എവിടെയെന്ന് പോലും അറിയില്ല; അനുഷ്കയെ പോലെ മക്കളെ ഒളിപ്പിച്ച് വെക്കുമോ; ദീപികയുടെ തീരുമാനം
ആദ്യത്തെ കുഞ്ഞിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ദീപിക പദുകോണും രൺവീർ സിംഗും. 2018 ൽ വിവാഹിതരായ ഇരുവർക്കും വിവാഹം കഴിഞ്ഞ് ആറ് വർഷങ്ങൾക്ക് ശേഷമാണ് കുഞ്ഞ് പിറക്കാൻ പോകുന്നത്. കരിയറിലെ തിരക്കുകളിലായിരുന്ന ഇരുവരും ഇപ്പോഴാണ് അച്ഛനമ്മമാരാകാൻ തീരുമാനിച്ചത്. ബോളിവുഡിൽ ഇപ്പോൾ ഏറ്റവും താരമൂല്യമുള്ള നടിയാണ് ദീപിക പദുകോൺ. റിലീസുകളുടെ ഒരു നിര തന്നെ ഈ രണ്ട് വർഷങ്ങളിൽ ദീപികയ്ക്കുണ്ടായി. വിവാഹം കഴിഞ്ഞ നാൾ മുതൽ താരങ്ങളോട് കുഞ്ഞിനെക്കുറിച്ചുള്ള ചോദ്യങ്ങൾ വരുന്നുണ്ട്.
എന്നാൽ രണ്ട് പേരും ഇതൊന്നും കാര്യമാക്കിയില്ല. ദീപിക ഗർഭിണിയാണെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചില അധിക്ഷേപങ്ങളും നടിക്ക് കേൾക്കേണ്ടി വന്നു. ദീപിക യഥാർത്ഥത്തിൽ ഗർഭിണിയല്ലെന്നും വാടക ഗർഭധാരണം വഴിയാണ് കുഞ്ഞിനെ സ്വീകരിക്കുന്നത് എന്ന് വരെ വാദങ്ങൾ വന്നു. എന്നാൽ താരം ഇതേക്കുറിച്ചൊന്നും പ്രതികരിച്ചില്ല. കുറച്ച് കാലമായി തന്നെക്കുറിച്ച് വരുന്ന ഗോസിപ്പുകളെ ദീപിക അവഗണിക്കാറാണ് പതിവ്.

ഇപ്പോഴിതാ കുഞ്ഞിന്റെ കാര്യത്തിൽ ദീപികയും രൺവീർ സിംഗും എടുത്ത ചില തീരുമാനങ്ങളെക്കുറിച്ചുള്ള വിവരമാണ് പുറത്ത് വരുന്നത്. പാപ്പരാസി ക്യാമറകൾക്ക് മുന്നിലാണ് പൊതുവിടങ്ങളിൽ മിക്കപ്പോഴും ബോളിവുഡ് താരങ്ങൾ. താരങ്ങളുടെ മക്കളും ചെറുപ്രായത്തിൽ തന്നെ ലൈം ലൈറ്റിൽ എത്തുന്നു. എന്നാൽ ചില താരങ്ങൾ മക്കളുടെ സ്വകാര്യത കണക്കിലെടുത്ത് പാപ്പരാസികൾക്ക് മുന്നിൽ നിന്നും മക്കളെ മാറ്റി നിർത്തുന്നു. സോഷ്യൽ മീഡിയയിൽ മക്കളുടെ ഫോട്ടോ പോലും ഇവർ പങ്കുവെക്കാറില്ല.
ദീപികയും രൺവീറും ഇക്കാര്യത്തിൽ എന്ത് തീരുമാനമെടുക്കുമെന്നാണ് ആരാധകരുടെ ചോദ്യം. ഇതേക്കുറിച്ചുള്ള വിവരമാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കുഞ്ഞിന്റെ ഫോട്ടോ താര ദമ്പതികൾ പുറത്ത് വിടുമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. രണ്ട് പേരും അവരുടെ സന്തോഷങ്ങളും ദുഖങ്ങളും തുറന്ന് പങ്കുവെച്ചിട്ടുണ്ട്. അവർ തുറന്ന് സംസാരിക്കുന്നവരാണ്. സോഷ്യൽ മീഡിയയിൽ ആക്ടീവാണ്.
കുഞ്ഞ് പിറന്ന് ആദ്യത്തെ കുറച്ച് ദിവസങ്ങൾക്ക് ശേഷം കുഞ്ഞിന്റെ മുഖം ആരാധകരിൽ നിന്നും മീഡിയയിൽ നിന്നും പാപ്പരാസികളിൽ നിന്നും മറച്ച് വെച്ചേക്കില്ലെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. മക്കളുടെ ഫോട്ടോ ഇതുവരെയും പുറത്ത് വിടാത്ത താര ദമ്പതികൾ ബോളിവുഡിലുണ്ട്. നടി അനുഷ്ക ശർമ ഇതിനുദാഹരണമാണ്. രണ്ട് കുട്ടികളുടെ അമ്മയായ അനുഷ്ക ഇതുവരെയും മക്കളുടെ ഫോട്ടോ പുറത്ത് വിട്ടിട്ടില്ല.
അനുഷ്കയുടെ ഭർത്താവ് ക്രിക്കറ്റ് താരം വിരാട് കോലിക്ക് ലോകമൊട്ടുക്കും വലിയ ആരാധകരുണ്ട്. താരത്തിന്റെ കുഞ്ഞിന്റെ മുഖം കാണാൻ ആഗ്രഹിക്കുന്ന ആരാധകരും ഏറെയാണ്. എന്നാൽ കുഞ്ഞിന്റെ ഫോട്ടോ പുറത്ത് വിട്ടാൽ നിയമനടപടി സ്വീകരിക്കുമെന്നാണ് മീഡിയകൾക്ക് അനുഷ്കയുടെയും കോലിയുടെയും മുന്നറിയിപ്പ്. വാമിക, അകായ് എന്നിങ്ങനെയാണ് അനുഷ്കയുടെ മക്കളുടെ പേര്.

2021 ലാണ് മൂത്ത മകൾ വാമിക ജനിച്ചത്. ഈ വർഷമാണ് മകൻ അകായ് ജനിച്ചത്. സിനിമാ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് അനുഷ്ക. അനുഷ്കയുടെ മകളെക്കുറിച്ചുള്ള ഒരു വിവരവും ബോളിവുഡ് മാധ്യമങ്ങൾക്ക് ലഭിക്കാറില്ല. കരീന കപൂർ, ഐശ്വര്യ റായ് തുടങ്ങിയവരുടെ മക്കൾ ഏത് സ്കൂളിലാണ് പഠിക്കുന്നതെന്ന് വരെ ആരാധകർക്ക് അറിയാം. എന്നാൽ അനുഷ്കയും മക്കളും ഇന്ന് ഇന്ത്യയിലുണ്ടോ എന്ന് പോലും വ്യക്തമല്ല. താരം കുടുംബത്തോടൊപ്പം വിദേശത്തേക്ക് താമസം മാറുകയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു.


Click it and Unblock the Notifications