോണി കപൂറിനും ജനിച്ച മക്കൾ.


Click it and Unblock the Notifications











