അഗ്നി നച്ചത്തിരം റീമേക്ക്, ധനുഷിന് വേണ്ടി തിരക്കഥ മാറ്റിയെഴുതും
മണിരത്‌നത്തിന്റെ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം അഗ്നി നച്ചത്തിരത്തിന്റെ ഹിന്ദി റീമേക്കില്‍ ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. ബോളിവുഡിലെ മലയാളി സംവിധായകനായ ബിജോയ് നമ്പ്യാരാണ് ചിത്രത്തിന്റെ സംവിധാനം.
നേരത്തെ വിക്കി കൗശലിനെ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ വിക്കി മറ്റ് ചിത്രങ്ങളുടെ തിരക്കായതിനാലാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയത്. തുടര്‍ന്നാണ് ചിത്രത്തിലേക്ക് ധനുഷിനെ ക്ഷണിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിന് വേണ്ടി സംവിധായകന്‍ ധനുഷിനെ കാണുന്നത്. കഥ കേട്ടയുടനെ ധനുഷ് ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍ ധനുഷിന് വേണ്ടി ചിത്രത്തിന്റെ തിരക്കഥയില്‍ ചെറിയ മാറ്റം വരുത്തുന്നതായും കേള്‍ക്കുന്നുണ്ട്.
1988 ല്‍ പ്രഭുവിനെയും കാര്‍ത്തികിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് മണിരത്‌നം അഗ്നി നച്ചത്തിരം ഒരുക്കിയത്. തമിഴില്‍ കാര്‍ത്തി അവതരിപ്പിച്ച വേഷമാണ് ഹിന്ദിയില്‍ ധനുഷ് അവതരിപ്പിക്കുക. പ്രഭു അവതരിപ്പിച്ച വേഷം ഹര്‍ഷവര്‍ദ്ധനനാണ് ഹിന്ദിയില്‍ കൈകാര്യം ചെയ്യുന്നത്.
ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത രാഞ്ചന എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സോനം കപൂറായിരുന്നു ചിത്രത്തിലെ നായിക. തുടര്‍ന്ന് അമിതാഭ് ബച്ചനൊപ്പം ഷമിതാബ് എന്ന ചിത്രത്തിലും അഭിനയിച്ചു.


Click it and Unblock the Notifications