ദീപിക പദുക്കോണാണ് എന്റെ 'സ്റ്റൈല്‍ ഐക്കണ്‍'; തുറന്നുപറഞ്ഞ് ആലിയ ഭട്ട്
ബോളിവുഡിലെ മുന്‍നിര നായികമാരില്‍ മുന്‍പന്തിയിലാണ് ആലിയ ഭട്ടിന്റെ സ്ഥാനം. അടുത്തിടെ ഇറങ്ങിയ ഗംഗുഭായി കത്തിയവാഡി എന്ന ചിത്രം ആലിയയുടെ കരിയറിന് വലിയ മൈലേജാണ് നല്‍കിയിരിക്കുന്നത്. അഭിനയത്തിന്റെ പുത്തന്‍വഴികള്‍ താണ്ടി വിമര്‍ശകരെ പോലും അമ്പരപ്പിച്ച പ്രകടനമായിരുന്നു ആലിയ ഈ ചിത്രത്തില്‍ കാഴ്ച വെച്ചത്.
കഴിഞ്ഞ ഏപ്രില്‍ 14-നായിരുന്നു രണ്‍ബീര്‍ കപൂറുമായുള്ള ആലിയയുടെ വിവാഹം. സിനിമാതിരഞ്ഞെടുപ്പുകള്‍ പോലെ ജീവിതത്തിലെ നല്ല തിരഞ്ഞെടുപ്പുകളും ആലിയയെ ബോളിവുഡിന്റെ താരറാണിയാക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.

രണ്‍ബീറിന്റെ മുന്‍കാല ബന്ധങ്ങളെ വളരെ വിശാലമായി നോക്കിക്കണ്ട വ്യക്തിയാണ് ആലിയ ഭട്ട്. രണ്‍ബീറിന്റെ ആദ്യകാല കാമുകി ദീപിക പദുക്കോണ്‍ ആലിയയുടെ അടുത്ത സുഹൃത്ത് കൂടിയാണ്. രണ്‍ബീറുമായുള്ള ബ്രേക്കപ്പിന്റെ പേരില്‍ ആലിയയ്ക്ക് ദീപികയോട് ഒരു നീരസവും ഇതുവരെ തോന്നിയിട്ടില്ല. അത് തെളിയിക്കുന്ന ഒരു സംഭവം ചൂണ്ടിക്കാണിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.
ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ആലിയയുടെ ഫാഷന്‍ മാതൃകയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന് ഒട്ടും ആലോചിക്കാന്‍ സമയമെടുക്കാതെ ദീപിക പദുക്കോണെന്ന് ഉത്തരം നല്‍കുകയായിരുന്നു ആലിയ. ദീപികയുടെ ഫാഷന്‍ സെന്‍സിനെക്കുറിച്ചും സ്റ്റൈലിനെക്കുറിച്ചും ആലിയയ്ക്ക് വലിയ വലിയ മതിപ്പാണ്. ദീപികയ്ക്കു പുറമേ കരീന കപൂര്‍, സോനം കപൂര്‍, ആനി ഹാത്‌വേ, ആഞ്ജലീന ജോളി എന്നിവരുടെ വസ്ത്രധാരണത്തെയും ഫാഷന്‍ സെന്‍സിനെയും പിന്തുടരുന്നുണ്ടെന്ന് ആലിയ പറയുന്നു.

ഇതാദ്യമായല്ല ദീപിക പദുക്കോണിനെ പുകഴ്ത്തി ആലിയ രംഗത്തെത്തുന്നത്. മുന്‍പും പല തവണ പരസ്യമായി ദീപികയോടുള്ള സ്‌നേഹവും ബഹുമാനവും ആലിയ പ്രകടിപ്പിച്ചിട്ടുണ്ട്.
തന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കുകളിലാണ് ഇപ്പോള്‍ ആലിയ ഭട്ട്. ടോം ഹാര്‍പ്പര്‍ സംവിധാനം ചെയ്യുന്ന ഹാര്‍ട്ട് ഓഫ് സ്‌റ്റോണ്‍ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ചിത്രീകരണത്തിനായി അടുത്തിടെ ആലിയ വിദേശത്തേക്ക് പോയിരുന്നു.


Click it and Unblock the Notifications