'മിണ്ടിയാൽ ചൂടാവുന്ന അരപിരി ലൂസായ അമ്മൂമ്മ, ഐഡന്റിറ്റിയും പ്രണയവും നഷ്ടപ്പെട്ട് ഇൻസെക്യൂരിറ്റിയിൽ ജീവിതം'
ബോളിവുഡിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഏറ്റവും കൂടുതൽ വിമർശനവും പരിഹാസവും ഏറ്റുവാങ്ങാറുള്ള ഒരാളാണ് ജയ ബച്ചൻ. പാപ്പരാസികളുമായി കയർക്കുന്ന ജയയുടെ ദൃശ്യങ്ങൾ പലപ്പോഴും വൈറലാകാറുണ്ട്. ബോളിവുഡ് താരങ്ങൾ ഒത്തുകൂടുന്ന പാർട്ടികളിൽ സഹതാരങ്ങളോട് താരപത്നി പെരുമാറുന്ന രീതിയും പലപ്പോഴും ചർച്ച വിഷയമായി മാറാറുണ്ട്. ക്യാമറക്കണ്ണുകൾക്ക് മുന്നിൽ നിന്നും അതൃപ്തിയും ദേഷ്യവും ജയ മറയ്ക്കാറുമില്ല.
സ്വകാര്യതയിലേക്ക് കടന്ന് ചെല്ലുമ്പോഴാണ് താരം ദേഷ്യം കാണിക്കുന്നതെന്നും ഊഷ്മളമായ ഹൃദയം ഉള്ള വ്യക്തിയാണ് ജയയെന്നുമാണ് ഒരിക്കൽ കരൺ ജോഹർ പറഞ്ഞത്. ഇപ്പോഴിതാ ജയ ബച്ചനെ കുറിച്ച് ഡബ്ബിങ് ആർട്ടിസ്റ്റായ നിഷ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ആ കുറിപ്പ് ഇങ്ങനെയായിരുന്നു... ഒരുപാട് കാലമായി മനസിലുള്ള വിഷയമാണ്... ജയ ബച്ചനുമായി ബന്ധപ്പെട്ടുള്ള ട്രോൾസ് കാണാത്ത ആളുകൾ ചുരുക്കമേ കാണൂ.

മിണ്ടിയാൽ ചൂടാവുന്ന എവിടെയോ അരപിരി ലൂസായ പോലെ നടക്കുന്ന ഒരു അമ്മൂമ്മ. അതാണ് ഇപ്പോൾ ജയ ബച്ചൻ. പക്ഷെ അതായിരുന്നോ ജയ ബച്ചൻ അല്ല ജയ ബാധുരി?. അവരുടെ പഴയ കാല സിനിമകളോ ഇന്റർവ്യൂകളോ ശ്രദ്ധിച്ചാൽ അറിയാം കിലുക്കാം പെട്ടി പോലെ ചിരിക്കുന്ന തുള്ളി ചാടുന്ന അതിസുന്ദരിയായ ഒരു പെൺകുട്ടി. ആ പെൺകുട്ടിയാണ് ബാധുരിയിൽ നിന്ന് ബച്ചനായി മാറി അമിതാഭ് ബച്ചൻ എന്ന അതികായന്റെ ജീവിതത്തിലേക്ക് വധുവായി വന്ന് കയറിയത്.
ആ ജീവിതത്തിലേക്കാണ് യാതൊരു മറയും ഇല്ലാത്ത പ്രണയവുമായി മറ്റൊരു സ്ത്രീയുടെ രംഗപ്രവേശം. തന്റെ ഭർത്താവിന്റെ പങ്ക് പറ്റുന്നുവെന്ന് പബ്ലിക്കായി ഈ വാർധക്യ കാലത്ത് കൂടി അഭിമാനത്തോടെ അവകാശപ്പെടുന്ന അതിന്റെ പേരിൽ അവിവാഹിതയായി കഴിയുന്ന സുന്ദരിയായ ടാലന്റഡായ മറ്റൊരു സ്ത്രീ. അവരുടെ പ്രണയത്തെ വാഴ്ത്തി പാടുന്ന സമൂഹവും.
ഇതിനിടയിൽ ഒരു താരത്തിൽ നിന്ന് ഭാര്യയിലേക്ക് മാറുമ്പോൾ ഭാര്യ മാത്രം നിറവേറ്റേണ്ടുന്ന മരുമകൾ, കുട്ടികളുടെ അമ്മ റോളുകളിലേക്ക് ഒതുങ്ങി പോകുന്ന ഒരു സ്ത്രീ എവിടെയോ അദൃശ്യയാകുന്നു. പഴയ കാലത്തെ ഒരു ഇന്റർവ്യൂവിൽ എവിടെയാണ് ഭർത്താവിന്റെ ജീവിതത്തിൽ നിങ്ങളുടെ സ്ഥാനം എന്ന ചോദ്യത്തിന് ഭർത്താവിന്റെ തൊട്ട് അടുത്തിരുന്ന് അവർ പറയുന്നുണ്ട്... അമ്മ, മക്കൾ, സഹോദരങ്ങൾ, സിനിമ ചിലപ്പോൾ മേക്കപ്പ്മാൻ പോലും അതിനൊക്കെശേഷം പിന്നിൽ എവിടെയോയാണെന്ന്.
അതിനിടയിൽ ഇനി ആരൊക്കെയുണ്ടെന്ന് തനിക്ക് അറിയില്ല അല്ലെങ്കിൽ ഞാൻ അറിയാൻ ശ്രമിക്കാറില്ലെന്ന്. കഷ്ടപ്പെട്ട് വരുത്തിയ ഒരു ചിരിയോടെ അവർ അത് പറഞ്ഞ് തീർക്കുമ്പോൾ അതൊന്ന് നിഷേധിക്കാൻ പോലും തയ്യാറാവാതെ അവരുടെ ഭർത്താവ് അടുത്തുണ്ട്.

താരം ആയിരുന്ന ഒരു സ്ത്രീയെ കുടുംബം നോക്കാനും കുട്ടികളെ പ്രസവിക്കാനും ചില്ലു കൊട്ടാരം കെട്ടി അതിൽ ഇരുത്തി ഓരോ തവണയും ഭർത്താവ് പുറത്ത് ഇറങ്ങുമ്പോഴും തന്റെ പ്രാണൻ ആണെന്ന് പബ്ലിക്കായി അവകാശപ്പെടുന്ന ഒരു സ്ത്രീ പുറത്ത് ഉള്ളപ്പോൾ ഈ ഭാര്യ എന്ന ജയ ബച്ചൻ അനുഭവിച്ച ഇൻസെക്യൂരിറ്റി എത്രത്തോളം കാണും. അതൊരു പാസിങ് അഫയർ പോലും അല്ലാതെ തന്റെ തല നരക്കുന്നിടം വരെ തന്റെ കുഞ്ഞുങ്ങൾ മുതിരുന്നിടം വരെ വിടാതെ തുടരുമ്പോൾ ആ സ്ത്രീ അനുഭവിച്ച ആങ്സൈറ്റി എത്രത്തോളം കാണും.
അങ്ങനെ അദൃശ്യയായി ഇൻസെക്യൂറായി സ്വന്തം ഐഡന്റിറ്റിയും പ്രണയവും നഷ്ടപ്പെട്ട ഒരു സ്ത്രീ എത്ര കുലീനയായ വൃദ്ധയാകുമെന്നാണ് നമ്മൾ പ്രതീക്ഷിക്കേണ്ടത്. കിലുകിലെ ചിരിക്കുന്ന ഭർത്താവിന്റെ മുന്നിൽ വെച്ച് നിസ്സഹായതയോടെ ഞൻ എത്ര പിന്നിൽ ആണെന്ന് ഓർമിപ്പിക്കുന്ന ആ ജയയെ കണ്ടവർക്ക് ഈ ജയ പുതിയതാണ്.
പിന്നെ താൻ അനുഭവിച്ച ഭാരം അടുത്ത തലമുറയിലെ സ്ത്രീകൾക്ക് കൈമാറാൻ പാടില്ലെന്ന് തിരിച്ചറിവ് നേടിയ ഒരു തലമുറയല്ല അവർ. ഐശ്വര്യക്ക് നല്ലൊരു അമ്മായിഅമ്മ അല്ല. ആ കുടുംബത്തിൽ കയറി ചെന്ന സ്ത്രീകളുടെ മൂല്യം കാണാൻ അവിടെയുള്ള ഒരു തലമുറയ്ക്കും കഴിഞ്ഞിട്ടില്ലെന്നാണ് വിശ്വാസം എന്നായിരുന്നു നിഷ കുറിച്ചത്. 1973ൽ ആയിരുന്നു ബച്ചനുമായി ജയയുടെ വിവാഹം. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു.


Click it and Unblock the Notifications











