ഓപ്പൺ റിലേഷനായിരുന്നു; രൺവീറുള്ളപ്പോൾ മറ്റുള്ളവരുമായി ഡേറ്റിംഗ്; തുറന്ന് പറഞ്ഞ് ദീപിക പദുകോൺ
ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് ദീപിക പദുകോണും രൺവീർ സിംഗും. ഒരുപിടി ഹിറ്റ് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച രണ്ട് പേരും ജീവിതത്തിലും ഒരുമിച്ചപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചു. രാം ലീല എന്ന സിനിമയിലാണ് ദീപിക രൺവീറിനൊപ്പം ആദ്യമായി അഭിനയിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗിനിടെയാണ് രണ്ട് പേരും അടുത്തത്. 2018 ലായിരുന്നു വിവാഹം. വിദേശത്ത് വെച്ച് വിവാഹ ചടങ്ങ് നടത്തിയ താരങ്ങൾ മുംബെെയിൽ റിസപ്ഷനും വെച്ചു. ബോളിവുഡിലെ വൻതാര നിര വിവാഹസത്കാരത്തിൽ പങ്കെടുത്തു.
പ്രണയകാലത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് രൺവീറും ദീപികയുമിപ്പോൾ. ഡേറ്റിംഗിന്റെ തുടക്ക നാളുകളിൽ കമ്മിറ്റഡായ ബന്ധമായിരുന്നില്ല തങ്ങളുടേതെന്ന് ദീപിക വ്യക്തമാക്കി. കോഫി വിത്ത് കരണിൽ സംസാരിക്കുകയായിരുന്നു താരങ്ങൾ. കുറച്ച് നാളത്തേക്ക് എനിക്ക് സിംഗിളായിരിക്കണമായിരുന്നു. കാരണം ബുദ്ധിമുട്ടുള്ള ബന്ധങ്ങളിൽ നിന്ന് ഞാൻ പുറത്ത് വന്നതാണ്.

ആരുമായും അടുക്കാനോ കമ്മിറ്റാകാനോ താൽപര്യമില്ലാത്ത ഘട്ടത്തിലൂടെയാണ് ഞാൻ പോയിക്കൊണ്ടിരുന്നത്. ഇതിനിടെ രൺവീർ കടന്ന് വന്നു. അവൻ പ്രൊപ്പോസ് ചെയ്യുന്നത് വരെ ഞാൻ കമ്മിറ്റഡായില്ല. മറ്റുള്ളവരെ ഡേറ്റ് ചെയ്തെങ്കിലും വീണ്ടും ഞങ്ങൾ ഒരുമിച്ചെത്തി.
ഞാൻ മറ്റ് ചിലരെ കണ്ടിട്ടുണ്ട്. പക്ഷെ അവരോടൊന്നും എനിക്ക് താൽപര്യമോ ആവേശമോ തോന്നിയില്ല. എന്റെ മനസിൽ ഞാൻ രൺവീറുമായി കമ്മിറ്റഡായി. മറ്റുള്ളവരെ കാണുമ്പോഴും മനസിൽ താൻ രൺവീറിനടുത്തേക്ക് തിരിച്ച് പോകണമെന്നാണ് ചിന്തിച്ചതെന്നും ദീപിക പദുകോൺ വ്യക്തമാക്കി. ആരെയൊക്കെയാണ് ദീപിക ഡേറ്റ് ചെയ്തതെന്ന് ഷോയുടെ അവതാരകനായ കരൺ ജോഹർ ചോദിച്ചു. എന്നാൽ ദീപിക ആരുടെയും പേര് പറഞ്ഞില്ല.

എന്നാൽ ആരൊക്കെയാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്ന് രൺവീർ സിംഗ് പറഞ്ഞു.താരങ്ങളുടെ തുറന്ന് പറച്ചിൽ ഇതിനകം ചർച്ചയായിട്ടുണ്ട്. ഒരു വിഭാഗം ദീപികയുടെ സത്യസന്ധതയെ അഭിനന്ദിച്ചെങ്കിലും മറ്റ് ചിലർ വിമർശനവുമായെത്തി. ടോക്സിക്കായ ബന്ധമാണിതെന്നാണ് വിമർശകരുടെ വാദം. ഷോയിൽ വിവാഹ ജീവിതം മുന്നോട്ട് പോകുന്നതിനെക്കുറിച്ചും ദീപിക പദുകോൺ സംസാരിക്കുന്നുണ്ട്. വിവാഹ ജീവിതം വിജയിക്കാൻ നമ്മുടേതായ ശ്രമങ്ങൾ ഉണ്ടാകണമെന്ന് ദീപിക വ്യക്തമാക്കി.
രൺവീറും താനും വ്യത്യസ്തമായ ചുറ്റുപാടുകളിൽ വളർന്നവരാണ്. ഞങ്ങൾ തമ്മിൽ വഴക്കുകൾ ഉണ്ടാകാറുണ്ട്. മോശം ദിവസങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ പരസ്പരം സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ കഴിയുന്നുണ്ടെന്നും ദീപിക പദുകോൺ വ്യക്തമാക്കി.
എല്ലാ ദിവസവും രാവിലെ സൂര്യ പ്രകാശത്തിൽ ഉണരുന്നതും ഹെയ് ബേബി, കോഫി തയ്യാറായി എന്നൊരാൾ പറയുന്നതുമാണ് വിവാഹ ജീവിതമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അങ്ങനെയല്ല. പക്ഷെ അതുപോലെയുള്ള ദിവസങ്ങൾ തീർച്ചയായും ഉണ്ടാകുമെന്നും ദീപിക പദുകോൺ ചൂണ്ടിക്കാട്ടി.
കരിയറിലെ തിരക്കുകളിലാണ് രൺവീറും ദീപികയുമിപ്പോൾ. ബോളിവുഡിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള നടി ദീപികയാണ്. നടിയുടെ സിനിമകൾ തുടരെ റിലീസ് ചെയ്ത് കൊണ്ടിരിക്കുകയാണ്. പഥാൻ, ജവാൻ എന്നീ സിനിമകൾക്ക് ശേഷം ഫൈറ്റർ, കൽക്കി എഡി 2898 ആണ് നടിയുടെ റിലീസിനൊരുങ്ങുന്ന പ്രൊജക്ടുകൾ. റോക്കി ഓർ റാണി കി പ്രേം കഹാനിയാണ് രൺവീറിന്റെ ഒടുവിൽ റിലീസ് ചെയ്ത സിനിമ.


Click it and Unblock the Notifications