ബ്രറ്റ് ലീയുടെ ബോളിവുഡ് സിനിമ റിലീസിനൊരുങ്ങുന്നു
മുംബൈ: ലോക ക്രിക്കറ്റിലെ മികച്ച ബൗളര്‍മാര്‍ക്കിടയില്‍ സ്ഥാനം പിടിച്ച മുന്‍ ഓസ്‌ട്രേലിയന്‍ കളിക്കാരന്‍ ബ്രറ്റ് ലീ നായകനാകുന്ന സിനിമ റിലീസിന് തയ്യാറെടുക്കുന്നു. ചിത്രത്തില്‍ ബ്രറ്റ് ലീ അഭിനയിച്ച ഒരു ഡാന്‍സ് രംഗത്തിന്റെ ഫോട്ടോകളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു തുടങ്ങി.
ഷെര്‍വാണി ധരിച്ച് നായിക തനിഷ്ത ചാറ്റര്‍ജിയുടെ ഡാന്‍സ് വീക്ഷിക്കുന്ന രംഗങ്ങളാണ് പുറത്തുവന്നത്. ഹോളി ആഘോഷിക്കുന്ന ബ്രറ്റ് ലീയെയും ദൃശ്യങ്ങളില്‍ കാണാം. ഇന്തോ ഓസ്‌ട്രേലിയന്‍ സംയുക്ത സംരഭമായി ചിത്രീകരിക്കുന്ന അണ്‍ ഇന്ത്യന്‍ എന്ന സിനിമ സംവിധാനം ചെയ്യുന്നത് അനുപം ശര്‍മാണ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങിയതായാണ് വിവരം.

കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഓസ്‌ട്രേലിയക്കാരനായ യുവാവുമായി ഇന്ത്യന്‍ സ്ത്രീ പ്രണയത്തിലാകുന്നതാണ് സിനിമയുടെ ഇതിവൃത്തം. എട്ടുവയസുള്ള പെണ്‍കുട്ടിയുടെ അമ്മയായാണ് തനിഷ്ത സിനിമയില്‍ വേഷമിടുന്നത്. ഇതാദ്യമായാണ് ഒരു ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ബോളിവുഡ് ചിത്രത്തില്‍ നായകനാകുന്നത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ടും ചേര്‍ന്നായിരുന്നു സിനിമയുടെ പ്രഖ്യാപനം നടത്തിയത്. യൂ ആര്‍ ദി വണ്‍ ഫോര്‍ മീ എന്ന ഹിന്ദി ആല്‍ബത്തില്‍ ആശാ ബോസ്‌ലെയ്‌ക്കൊപ്പം ബ്രറ്റ് ലീ നേരത്തെ അഭിനയിച്ചിട്ടുണ്ട്. ക്രിക്കറ്റിന് ഏറെ പ്രചാരമുള്ള ഇന്ത്യയില്‍ ബ്രറ്റ്‌ലിയുടെ സിനിമയ്ക്ക് മികച്ച സ്വീകരണം ലഭിക്കുമെന്നാണ് അണിയറക്കാരുടെ കണക്കു കൂട്ടല്‍.


Click it and Unblock the Notifications