എട്ടായിരം രൂപ വാങ്ങിയ മോഡൽ; ഇന്ന് ചോദിക്കുന്ന പ്രതിഫലം; തലൈവിയിൽ 24 കോടി ലഭിച്ചതിങ്ങനെ
ബോളിവുഡിൽ നടി കങ്കണ റണൗത്തിന്റെ കരിയർ ഗ്രാഫ് വലിയ തോതിൽ ചർച്ചയായതാണ്. സിനിമാ പാരമ്പര്യമില്ലാത്ത, നഗരത്തിൽ ജീവിച്ച് പരിചയമില്ലാത്ത കങ്കണ സിനിമാ സ്വപ്നങ്ങളുമായി മുംബൈയിലെത്തിയപ്പോൾ ബി ടൗണിലെ പ്രമുഖർ നടിയെ കാര്യമായെടുത്തില്ല. ആട്ടവും പാട്ടും നിറഞ്ഞ ഗ്ലാമറസ് ബോളിവുഡ് ലോകത്ത് ഇംഗ്ലീഷ് പോലും സംസാരിക്കാൻ പറ്റാത്ത കങ്കണ എങ്ങനെ വിജയം നേടുമെന്നായിരുന്നു ഏവരുടെയും ചോദ്യം. എന്നാൽ തന്റെ അഭിനയ മികവ് കൊണ്ട് ബോളിവുഡിൽ മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനത്തേക്ക് കങ്കണ ഉയർന്ന് വന്നു.
ആദ്യ സിനിമ ഗ്യാങ്സ്റ്ററാണെങ്കിലും നടിക്ക് കരിയറിൽ വഴിത്തിരിവാകുന്നത് ക്യൂൻ എന്ന സിനിമയാണ്. അവിസ്മരണീയ പ്രകടനം സിനിമയിൽ താരം കാഴ്ച വെച്ചു. പിന്നീട് തുടരെ ഹിറ്റുകളുമായി ബോളിവുഡ് ക്യൂൻ എന്ന ഖ്യാതിയിലേക്ക് കങ്കണയെത്തി. എന്നാൽ നേടിയെടുത്ത ഖ്യാതികളെല്ലാം കങ്കണ ഇല്ലാതാക്കി എന്ന ആക്ഷേപം പേക്ഷകർക്കുണ്ട്. തുടരെ വിവാദങ്ങൾ വരുന്നതാണ് കങ്കണയുടെ കരിയറിനെ ബാധിക്കുന്നത്.

കങ്കണയുടെ പ്രതിഫലമാണ് ബി ടൗൺ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. പ്രതിഫലക്കാര്യത്തിൽ മുൻനിരയിൽ തന്നെയാണ് കങ്കണ ഇപ്പോഴും. 12 കോടിക്കും 15 കോടിക്കും ഇടയിലാണ് ഒരു സിനിമയ്ക്ക് കങ്കണ വാങ്ങുന്ന പ്രതിഫലം. അതേസമയം തലൈവി എന്ന പാൻ ഇന്ത്യൻ ചിത്രത്തിന് 24 കോടി രൂപ കങ്കണ കൈപ്പറ്റി. സിനിമ തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി രണ്ട് തവണ ഷൂട്ട് ചെയ്തിട്ടുണ്ട്. അതിനാലാണ് നടി പ്രതിഫലം ഇരട്ടിപ്പിച്ചത്. ഹിന്ദിയിൽ കങ്കണ തന്നെയാണ് ഡബ് ചെയ്തത്. എന്നാൽ തമിഴിൽ ശബ്ദം നൽകിയത് കങ്കണയല്ല.
മോഡലിംഗ് ചെയ്യുന്ന കാലത്ത് എട്ടായിരം രൂപ മാത്രമായിരുന്നു കങ്കണയുടെ പ്രതിഫലം. 2009 ൽ പുറത്തിറങ്ങിയ എക് നിരഞ്ജൻ എന്ന തെലുങ്ക് ചിത്രത്തിനായി 25 ലക്ഷം രൂപ കങ്കണ വാങ്ങി. ഇതിൽ നിന്നും 12 കോടി രൂപയിലേക്ക് പ്രതിഫലം ഉയർന്നത് കങ്കണയുടെ വിജയത്തിന്റെ മൂല്യമെന്തെന്ന് വ്യക്തമാക്കുന്നു. പുതിയ ചിത്രം തേജസിനായി 12 കോടി രൂപയാണ് കങ്കണ വാങ്ങിയ പ്രതിഫലം. ഇതിന് മുമ്പിറങ്ങിയ ബോളിവുഡ് ചിത്രം ധക്കഡിനായി 10 രൂപ നടി കൈപ്പറ്റി.

വരാനിരിക്കുന്ന സീത എന്ന സിനിമയിൽ 15 കോടി രൂപ കങ്കണ ആവശ്യപ്പെട്ടെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ തന്റെ പ്രതിഫലം എത്രയാണെന്ന് മറ്റാരും അറിയേണ്ടതില്ലെന്നാണ് കങ്കണ അന്ന് പറഞ്ഞത്. സിനിമകൾ തുടരെ പരാജയപ്പെടുന്നുണ്ടെങ്കിലും കങ്കണയ്ക്ക് എങ്ങനെ ഇത്രയധികം പ്രതിഫലം വാങ്ങാൻ കഴിയുന്നെന്ന ചോദ്യം ബോളിവുഡിലുണ്ട്. ധക്കഡ്, ചന്ദ്രമുഖി 2 എന്നീ രണ്ട് സിനിമകളും പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണുണ്ടായത്.
പുതിയ ചിത്രം തേജസിന്റെ കലക്ഷൻ റിപ്പോർട്ട് അടുത്ത ദിവസങ്ങളിലായി പുറത്ത് വരും. കരിയർ ഗ്രാഫ് പരിശോധിച്ചാൽ ഒരു സൂപ്പർ ഹിറ്റ് ചിത്രം കങ്കണയ്ക്കിപ്പോൾ അനാവാര്യമാണ്. തുടരെയുള്ള വിവാദങ്ങൾ കാരണം ബോളിവുഡിലെ പ്രമുഖർ കങ്കണയെ മാറ്റി നിർത്തുന്നതും കരിയറിനെ ബാധിക്കുന്നുണ്ട്.
പ്രതിബന്ധങ്ങൾ അതിജീവിച്ച് ബോളിവുഡിലെ ശക്തമായ സാന്നിധ്യമായി കങ്കണ വീണ്ടും മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എമർജൻസിയാണ് ഇനി റിലീസ് ചെയ്യാനുള്ള കങ്കണയുടെ ചിത്രം. ചിത്രം സംവിധാനം ചെയ്യുന്നതും നിർമ്മിക്കുന്നതും താരം തന്നെയാണ്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയാണ് ചിത്രത്തിൽ നടി അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











