അന്നത്തെ സർപ്രെെസ് വീണ്ടും ആവർത്തിക്കാൻ ഐശ്വര്യ? അഴകിന്റെ അവസാന വാക്ക് കാൻ ഫിലിം ഫെസ്റ്റിലേക്ക്
ഫാഷൻ രംഗത്തെ ഭീമൻമാർ മാറ്റുരയ്ക്കുന്ന വേദിയാണ് പാരീസിൽ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവൽ. ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ട സിനിമകളുടെ പ്രദർശമാണ് ഇവിടെ നടക്കാറെങ്കിലും അതിനേക്കാളുപരി ജനശ്രദ്ധ നേടുന്നത് കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപറ്റാണ്. കണ്ണഞ്ചിപ്പിക്കുന്ന ഈ ഫാഷൻ വേദി എല്ലാ വർഷവും ജനശ്രദ്ധ നേടാറുണ്ട്. ഇന്ത്യക്കാരെ സംബന്ധിച്ചും കാൻ ഫിലിം ഫെസ്റ്റിവൽ ശ്രദ്ധിക്കാനുള്ള പ്രധാന കാരണം ഐശ്വര്യ റായ് ആണ്.
അഴകിന്റെ അവസാന വാക്കായി അറിയപ്പെടുന്ന ഐശ്വര്യ വ്യത്യസ്തമായ ഫാഷൻ ചോയ്സുകളാൽ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. നീണ്ട 20 വർഷങ്ങളായി കാൻ ഫിലിം ഫെസ്റ്റിവലിലെ സാന്നിധ്യമാണ് ഐശ്വര്യ. ലോറിയൽ എന്ന ബ്രാൻഡിനെ നടി പ്രതിനിധീകരിക്കാറുണ്ട്. അന്നും ഇന്നും ഐശ്വര്യയുടെ റെഡ് കാർപറ്റിലേക്കുള്ള വരവ് വൻ ജനശ്രദ്ധ നേടാറുണ്ട്. ചില ലുക്കുകൾ പ്രശംസിക്കപ്പെടുമ്പോൾ ചിലത് വിമർശിക്കപ്പെടും. എന്നാൽ ഇതൊന്നും ഐശ്വര്യ കാര്യമാക്കാറില്ല.

മകൾ ആരാധ്യ പിറന്ന ശേഷം ഫെസ്റ്റിവലിന് ഐശ്വര്യ എത്തിയപ്പോഴാണ് ഏവരും അമ്പരന്നത്. മെലിഞ്ഞ് അതി സുന്ദരിയായി ക്യാമറക്കണ്ണുകൾക്ക് മുന്നിൽ തിളങ്ങിയിരുന്ന ഐശ്വര്യ വണ്ണം വെച്ചതായിരുന്നു ഇതിന് കാരണം. നടിക്കെതിരെ വ്യാപക ബോഡി ഷെയ്മിംഗ് വന്നു. എന്നാൽ അടുത്ത തവണയെത്തിയപ്പോൾ വിമർശകരുടെ വായടപ്പിക്കാൻ ഐശ്വര്യക്ക് കഴിഞ്ഞു. അത്രമാത്രം സ്റ്റെെലിഷായിരുന്നു ഐശ്വര്യയുടെ ലുക്ക്.
കഴിഞ്ഞ വർഷമാണ് ഐശ്വര്യക്ക് സമാനമായി മറ്റൊരു കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വന്നത്. ഐശ്വര്യയുടെ മുഖത്ത് വന്ന മാറ്റമായിരുന്നു ഇതിന് കാരണമായത്. നടി മുഖത്ത് ബോടോക്സ് കുത്തിവെപ്പെടുത്തെന്നും ഇത് സ്വാഭാവിക സൗന്ദര്യം ഇല്ലാതാക്കിയെന്നും വിമർശനമുയർന്നു.

നടിയുടെ ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിനായി കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ വർഷത്തെ ഐശ്വര്യയുടെ ലുക്കാണിപ്പോൾ ചർച്ചയാവുന്നത്. നാല് ലക്ഷം രൂപയുടെ പിങ്ക് സ്യൂട്ടാണ് കഴിഞ്ഞ വർഷം ഐശ്വര്യ ധരിച്ച വസ്ത്രങ്ങളിൽ പ്രധാന ഹൈലൈറ്റുകളിലൊന്ന്.
2002 ലാണ് കാൻ ഫിലിം ഫെസ്റ്റിവലിന് ആദ്യമായി ഐശ്വര്യ എത്തുന്നത്. തന്റെ ചിത്രമായ ദേവദാസിന്റെ പ്രദർശനത്തിനായിരുന്നു അത്. ഗോൾഡൻ കളറുള്ള സാരിയാണ് അന്ന് ഐശ്വര്യ ധരിച്ചത്. 2014 ലാണ് കണ്ണഞ്ചിക്കുന്ന സൗന്ദര്യത്തിൽ ഐശ്വര്യ റായ് കാൻ ഫെസ്റ്റിനെത്തിയത്. 2016 ലാണ് ഐശ്വര്യ തന്റെ ലുക്കിൽ വലിയൊരു പരീക്ഷണം നടത്തിയത്. അന്ന് ചുണ്ടിന് പർപിൾ കളറുള്ള ലിപ്സ്റ്റിക്കാണ് ഐശ്വര്യയുടെ സ്റ്റെെലിസ്റ്റ് കൊടുത്തത്.
ആദ്യ കാഴ്ചയിൽ ഒന്ന് അമ്പരന്നെങ്കിലും ഈ പുതുമ പ്രശംസിക്കപ്പെടുകയും ചെയ്തു. 2018 ലെ ലുക്കും വൻ ജനപ്രീതി നേടി. ആഗോള ഫാഷൻ രംഗത്ത് തന്നെ ഐശ്വര്യയുടെ റെഡ് കാർപറ്റ് ലുക്കുകൾ തരംഗമാവാറുണ്ട്. ഇപ്രാവശ്യം എന്ത് സ്റ്റെെലാണ് ഐശ്വര്യ കൊണ്ട് വരികയെന്ന് കാത്തിരിക്കുകയാണ് ആരാധകർ. 49ാം വയസ്സിലും സൗന്ദര്യത്തിന്റെ പേരിൽ ലോകത്ത് അറിയപ്പെടുന്ന ഒരു താരം വിനോദ മേഖലയിൽ തന്നെ അപൂർവ കാഴ്ചയാണ്.

ഇതിന്റെ സമ്മർദ്ദം ചെറുതായിരിക്കില്ലെന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. പൊന്നിയിൻ സെൽവൻ സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കെത്തിയപ്പോൾ ഐശ്വര്യക്ക് നേരെ വ്യാപക ബോഡി ഷെയ്മിംഗ് ഉണ്ടായി. നടി വണ്ണം വെച്ചെന്നും മുഖത്തെ സൗന്ദര്യം പോയെന്നുമായിരുന്നു ആക്ഷേപം. എന്നാൽ ഇതൊന്നും ഐശ്വര്യ കാര്യമാക്കാറില്ല. ഇതേക്കുറിച്ച് നടി ഇതുവരെ പ്രതികരിച്ചിട്ടുമില്ല. നന്ദിനി എന്ന കഥാപാത്രത്തെയാണ് പൊന്നിയിൻ സെൽവനിൽ ഐശ്വര്യ അവതരിപ്പിച്ചത്. സിനിമ വൻ ഹിറ്റായി. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ ചെയ്ത സിനിമയായിരുന്നു ഇത്.


Click it and Unblock the Notifications











