പാർട്ടിക്ക് വസ്ത്രങ്ങൾ തരും, പിറ്റേന്ന് തിരിച്ച് കൊടുക്കണം; തിരക്ക് പിടിച്ച് ഐശ്വര്യ വന്നത് ഇക്കാരണത്താൽ ?
പാർട്ടികളും ആഘോഷങ്ങളും ബോളിവുഡിനെ സംബന്ധിച്ച് പതിവാണ്. ഫാഷൻ ലോകവും സിനിമാ ലോകവുമെല്ലാം ഒത്തു ചേരുന്ന മുംബൈയിൽ സെലിബ്രിറ്റികളുടെ ആഘോഷരാവുകൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. പിറന്നാൾ ദിന പാർട്ടികൾ, സിനിമകളുടെ സക്സസ് മീറ്റുകൾ തുടങ്ങിയവയ്ക്കെല്ലാം ബി ടൗണിലെ പ്രമുഖ താരങ്ങളെത്തുന്നു. തെന്നിന്ത്യൻ സിനിമാ ലോകത്തേക്കാൾ ബോളിവുഡിലാണ് ഈ രീതി കൂടുതലും കാണാറ്. വെറുതെ പണം ചെലവഴിച്ച് ആഘോഷിക്കുകയെന്നത് മാത്രമല്ല ഇത്തരം പാർട്ടികൾ കൊണ്ടുദ്ദേശിക്കുന്നത്. ഒരു ആഘോഷരവാവിലൂടെ ഫാഷൻ ലോകത്തിനും ഡിസെെനർമാർക്കുമുണ്ടാകുന്ന ലാഭം ചെറുതല്ല.
തങ്ങളുടെ സ്റ്റെെൽ സ്റ്റേറ്റ്മെന്റിനുള്ള ഇടമായാണ് താരങ്ങൾ ആഘോഷങ്ങളെ കാണാറുള്ളത്. വസ്ത്രങ്ങൾക്കായി വലിയ തുകയും മുടക്കും. ഇവർ ഷൂട്ടിംഗിനും മറ്റുമുള്ള യാത്രകൾക്ക് എയർപോർട്ടിലെത്തുന്നത് പോലും വില കൂടിയ വസ്ത്രങ്ങൾ ധരിച്ചാണ്. ദീപിക പദുകോൺ, ആലിയ ഭട്ട് തുടങ്ങിയ താരങ്ങളുടെ എയർപോർട്ട് ലുക്ക് മിക്കപ്പോഴും ഫാഷൻ ലോകത്ത് ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഡിസൈനർ മനീഷ് മൽഹോത്ര നടത്തുന്ന ദീപാവലി പാർട്ടിയെക്കുറിച്ച് തുറന്ന് പറച്ചിൽ നടത്തിയിരിക്കുകയാണ് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറ ഖാൻ.

എല്ലാ വർഷവും ദീപാവലി പാർട്ടി നടത്തുന്നയാളാണ് മനീഷ് മൽഹോത്ര. ബി ടൗണിലെ വലിയ താര നിര പാർട്ടിയിൽ പങ്കെടുക്കാനെത്താറുണ്ട്. പാർട്ടിക്കെത്തുന്ന താരങ്ങൾ ധരിക്കുന്നത് മനീഷ് മൽഹോത്ര നൽകുന്ന വസ്ത്രങ്ങളാണെന്നും പിറ്റേന്ന് ഇവ ഇദ്ദേഹത്തിന് തന്നെ തിരിച്ച് കൊടുക്കുമെന്നുമാണ് ഫറ ഖാൻ പറയുന്നത്. പാർട്ടിക്ക് വരാം പക്ഷെ ഒരു ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്ത് തരുമോ എന്നാണ് എല്ലാവരും മനീഷിനോട് ചോദിക്കാറ്.
പക്ഷെ ഒരു തരത്തിൽ അത് മനീഷിന് ഗുണം ചെയ്യുന്നു. കാരണം അദ്ദേഹത്തിന്റെ ഡിസൈനുകൾ ആളുകൾക്ക് കാണാനാകുന്നു. എ ലിസ്റ്റ് താരങ്ങളുടെ ഫാഷൻ ഷോ പോലെയാണ് മനീഷ് മൽഹോത്രയുടെ പാർട്ടിയെന്നും ഫറ ഖാൻ ചൂണ്ടിക്കാട്ടി. ബോളിവുഡിൽ ഏറ്റവും വലി പിടിപ്പുള്ള ഫാഷൻ ഡിസൈനർമാരിൽ ഒരാളാണ് മനീഷ് മൽഹോത്ര. ഇത്തവണ ഇദ്ദേഹം നടത്തിയ ദീപാവലി പാർട്ടിക്ക് ഐശ്വര്യ റായ്, സോനം കപൂർ, രേഖ, ജാൻവി കപൂർ, അനന്യ പാണ്ഡെ ഉൾപ്പെടെയുള്ള താരങ്ങൾ പങ്കെടുത്തിരുന്നു.

ഇവരെല്ലാവരും അന്ന് ധരിച്ച് വസ്ത്രം മനീഷിന് തിരിച്ച് കൊടുത്തോ എന്നാണ് ആരാധകരുടെ ചോദ്യം. പ്രത്യേകിച്ചും ഐശ്വര്യ റായ്, അനന്യ തുടങ്ങിയവർ പാർട്ടിക്ക് ധരിച്ച വസ്ത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു. മനീഷിന്റെ പാർട്ടിയിൽ കുറച്ച് നേരം മാത്രമേ ഐശ്വര്യ നിന്നിട്ടുള്ളൂ. ഒറ്റയ്ക്ക് വന്ന നടി പെട്ടെന്ന് തിരിച്ച് പോകുകയായിരുന്നു.
മനീഷ് താൻ ഡിസെെൻ ചെയ്ത വസ്ത്രം നൽകിയത് കൊണ്ടുമാത്രം ഐശ്വര്യ പാർട്ടിയിൽ സാന്നിധ്യമറിയിച്ച് മടങ്ങുകയായിരുന്നോ എന്ന ചോദ്യം ആരാധകർക്കുണ്ട്. അതേസമയം മനീഷ് മൽഹോത്രയും ഐശ്വര്യ റായും അടുത്ത സുഹൃത്തുക്കളാണ്. അതേസമയം മനീഷ് മാത്രമല്ല ഇത്തരത്തിൽ പാർട്ടികൾ നടത്തി കരിയറിന് ഗുണമുണ്ടാക്കുന്നത്.
ബോളിവുഡിലെ പല ഇവന്റുകളും താരങ്ങൾ തങ്ങളുടെ പിആറിനുള്ള ഇടമായി കാണുന്ന സാഹചര്യമാണിന്ന്. മികച്ച സിനിമകൾ പ്രേക്ഷകർക്ക് നൽകിയിരുന്ന ബോളിവുഡ് ഇൻഡസ്ട്രിക്ക് ഇന്ന് താരങ്ങളുടെ നിറപ്പകിട്ട് മാത്രമേ കാണിക്കാനുള്ളൂ എന്ന വിമർശനം വരുന്നുണ്ട്. ചരിത്രത്തിലെ മോശം കാലഘട്ടത്തിലൂടെയാണ് ബോളിവുഡ് സിനിമാ മേഖല കടന്ന് പോകുന്നത്.


Click it and Unblock the Notifications











