ബച്ചനുമായി അടുത്ത ജയപ്രദ; രേഖയെക്കുറിച്ച് അറിഞ്ഞതോടെ പിന്മാറി?; അന്ന് നടന്നത്; വെളിപ്പെടുത്തൽ
ബോളിവുഡിൽ നടൻ അമിതാഭ് ബച്ചനെക്കുറിച്ചുള്ള ഗോസിപ്പുകൾ എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. രേഖ-ബച്ചൻ പ്രണയമാണ് ഇതിൽ ഏറെ ചർച്ചയായത്. ജീവിതത്തിൽ ഒരുമിക്കാതെ പോയ താര ജോഡികളായാണ് ഇരുവരെയും ആരാധകർ കാണുന്നത്. ഇവർ തമ്മിൽ പ്രണയത്തിലായിരുന്നെന്ന് ബി ടൗണിൽ വർഷങ്ങളായി തുടരുന്ന ഗോസിപ്പാണ്. ഗോസിപ്പുകളെ ബച്ചൻ എല്ലാക്കാലത്തും നിഷേധിക്കുകയാണുണ്ടായത്. എന്നാൽ രേഖ പ്രത്യക്ഷമായും പരോക്ഷമായും ബച്ചനുമായുള്ള ബന്ധത്തെക്കുറിച്ച് മുമ്പ് സൂചിപ്പിച്ചുണ്ട്.
സഹപ്രവർത്തകരുടെ പരാമർശങ്ങളും ഗോസിപ്പുകൾക്ക് ആക്കം കൂട്ടി. ഒരുഘട്ടത്തിൽ രേഖയും ബച്ചനും ഒരുമിച്ച് അഭിനയിക്കുന്നത് നിർത്തി. എന്നാൽ ഗോസിപ്പുകൾ അവസാനിച്ചില്ല. രേഖ-ബച്ചൻ പ്രണയവാർത്തകൾക്കിടെ വലിയ തോതിൽ ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു സംഭവത്തെക്കുറിച്ച് നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നടി ജയപ്രദയുമായി ഒരു ഘട്ടത്തിൽ അമിതാഭ് ബച്ചൻ അടുത്തിരുന്നെന്ന് കുട്ടി പത്മിനി പറയുന്നു.

അമിതാഭ് ബച്ചനോട് ജയപ്രദയ്ക്ക് ഇഷ്ടം ഉണ്ടായിരുന്നു. അതൊരു പ്രണയമെന്നോ ആകർഷണമാണെന്നോ പറയാം. രണ്ട് പേരും തുടരെ സിനിമകൾ ചെയ്തു. പക്ഷെ രേഖ ജയപ്രദയുടെ നല്ല സുഹൃത്താണ്. രേഖയും അമിതാഭ് ബച്ചനും സുഹൃത്തുക്കാണെന്ന് മനസിലായ ഉടനെ ജയപ്രദ ബന്ധത്തിൽ നിന്ന് പിന്മാറി. നിങ്ങൾ എന്റെ സുഹൃത്തിനൊപ്പം റിലേഷനിലാണ് അതിനാൽ ഇത് തുടരാൻ പറ്റില്ലെന്ന് പറഞ്ഞ് ജയപ്രദ അത് അവസാനിപ്പിച്ചു.
ജയപ്രദ കണ്ടുമുട്ടിയവരൊന്നും അവർക്ക് ശരിയായ ജോഡിയായി വന്നില്ല. അക്കാര്യത്തിൽ എനിക്ക് സങ്കടമുണ്ടെന്നും കുട്ടി പത്മിനി പറഞ്ഞു. മുമ്പൊരിക്കൽ തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു കുട്ടി പത്മിനി. ഗംഗ ജമുന സരസ്വതി, ഇന്ദ്രജീത് തുടങ്ങിയ സിനിമകളിൽ അമിതാഭ് ബച്ചനും ജയപ്രദയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ഗോസിപ്പുകളൊന്നും അന്ന് താരങ്ങൾ കാര്യമാക്കിയിട്ടില്ല. ജയപ്രദ സിനിമാ രംഗം വിട്ട് ഒരു ഘട്ടത്തിൽ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു. നിർമാതാവ് ശ്രീകാന്ത് നഹദയെയാണ് ജയപ്രദ വിവാഹം ചെയ്തത്. ആദ്യ വിവാഹബന്ധം നിലനിൽക്കെയാണ് ശ്രീകാന്ത് ജയപ്രദയെ വിവാഹം ചെയ്തത്. ആദ്യ ബന്ധത്തിൽ രണ്ട് മക്കളും ഇദ്ദേഹത്തിനുണ്ട്. കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ച ജയപ്രദ സഹോദരിയുടെ മകനെ ദത്തെടുക്കുകയാണുണ്ടായത്. ഗോസിപ്പുകളിൽ നിന്നെല്ലാം മാറി നിന്ന് അമിതാഭ് ബച്ചൻ കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകി.
തന്നെക്കുറിച്ച് വരുന്ന ഗോസിപ്പുകളിൽ പലപ്പോഴും അമിതാഭ് ബച്ചൻ അസ്വസ്ഥനായിരുന്നു. മുമ്പൊരിക്കൽ മാധ്യമപ്രവർത്തകൻ കരൺ ഥാപ്പർ ഇക്കാര്യം തുറന്നെഴുതിയിട്ടുണ്ട്. അഭിമുഖത്തിനിടെ പ്രണയ ഗോസിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോൾ അമിതാഭ് അസ്വസ്ഥനായെന്നും ഈ ദേഷ്യത്തിന്റെ പേരിൽ ഭാര്യ ജയ ബച്ചനോട് രോഷത്തോടെ സംസാരിച്ചെന്നും കരൺ ഥാപ്പർ അന്ന് വ്യക്തമാക്കി. 80കാരനായ അമിതാഭ് ബച്ചൻ ഇന്നും സിനിമാ രംഗത്ത് സജീവമാണ്.
ജയപ്രദയും രേഖയും അഭിനയ രംഗത്ത് സജീവമല്ലായിട്ട് വർഷങ്ങൾ പിന്നിട്ടു. 1994 ലാണ് ജയപ്രദ രാഷ്ട്രീയത്തിലേക്ക് ചുവട് മാറുന്നത്. പിന്നീട് ചില സിനിമകളിൽ അഭിനയിച്ചെങ്കിലും പഴയത് പോലെ സജീവമായില്ല. സിനിമകളിൽ കാണാറില്ലെങ്കിലും ബോളിവുഡിലെ താരനിശകളിൽ രേഖ സാന്നിധ്യം അറിയിക്കാറുണ്ട്. രേഖയുടെ ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ച് വരവ് ആരാധകർ ആഗ്രഹിക്കുന്നു.


Click it and Unblock the Notifications











