മുൻഭാര്യക്ക് വേണ്ടി ഹൃതിക് നൽകിയത് കോടികൾ; ആമിർ ഖാൻ റീന ദത്തയ്ക്ക് നൽകിയ ജീവനാംശം; വിവരങ്ങൾ
വിവാഹ മോചന വാർത്തകൾ ബോളിവുഡിൽ പതിവാണ്. ആഘോഷപൂർവം വിവാഹം നടത്തുന്ന പല താരങ്ങളും പിന്നീട് വേർപിരിയുമ്പോൾ ഇത് വലിയ തോതിൽ ചർച്ചയാകുന്നു. ഐശ്വര്യ റായും അഭിഷേക് ബച്ചനും വേർപിരിയുന്നു എന്ന വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിലായി ബോളിവുഡിലെ സജീവ ചർച്ചാ വിഷയം. താരങ്ങൾ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ബച്ചൻ കുടുംബത്തിനുള്ളിൽ പ്രശ്നങ്ങളുണ്ടെന്ന് ഏറെക്കുറെ ഉറപ്പാണ്.
വിവാഹ മോചന സമയത്ത് താരങ്ങൾ ഭാര്യമാർക്ക് നൽകുന്ന ജീവനാംശവും വലിയ തോതിൽ ചർച്ചയാകാറുണ്ട്. ഹൃതിക് റോഷനും സൂസൻ ഖാനും വേർപിരിഞ്ഞത് ഇത്തരത്തിൽ ചർച്ചയായതാണ്. 2000 ലാണ് സൂസൻ ഖാനും ഹൃതിക് റോഷനും വേർപിരിഞ്ഞത്. രണ്ട് ആൺമക്കളും ദമ്പതികൾക്ക് പിറന്നു. എന്നാൽ വിവാഹ ജീവിതം മുന്നോട്ട് പോകവെ ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു.

2014 ലാണ് ഇവർ വേർപിരിഞ്ഞത്. റിപ്പോർട്ടുകൾ പ്രകാരം 380 കോടി രൂപ സൂസൻ ഖാനും മക്കൾക്കുമായി ജീവനാംശം നൽകിയിട്ടുണ്ട്. ബോളിവുഡിലെ ഏറ്റവും വലിയ ജീവനാംശ തുകകളിൽ ഒന്നാണിത്. വേർപിരിഞ്ഞെങ്കിലും ഇരുവരും ഇപ്പോഴും സുഹൃത്തുക്കളായി തുടരുന്നു. മക്കൾക്കൊപ്പം സമയം കണ്ടെത്താൻ ഹൃതിക് റോഷൻ ശ്രമിക്കാറുണ്ട്. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് വ്യക്തമായതോടെ രണ്ട് വഴിക്ക് പിരിയുകയായിരുന്നു എന്നാണ് സൂസൻ ഖാൻ മുമ്പൊരിക്കൽ പറഞ്ഞത്.
നടി കരിഷ്മ കപൂറിന്റെ വിവാഹ മോചനവും ഇത്തരത്തിൽ ചർച്ചയായതാണ്. വ്യവസായിയായ സഞ്ജയ് കപൂറിനെയാണ് 2003 ൽ കരിഷ്മ കപൂർ വിവാഹം ചെയ്തത്. 2014 ലാണ് ഇരുവരും വിവാഹ മോചനം നേടിയത്. സഞ്ജയ് കരിഷ്മയ്ക്ക് 14 കോടി രൂപയും മുംബൈയിൽ ആഡംബര ബംഗ്ലാവും ജീവനാംശമായി നൽകിയെന്ന് അന്ന് റിപ്പോർട്ടുകൾ വന്നു. കുട്ടികളുടെ ക്ഷേമത്തിനായി മറ്റൊരു തുകയും സഞ്ജയ് കപൂർ നൽകിയെന്ന് അന്ന് വാർത്തകൾ വന്നു.

നടൻ സെയ്ഫ് അലി ഖാനും നടി അമൃത സിംഗും വേർപിരിഞ്ഞപ്പോഴും സമാന സാഹചര്യം ആയിരുന്നു. 1991 ലാണ് അമൃത സിംഗിനെ സെയ്ഫ് അലി ഖാൻ വിവാഹം ചെയ്യുന്നത്. ഇവർക്ക് രണ്ട് മക്കളും പിറന്നു. 2004 ൽ വിവാഹ മോചിതരായപ്പോൾ അഞ്ച് കോടി രൂപയാണ് അമൃതയ്ക്ക് ജീവനാശം നൽകേണ്ടി വന്നത്. മകന് പതിനെട്ട് വയസ് തികയുന്നത് വരെ മാസം 1 ലക്ഷം രൂപയും സെയ്ഫ് അലി ഖാൻ നൽകി.
നടൻ ആമിർ ഖാനും ആദ്യ ഭാര്യ കിരൺ റാവുവും വേർപിരിഞ്ഞപ്പോൾ വലിയ തുക ജീവനാംശം നൽകി. 50 കോടി രൂപയാണ് ആമിർ ഖാൻ മുൻ ഭാര്യക്ക് വേണ്ടി നൽകിയത്. റീന ദത്തയുമായി ഇപ്പോഴും അടുത്ത സൗഹൃദം ആമിറിനുണ്ട്. നടനും നിർമാതാവുമായ അർബാസ് ഖാനും മലൈക അറോറയും വേർപിരിഞ്ഞപ്പോൾ അർബാസ് മലൈകയ്ക്ക് 15 കോടിയോളം രൂപ ജീവനാംശം നൽകി.


Click it and Unblock the Notifications











