ആഗ്രഹിക്കുമ്പോൾ അമ്മയായാൽ മതി; പ്രായത്തെ മറികടക്കാൻ എഗ് ഫ്രീസിംഗും; പുതുവഴി തേടിയവർ
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ സംബന്ധിച്ച് കരിയറിനൊപ്പം കുടുംബ ജീവിതവും മുന്നോട്ട് കൊണ്ടുപോവുക ശ്രമകരമാണ്. വിവാഹം, കുട്ടികളെ വളർത്തൽ തുടങ്ങിയ ഉത്തരവാദിത്വങ്ങളിലേക്ക് കടക്കുമ്പോൾ കരിയറിൽ നിന്ന് ഇടവേളയെടുക്കുന്നവരാണ് മിക്ക നടിമാരും. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കവെ കുടുംബ ജീവിതത്തിലേക്ക് കടക്കുകയും കരിയർ ഉപേക്ഷിക്കുകയും ചെയ്ത നിരവധി നടിമാരുണ്ട്.
എന്നാൽ സിനിമാ കരിയറിനെ ബാധിക്കാതെ സ്വന്തം ജീവിതം പടുത്തുയർത്ത സ്ത്രീകളുമുണ്ട്. 'വാടക ഗർഭധാരണം', 'എഗ് ഫ്രീസിംഗ്' അഥവാ 'അണ്ഡശീതീകരണം' എന്നീ മാർഗങ്ങൾ ഇപ്പോൾ സെലിബ്രറ്റികൾ സ്വീകരിക്കുന്നു. നടി പ്രിയങ്ക ചോപ്ര വർഷങ്ങൾക്ക് മുമ്പ് എഗ് ഫ്രീസിംഗ് ചെയ്തിരുന്നു എന്ന് അടുത്തിടെ തുറന്ന് പറയുകയുണ്ടായി. 39ാം വയസ്സിൽ വാടക ഗർഭധാരണം വഴിയാണ് പ്രിയങ്ക ചോപ്ര കുഞ്ഞിനെ സ്വീകരിച്ചത്.

മുപ്പതുകളുടെ തുടക്കത്തിൽ തന്നെ അണ്ഡശീതീകരണം ചെയ്തെന്നാണ് നടി വ്യക്തമാക്കിയത്. കുഞ്ഞ് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അന്ന് കരിയറിന്റെ തിരക്കുകളിലായിരുന്നു പ്രിയങ്ക. 36ാം വയസ്സിലാണ് പ്രിയങ്ക വിവാഹിതയാവുന്നത്. 39ാം വയസ്സിൽ അമ്മയുമായി.
കുഞ്ഞ് വേണമെന്ന് ഉറപ്പില്ലാത്ത സ്ത്രീകൾക്കും കരിയറിൽ തിരക്കുകളുള്ള സ്ത്രീകൾക്കും എഗ് ഫ്രീസിംഗ് എന്ന മാർഗം ഉപയോഗപ്പെടുത്താമെന്ന് പ്രിയങ്ക ചോപ്ര അഭിപ്രായപ്പെടുകയും ചെയ്തു. പ്രിയങ്ക ചോപ്രയെ പോലെ മറ്റ് താരങ്ങളും ഈ മാർഗം സ്വീകരിച്ചിട്ടുണ്ട്. നിർമാതാവ് ഏക്താ കപൂറാണ് ഇതിലൊരാൾ. 36ാം വയസ്സിലാണ് ഏക്താ കപൂർ എഗ് ഫ്രീസ് ചെയ്യുന്നത്. 2019 ൽ വാടകഗർഭധാരണം വഴി ഏക്ത അമ്മയുമായി.
39ാം വയസ്സിൽ നടി തനീഷ മുഖർജിയും എഗ് ഫ്രീസിംഗ് മാർഗം സ്വീകരിച്ചു. 33ാം വയസ്സിൽ തനിക്ക് എഗ് ഫ്രീസ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഡോക്ടർ പിന്തിരിപ്പിച്ചെന്ന് തനീഷ തുറന്ന് പറഞ്ഞു. ഈ പ്രായത്തിൽ എഗ് ഫ്രീസ് ചെയ്യുന്നത് ശരീരത്തെ ബാധിക്കും. ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ പറ്റില്ലെന്ന ഘട്ടത്തിൽ മാത്രം അതേക്കുറിച്ച് ആലോചിച്ചാൽ മതിയെന്ന് ഡോക്ടർ നിർദ്ദേശിച്ചതായും അന്ന് തനീഷ തുറന്ന് പറഞ്ഞു.

വിവാദ ബോളിവുഡ് താരം രാഖി സവന്ദ് 42ാം വയസ്സിലാണ് എഗ് ഫ്രീസ് ചെയ്തത്. ബിഗ് ഹോസ് ഷോയിൽ മത്സരാർത്ഥിയായെത്തിയപ്പോഴാണ് രാഖി സവന്ദ് ഇക്കാര്യം തുറന്ന് പറഞ്ഞത്. സിംഗിൾ മദറാവാൻ തനിക്ക് താൽപര്യമില്ല. എന്റെ കുഞ്ഞിന് അച്ഛൻ വേണം. എപ്പോഴാണ് അത് സംഭവിക്കുകയെന്ന് അറിയില്ല. എഗ് ഫ്രീസിംഗ് ചെയ്തതിനാൽ തന്റെ ആഗ്രഹം നടക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും രാഖി സവന്ദ് അന്ന് തുറന്ന് പറഞ്ഞു. അടുത്തിടെയാണ് ഭർത്താവ് ആദിൽ ഖാനുമായി രാഖി സവന്ദ് പിരിഞ്ഞത്.
മുൻ മിസ് വേൾഡും നടിയുമായ ഡയാന ഹെയ്ഡനും എഗ് ഫ്രീസിംഗിലൂടെ വഴി തനിക്കിഷ്ടമുള്ള പ്രായത്തിൽ അമ്മയാകാനായി. 31ാം വയസ്സിൽ എഗ് ഫ്രീസ് ചെയ്ത ഡയാന വർഷങ്ങൾക്കിപ്പുറമാണ് അമ്മയാവുന്നത്.അമേരിക്കയിലെ ബിസിനസുകാരനായ കോളിൻ ഡികിനെയാണ് ഡയാന വിവാഹം ചെയ്തത്. ഇരുവർക്കും മൂന്ന് കുട്ടികളും പിറന്നു.
നടൻ രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനിയും എഗ് ഫ്രീസിംഗ് മാർഗം സ്വീകരിച്ചു. വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷമാണ് കുഞ്ഞ് വേണമെന്ന് ഉപാസന തീരുമാനിക്കുന്നത്. താര പത്നിയിപ്പോൾ ഗർഭിണിയാണ്. അതേസമയം എഗ് ഫ്രീസിംഗ് അത്ര എളുപ്പമല്ല. വലിയ തുക ഇതിനായി ചെലവാകും. എഗ് ഫ്രീസിംഗിന് മുമ്പായുള്ള കുത്തിവെപ്പുകൾ എടുക്കുന്ന ഘട്ടത്തിൽ ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം.


Click it and Unblock the Notifications