അന്ന് ആ വിവാഹവാര്‍ത്ത അറിഞ്ഞ് പൊട്ടിക്കരയുകയായിരുന്നു; അച്ഛന്റെ ക്രഷ് ആരെന്ന് വെളിപ്പെടുത്തി ദീപിക പദുക്കോണ്‍
ബോളിവുഡിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളാണ് മാധുരി ദീക്ഷിത്. തന്റെ അഭിനയമികവിലൂടെയും നൃത്തച്ചുവടുകളിലൂടെയും സിനിമാസ്വാദകരുടെ കണ്ണും കരളും കവര്‍ന്ന നടിയാണ് മാധുരി. ഒട്ടനേകം പുരസ്‌കാരങ്ങളും ഇക്കാലയളവില്‍ മാധുരിയെത്തേടിയെത്തി. ഒടുവില്‍ പത്മശ്രീ പുരസ്‌കാരവും മാധുരിക്ക് ലഭിച്ചു.
എണ്‍പതുകളിലും തൊണ്ണൂറുകളിലും യുവജനങ്ങളുടെ ഹൃദയഭാജനമായിരുന്നു മാധുരി. ഇക്കാലയളവില്‍ പുറത്തിറങ്ങിയ ബോളിവുഡിലെ റൊമാന്റിക് ചിത്രങ്ങളെ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. വിവാഹശേഷം അഭിനയത്തിന് ഇടവേള നല്‍കിയെങ്കിലും മാധുരി ദീക്ഷിത് ഇടയ്ക്കിടെയെങ്കിലും ബോളിവുഡില്‍ മുഖം കാണിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ദി ഫെയിം ഗെയിം എന്ന വെബ് സീരീസിലൂടെ സിനിമയില്‍ വീണ്ടും സജീവമാവുകയാണ് താരം.

തൊണ്ണൂറുകളില്‍ ബോളിവുഡിനെ നിയന്ത്രിച്ചത് പോലും മാധുരിയെന്ന് വേണമെങ്കില്‍ പറയാം. മാധുരിയെ ആരാധിക്കാത്ത യുവാക്കള്‍ അക്കാലത്ത് കുറവായിരുന്നു. മുന്‍ ബാഡ്മിന്റണ്‍ ഇതിഹാസവും നടി ദീപിക പദുക്കോണിന്റെ പിതാവുമായ പ്രകാശ് പദുക്കോണും മാധുരിയുടെ വലിയ ആരാധകനായിരുന്നു. തന്റെ അച്ഛന് മാധുരിയോടുണ്ടായിരുന്ന ആരാധനയെക്കുറിച്ച് ദീപിക പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ മാധുരി ദീക്ഷിത് കൂടി ഇരിക്കുന്ന ഒരു വേദിയില്‍ വെച്ച് ദീപിക തന്റെ അച്ഛനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു.
"സത്യത്തില്‍ എന്റെ അച്ഛനാണ് നിങ്ങളോട് ഏറ്റവും വലിയ ക്രഷ് ഉണ്ടായിരുന്നത്. ഇന്ന് മാധുരിക്കൊപ്പമാണ് അഭിമുഖത്തില്‍ പങ്കെടുക്കുന്നത് എന്ന കാര്യം ഞാന്‍ രാവിലെയാണ് അദ്ദേഹത്തോട് പറഞ്ഞത്. അച്ഛന് എന്റെ കൂടെ വരാന്‍ താത്പര്യമുണ്ടോ എന്ന് ഞാന്‍ ചോദിച്ചിരുന്നു. അച്ഛന്‍ അപ്പോള്‍ തന്നെ ഇല്ല എന്നു ഒഴിഞ്ഞു മാറുകയായിരുന്നു.

ബാഡ്മിന്റണ്‍, കുട്ടികള്‍, ഭാര്യ ഇതൊക്കെയാണ് അദ്ദേഹത്തിന്റെ ലോകമെന്നാണ് ഞങ്ങള്‍ ആദ്യം മനസ്സിലാക്കിയിരുന്നത്. പക്ഷെ, പിന്നീടല്ലേ മറ്റൊരു കാര്യം പുറത്തുവന്നത്. മാധുരിയുടെ വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്തയറിഞ്ഞ് അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ഹൃദയം തകര്‍ന്ന് പോവുകയായിരുന്നു. വിഷമം താങ്ങാനാകാതെ അദ്ദേഹം കുളിമുറിയില്‍ കയറി മണിക്കൂറുകളോളം കതകടച്ചിരുന്നു. ഏറെ നേരം കഴിഞ്ഞാണ് ഇറങ്ങിവന്നത്. ഇറങ്ങിവന്നപ്പോഴുള്ള കാഴ്ച ഒന്നു കാണേണ്ടതായിരുന്നു.
കരഞ്ഞ് കലങ്ങി വീര്‍ത്ത രണ്ട് കണ്ണുമായി ഇറങ്ങിവന്ന അച്ഛന്റെ മുഖം ഞങ്ങള്‍ക്ക് ഇന്നും ഓര്‍മ്മയുണ്ട്. അമ്മ ഇതുകണ്ട് എന്തുപറ്റി എന്നൊക്കെ ചോദിച്ച് പിന്നാലെ വിഷമിച്ച് നടക്കുന്നതും കണ്ടു. പക്ഷെ, ഈ സംഭവം ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്കിടയില്‍ പില്‍ക്കാലത്ത് പറഞ്ഞുചിരിക്കാന്‍ വലിയൊരു തമാശയ്ക്ക് വക നല്‍കുന്നതായിരുന്നു." ദീപിക പദുക്കോണ്‍ പറയുന്നു.


Click it and Unblock the Notifications