'ഒടുവിൽ ചെറുക്കൻ നല്ലൊരു വസ്ത്രം ധരിച്ചു..., വധു മുസ്ലീം വരൻ ഹിന്ദു വിവാഹം ക്രിസ്ത്യൻ രീതിയിൽ'; ഇറയും വരനും!
കഴിഞ്ഞ കുറച്ച് ദിവങ്ങളായി സോഷ്യൽമീഡിയ നിറയെ ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർഖാന്റെ മകൾ ഇറ ഖാന്റെ വിവാഹ വിശേഷങ്ങളാണ്. ഫിറ്റ്‌നെസ് ട്രെയിനറും ദീർഘകാല സുഹൃത്തുമായ നുപൂർ ശിഖരെയെയാണ് ഇറ ഖാൻ വിവാഹം ചെയ്തത്. മുംബൈയിലെ താജ് ലാൻഡ്‌സ് എൻഡ് ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം രജിസ്ട്രർ ചെയ്യുന്ന ചടങ്ങുകൾ നടന്നത്. ആമിറിന്റെ ആദ്യ ഭാര്യയായ റീന ദത്തയുടെയും രണ്ടാം ഭാര്യയായ കിരൺ റാവുവിന്റെയും കുടുംബങ്ങൾ ചടങ്ങിനെത്തിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ ഇറ്റലിയിലായിരുന്നു ഇറയും നുപൂറും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നവംബറിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത നിശ്ചയവിരുന്നും നടന്നു. വിവാഹത്തിന് മുന്നോടിയായി മുൻ ഭാര്യ റീന ദത്തയുടെ വസതിയിലെ ആഘോഷ പരിപാടികളുടെ ആമിറും ഭാഗമായിരുന്നു.

ആമിർ ഖാന്റെയും റീനയുടെയും വീടുകളിലെ ഒരുക്കങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രജിസ്റ്റർ വിവാഹത്തിനുശേഷമാണ് വിവാഹചടങ്ങുകൾ ആരംഭിച്ചത്. ആമിർ ഖാന്റേയും ആദ്യഭാര്യ റീന ദീത്തയുടേയും മകളാണ് ഇറ ഖാൻ. ജുനൈദ് ഖാൻ എന്നൊരു മകനും കൂടി ഇവർക്കുണ്ട്. പരമ്പരാഗത രീതിയിലുള്ള വിവാഹമായിരുന്നു ഇറയുടെയും നുപൂറിന്റെയും. കൂടാതെ നുപൂർ ശിഖരെയുടെ വീട്ടിൽ മഹാരാഷ്ട്രാ ആചാരപ്രകാരമുള്ള കേൾവൻ ആഘോഷങ്ങൾ നടന്നിരുന്നു.
പരിപാടിയിൽ ഇറയും പങ്കെടുത്തിരുന്നു. അതോടെ വിവാഹ ചടങ്ങുകൾ കഴിഞ്ഞുവെന്നാണ് ആരാധകർ കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞിരുന്നില്ല. മകൾ ആഗ്രഹിച്ചത് പോലൊരു സ്വപ്ന വിവാഹം രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചും ആമിർ നടത്തി. ഉദയ്പൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ വധുവും വരനും വിവാഹമോതിരം കൈമാറി.
ക്രിസ്ത്യൻ സ്റ്റൈലിൽ ഒരു റോയൽ വെഡ്ഡിങാണ് നടന്നത്. ഇറയ്ക്കും വരനുമായി പറുദീസപോലെയാണ് വിവാഹവേദി ആമിർ അണിയച്ചൊരുക്കിയത്. തൂവെള്ള ഗൗണിൽ അതീവ സുന്ദരിയായി പിതാവിനും മാതാവിനും ഒപ്പം നടന്നുവരുന്ന ഇറയുടെ ചിത്രങ്ങൾ വൈറലാണ്. ബിസ്ക്കറ്റ് നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു നുപൂറിന്റെ വേഷം.
മോതിരം പരസ്പരം വിരലിൽ അണിയിച്ച ശേഷം ഇരുവരും ചുംബിക്കുകയും ചെയ്തു. ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ആമിര്‍ ഖാന്‍ വികാരഭരിതനാവുന്നതും കണ്ണീര്‍ തുടയ്ക്കുന്നതും വൈറലാകുന്ന ദൃശ്യങ്ങളില്‍ കാണാം. തന്റെ മുന്‍ഭാര്യ റീന ദത്തയ്ക്കൊപ്പമിരുന്നാണ് ആമിര്‍ വിവാഹച്ചടങ്ങുകള്‍ നിരീക്ഷിച്ചത്. തന്റെ മകളുടെ വിവാഹത്തില്‍ താന്‍ അങ്ങേയറ്റം വികാരഭരിതനായേക്കുമെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ ആമിര്‍ പറഞ്ഞിരുന്നു.

അതേസമയം വധു മുസ്ലീമും വരൻ ഹിന്ദുവും ആയിരുന്നിട്ടും വിവാഹം ക്രിസ്ത്യൻ രീതിയിൽ നടത്തിയതിന് താര കുടുംബത്തെ ആരാധകർ അഭിനന്ദിക്കുന്നുണ്ട്. അതേസമയം ചിലർ വരൻ നുപൂറിനെ പരിഹസിച്ചും എത്തി. കാരണം മുംബൈയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ജോഗിങ് കഴിഞ്ഞ് അതേ വേഷത്തിലാണ് നുപൂർ എത്തിയത്.
മുംബൈയിലെ വിവാഹ ചടങ്ങിൽ ധരിച്ച വേഷത്തിന്റെ പേരിൽ ഇറയും ട്രോളിന് ഇരയായിരുന്നു. നല്ലൊരു സ്റ്റൈലിസ്റ്റിനെ വസ്ത്രം ഡിസൈൻ ചെയ്യാൻ ഏൽപ്പിക്കാമായിരുന്നില്ലേ... സിംപ്ലിസിറ്റി കാണിച്ച് കോമാളിയാകണോ എന്നായിരുന്നു കമന്റുകൾ. മകളുടെ ക്രിസ്ത്യൻ സ്റ്റൈൽ വെഡ്ഡിങിന് കറുത്ത കോട്ടും സ്യൂട്ടുമായിരുന്നു ആമിർ ഖാന്റെ വേഷം. വരനെക്കാൾ ചെറുപ്പമാണ് സ്യൂട്ട് ലുക്കിൽ ആമിറെന്നും കമന്റുകളുണ്ട്.
ഒടുവിൽ ചെറുക്കൻ നല്ലൊരു വസ്ത്രം ധരിച്ചു..., വരനെക്കാൾ സുന്ദരൻ അമ്മായിയച്ഛൻ, ഫ്രെയിമിലുള്ള ആരേക്കാളും സുന്ദരി വിവാഹം നിയന്ത്രിച്ച പുരോഹിതയാണ് എന്നിങ്ങനെയെല്ലാമാണ് കമന്റുകൾ. ഉദയ്പൂരിലെ താജ് ആരവല്ലി പാലസിൽ വെച്ച് നടന്ന വിവാഹത്തിൽ ആമീർ ഖാന്റെ മാതാവായ സീനത്തും പങ്കെടുത്തു. ഏഴ് വർഷത്തെ പ്രണയത്തിനുശേഷമാണ് ഇറ ഖാൻ നുപൂറിനെ വിവാഹം കഴിക്കുന്നത്.


Click it and Unblock the Notifications