ഗർഭകാലം പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു; മകൾക്ക് പേരിടാൻ വൈകിയതിന്റെ കാരണം ഇത്: ദീപിക പറയുന്നു
ബോളിവുഡിന്റെ താര റാണി ദീപിക പദുകോൺ സിനിമയിൽ നിന്നും ഉള്ള ഒരു ചെറിയ ഇടവേള ആസ്വദിക്കുകയാണ്. മകൾ ദുവയുടെ ജനനത്തിന് ശേഷം ദീപികയും, ഭർത്താവും പ്രശസ്ത നടനുമായ രൺവീർ സിങ്ങും കൂടുതൽ സമയം മാറ്റി വയ്ക്കുന്നത് കുഞ്ഞിനോടൊപ്പം ചെലവഴിക്കാനാണ്. ഇതിനായി ഏറ്റെടുക്കുന്ന സിനിമകളുടെ എണ്ണം കുറക്കാൻ തീരുമാനിച്ചിരിക്കുകയാണ് താര ദമ്പതികൾ. എന്നാൽ, ഈയിടെ മേരി ക്ലെയറിനു നൽകിയ അഭിമുഖത്തിൽ അതീവ ശ്രദ്ധ കുഞ്ഞിന് മാത്രം പോര, അമ്മയ്ക്ക് കൂടി ആവശ്യമാണെന്ന് ദീപിക തുറന്ന് പറഞ്ഞിരിക്കുകയാണ്. മകൾക്ക് പേരിടാൻ വൈകിയതിന്റെ കാരണവും നടി വെളിപ്പെടുത്തി.
കഠിനമായ ഗർഭകാലം തരണം ചെയ്തത് ഇങ്ങനെ: ദീപിക പറയുന്നു
മേരി ക്ലെയറിനു നൽകിയ പുതിയ അഭിമുഖത്തിൽ തന്റെ അതി കഠിനമായിരുന്ന ഗർഭകാലത്തെ കുറിച്ച് ദീപിക പദുകോൺ വെളിപ്പെടുത്തി. പ്രത്യേകിച്ച്, അവസാനത്തെ രണ്ടു മാസങ്ങൾ വളരെയധികം പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. ഒരു പതിറ്റാണ്ടായി ഡിപ്രെഷൻ നേരിടുന്ന നടി, മനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എന്നും തുറന്ന് സംസാരിച്ചിട്ടുള്ള കൂട്ടത്തിലാണ്. മാതൃത്വത്തെ കുറിച്ചും അതിനോടൊപ്പം സംഭവിക്കുന്ന പോസ്റ്റ്-പാർട്ടം പ്രശ്നങ്ങളെ കുറിച്ചും നല്ല ധാരണ ഉള്ളതിനാൽ ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടു വീഴ്ചക്കും തയ്യാറായിരുന്നില്ല എന്ന് ദീപിക പറയുന്നു.

ശരീരത്തിൽ കൃത്യമായ അളവിൽ ജലാംശം നിലനിർത്തുക എന്നതാണ് അതിനായി പ്രധാനമായി നടി പിന്തുടർന്ന് വന്നത്. ഓരോ ദിവസവും കുറഞ്ഞത് 3 ലിറ്റർ വെള്ളം കുടിച്ചിരുന്നു. അത് കൃത്യമായ ഇടവേളകളിൽ തന്നെ ഓർമപ്പെടുത്താൻ തന്റെ ടീം അംഗങ്ങളെയും കുടുംബത്തെയും നടി ചുമതലപ്പെടുത്തിയിരുന്നു. കൃത്യമായി വെള്ളം കുടിക്കാത്ത ദിവസങ്ങളിൽ രാത്രി ഉറക്കത്തിന് മുൻപേ ആ കുറവ് പരിഹരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ചെറിയ കാര്യമെന്ന് തോന്നുമെങ്കിലും, ഈ ചിട്ട വലിയ തോതിൽ ആരോഗ്യത്തിന് ഗുണം ചെയ്തു. ഒപ്പം തന്നെ കൃത്യമായ യോഗ അഭ്യാസവും, ചെറിയ വ്യായാമങ്ങളും ചെയ്തിരുന്നു. കുടുംബത്തിന്റെയും, സുഹൃത്തുക്കളുടെയും സപ്പോർട്ട് ആണ് ദീപികയ്ക്ക് കഷ്ടതകൾ നിറഞ്ഞ ഗർഭകാലത്തെ തരണം ചെയ്യാൻ ഏറ്റവും സഹായകമായത്.
മകൾ ദുവയുടെ പേരിന് പിന്നിലെ കഥ

ദുവ പദുകോൺ സിംഗ് എന്ന മകളുടെ പേര് വെളിപ്പെടുത്താൻ ദീപികയും രൺവീറും തിരക്ക് കൂട്ടിയിരുന്നില്ല. കുഞ്ഞ് ജനിച്ചയുടൻ പേര് വെളിപ്പെടുത്തുന്ന പുതിയ രീതിയോട് തങ്ങൾക്ക് വിയോജിപ്പായിരുന്നു എന്നാണ് മേരി ക്ലെയറിന് നൽകിയ പുതിയ അഭിമുഖത്തിൽ പദ്മാവത് നായിക പറയുന്നത്. മകൾക്ക് പേരിടാൻ വൈകിയതിന് വലിയൊരു കാരണമുണ്ട്. കുഞ്ഞ് ജനിച്ച് അവളെ ഈ ലോകത്തിന് പരിചയപ്പെടുത്തിയ ശേഷം, അവൾക്ക് ഏറ്റവും ചേരുന്ന ഒരു പേരിടണം എന്നായിരുന്നു രൺവീറിന്റെയും ദീപികയുടെയും തീരുമാനം. സാഹിത്യത്തിലും സംഗീതത്തിലും അതിയായ താത്പര്യമുള്ള ദീപികയാണ് 'പ്രാർത്ഥന' എന്ന് അർഥം വരുന്ന ദുവ എന്ന പേര് മകൾക്കായി കണ്ടെത്തിയത്.
തന്റെയും ഭർത്താവ് രൺവീർ സിംഗിന്റെയും പ്രശസ്തിയുടെ നിഴലിൽ നിന്ന് മാറ്റി നിർത്തി മകളെ വളർത്താനാണ് ദീപിക പദുകോൺ ആഗ്രഹിക്കുന്നത്. ദുവയുടെ മുഖം എവിടെയും വെളിപ്പെടുത്താൻ തത്കാലം തങ്ങൾ തയ്യാറല്ല എന്ന തുറന്നു പറഞ്ഞ നടി, അവളുടെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് കൂട്ടിച്ചേർത്തു. അതിന് ഏറ്റവും നല്ല മാർഗം മകൾ വളർന്നു വലുതാവുന്നത് വരെ അവളെ മാധ്യമങ്ങളുടെയും, സോഷ്യൽ മീഡിയയുടെയും കണ്ണുകളിൽ നിന്ന് മറച്ചു പിടിക്കുക എന്നതാണ്. എന്തായാലും, ദീപികയുടെ ഈ വെളിപ്പെടുത്തൽ താര ദമ്പതികളുടെ ആരാധകരെ കടുത്ത നിരാശയിലാക്കിയിരിക്കുകയാണ്.


Click it and Unblock the Notifications











