20 വയസിന്റെ വ്യത്യാസം; അസിനൊപ്പം പിടിച്ച് നിൽക്കാൻ ബോടോക്സ്?; ആമിറിന്റെ മുഖത്ത് വന്ന മാറ്റം
സിനിമാ താരങ്ങൾക്കിടയിലെ കോസ്മെറ്റിക് സർജറി എപ്പോഴും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. താരങ്ങൾ ഇതേക്കുറിച്ച് തുറന്ന് പറയാറില്ലെങ്കിലും സോഷ്യൽ മീഡിയ പല അനുമാനങ്ങളും നടത്താറുണ്ട്. കഴിഞ്ഞ ദിവസമാണ് നയൻതാര താൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയത്. നയൻതാര ഒന്നിലേറെ കോസ്മെറ്റിക് സർജറികൾ ചെയ്തിട്ടുണ്ട് എന്നായിരുന്നു ഇതുവരെയുള്ള അഭ്യൂഹം. എന്നാൽ നയൻതാര ഈ വാദം നിഷേധിക്കുന്നു. അടുത്ത കാലത്തായി ചില കോസ്മെറ്റോളജിസ്റ്റുകൾ സോഷ്യൽ മീഡിയയിലൂടെ താരങ്ങളെക്കുറിച്ച് സംസാരിക്കുന്നത് പതിവായിട്ടുണ്ട്.
എങ്ങനെയാണ് താരങ്ങൾ യുവത്വവും സൗന്ദര്യവും നിലനിർത്തുന്നതെന്ന് ഇവർ വിശദീകരിക്കുന്നു. പാളിപ്പോയ കോസ്മെറ്റിക് സർജറികൾ താരങ്ങളുടെ സ്വാഭാവിക ഭംഗിയെ ഇല്ലാതാക്കുന്നതും ഇവർ ചൂണ്ടിക്കാണിക്കാറുണ്ട്. ഇപ്പോഴിതാ നടൻ ആമിർ ഖാനെക്കുറിച്ച് പ്രചരിക്കുന്ന വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഗജിനി എന്ന ചിത്രത്തിൽ ആമിർ മുഖത്ത് യുവത്വം തോന്നാൻ ബോടോക്സ് ഉപയോഗിച്ചു എന്ന് സോഷ്യൽ മീഡിയ പറയുന്നു.

ഗജിനിയിലെ സീനുകളും അവർ ചൂണ്ടിക്കാട്ടുന്നു. ചില സീനുകളിൽ ആമിർ വൈകാരികമായി അഭിനയിക്കുന്നുണ്ട്. എന്നാൽ മുഖത്ത് സ്വാഭാവികമായുണ്ടാകുന്ന ചുളിവുകളൊന്നും പ്രകടമാകുന്നില്ല. ഒരേ സീനിൽ നായിക അസിൻ ഭാവങ്ങൾ പ്രകടിപ്പിക്കുമ്പോൾ നെറ്റി ചുളിയുന്നത് കാണാം. എന്നാൽ ആമിറിന്റെ മുഖത്ത് മാറ്റം വരുന്നില്ല.
ഗജിനിയിലെ വേഷം ചെയ്യാൻ വലിയ ട്രാൻസ്ഫോർമേഷൻ ആമിർ നടത്തിയിരുന്നു. ആമിറിന്റെ സിക്സ് പാക്ക് അന്ന് വലിയ തരംഗമായി. തമിഴിൽ സൂപ്പർഹിറ്റായ ശേഷമാണ് ഗജിനി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്. തമിഴിൽ സൂര്യ ചെയ്ത വേഷം ഹിന്ദിയിൽ ആമിറും മികച്ചതാക്കി.

ഗജിനിയിൽ വളരെ ചെറുപ്പക്കാരാനായാണ് ആമിറിനെ കാണുന്നത്. കഥാപാത്രം അതാവശ്യപ്പെടുന്നുമുണ്ട്. ഗജിനിയിൽ നായികയായ അസിനേക്കാൾ 20 വയസ് കൂടുതലാണ് അന്ന് മധ്യവയസിലെത്തിയ ആമിറിന്. പ്രായം തോന്നുന്നത് കഥാപാത്രത്തെ ബാധിക്കുമെന്നതിനാലായിരിക്കും നടൻ ബോടോക്സ് കുത്തിവെപ്പെടുത്തതെന്നും ആരാധകർ പറയുന്നു.
അതേസമയം ആമിർ ഈ നോൺ സർജിക്കൽ കോസ്മെറ്റിക് മാർഗം സ്വീകരിച്ചോ എന്ന് കൃത്യമായ വിവരമില്ല. 59 കാരനായ നടൻ ഇന്നും കാണാൻ ചെറുപ്പമാണ്. തന്റെ ഫിറ്റ്നെസും സ്ക്രീൻ പ്രസൻസും നിലനിർത്താൻ ആമിറിന് സാധിക്കുന്നു. ലാൽ സിംഗ് ഛദ്ദയാണ് നടന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ആമിർ ചെയ്ത സിനിമയായിരുന്നു ലാൽ സിംഗ് ഛദ്ദ. ബോക്സ് ഓഫീസിൽ ചിത്രം പരാജയപ്പെട്ടതോടെ ആമിർ വീണ്ടും ഇടവേളയിലേക്ക് കടന്നു.
ദംഗൽ ഉൾപ്പെടെയുള്ള സിനിമകൾക്ക് വേണ്ടി വലിയ ട്രാൻസ്ഫോർമേഷൻ നടത്തി ആരാധകരെ അമ്പരപ്പിച്ച താരമാണ് ആമിർ ഖാൻ. കരിയറിൽ വീണ്ടും ശക്തമായ തിരിച്ച് വരവിന് ആമിറിന് സാധിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ബോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടത്തിലാണ് ആമിറും കരിയറിൽ സജീവമല്ലാതായത്. അതേസമയം നിർമാണ രംഗത്ത് ആമിർ സാന്നിധ്യം അറിയിച്ചു. ആമിറിന്റെ തിരിച്ച് വരവിന് കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications