ബീഫ് തൊടില്ലെന്ന് സത്യം ചെയ്ത ആളാണ്, കുശാലായി കഴിക്കുന്നത് എന്താണെന്ന് കണ്ടോ...; കങ്കണയ്ക്കെതിരെ സോഷ്യൽ മീഡിയ
ബോളിവുഡിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട കരിയർ ഗ്രാഫാണ് കങ്കണ റണൗത്തിന്റേത്. അത് പക്ഷെ വിജയങ്ങളുടെ മാത്രം പേരിലല്ല. നേടിയെടുത്ത ഖ്യാതികൾ സ്വയം ഇല്ലാതാക്കുന്നതിന് ഉദാഹരണമായാണ് കങ്കണയുടെ ബോളിവുഡ് യാത്രയെ പ്രേക്ഷകർ ചൂണ്ടിക്കാണിച്ചിരുന്നത്. ഒരുപക്ഷെ വിവാദങ്ങളിൽ നിന്ന് മാറി നിന്നിരുന്നെങ്കിൽ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നായികയായ കങ്കണ മാറിയേനെ. ഫാഷൻ, ക്യൻ, തനു വെഡ്സ് മനു റിട്ടേൺസ് തുടങ്ങിയ സിനിമകളിൽ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച കങ്കണയ്ക്ക് മൂന്ന് തവണ മികച്ച നടിക്കും ഒരു തവണ മികച്ച സഹനടിക്കുമുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
ബോളിവുഡ് പ്രേക്ഷകരെ ആവേശം കൊള്ളിച്ച കുതിച്ചുയരലാണ് കങ്കണയുടെ കരിയർ ഗ്രാഫിന് സംഭവിച്ചത്. സിനിമാ കുടുംബ പശ്ചാത്തലമോ സൂപ്പർസ്റ്റാറുകളുടെ നായികയെന്ന സ്ഥാനമോ ഇല്ലാതെ സ്വന്തം പ്രയ്തനത്തിലാണ് ബോളിവുഡിലെ ഉയരങ്ങൾ നടി കീഴടക്കിയത്.
എന്നാൽ ഈ വിജയം നിലനിർത്താൻ കങ്കണയ്ക്ക് കഴിഞ്ഞില്ല. ഒന്നിന് പിറകെ ഒന്നായി വിവാദങ്ങൾ കങ്കണയെ തേടി വന്നു.

ബി ടൗണിലെ പ്രമുഖരുമായുണ്ടായ പ്രശ്നങ്ങളാണ് നടിക്ക് വിനയായത്. രൂക്ഷമായ ഭാഷയിൽ താരങ്ങളെ വരെ അധിക്ഷേപിച്ച കങ്കണയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. രാഷ്ട്രീയ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞ വിവാദ പരാമർശങ്ങളിലൂടെ പ്രതിഛായ മോശമാക്കി. അടുത്ത കാലത്ത് നടി ചെയ്ത സിനിമകളിൽ ഭൂരിഭാഗവും പരാജയപ്പെടുകയുമുണ്ടായി.
ഇക്കഴിഞ്ഞ വർഷങ്ങളിൽ പരിപൂർണ ദൈവ വിശ്വാസിയായി കങ്കണ മാറിയിട്ടുണ്ട്. ക്ഷേത്ര ദർശനങ്ങളും പൂജകളും നടത്തുന്ന കങ്കണ തന്റെ ഭക്തിയെക്കുറിച്ച് വാതോരാതെ സംസാരാക്കാറുണ്ട്. സനാതന ധർമ്മത്തെക്കുറിച്ച് സംസാരിക്കാറുള്ള കങ്കണ മാംസാഹാരം കഴിക്കാറില്ലെന്നാണ് ഏവരും കരുതിയത്. എന്നാൽ ഇത് തെറ്റിദ്ധാരണയാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോൾ.
നടി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച ഫോട്ടോകളാണ് ഇതിന് കാരണമായത്. ഞണ്ട് കറിയും കൂന്തൽ കറിയുമൊക്കെയാണ് കങ്കണ പങ്കുവെച്ച ഫോട്ടോയിൽ കാണുന്നത്. നിർമാതാവ് പാചകം ചെയ്ത കറിയാണിതെന്നും കങ്കണ ഫോട്ടോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.
ഫോട്ടോ ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. താൻ വെജിറ്റേറിയനാണെന്ന് കങ്കണ മുമ്പ് പറഞ്ഞിട്ടുണ്ടെന്നും ഇപ്പോൾ മാംസാഹാരം കഴിച്ച് തുടങ്ങിയോ എന്നും ആരാധകർ ചോദിക്കുന്നു. ബീഫ് തൊടില്ലെന്ന് അമ്മ തന്നെക്കൊണ്ട് സത്യം ചെയ്യിച്ചിട്ടുണ്ടെന്നും ഇത് തന്നെ കടുത്ത വെജിറ്റേറിയനാക്കിയെന്നും കങ്കണ പറയുന്ന പഴയൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വെജിറ്റേറിയനാണെന്ന് അഭിമാനത്തോടെ പറഞ്ഞയാളാണോ ഇന്ന് കുശാലായി കൂന്തൽ കറി കഴിക്കുന്നതെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.

താനും കുടുംബവും കടുത്ത ഭക്തരാണെന്ന് പറയാറുള്ള കങ്കണ വീട്ടിലെ പൂജകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. മണാലിയിലാണ് കുടുംബത്തോടൊപ്പം കങ്കണ താമസിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ കുടുംബത്തിലെ പുതിയ സന്തോഷ വാർത്ത കങ്കണ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു. സഹോദരൻ അക്ഷിത് റണൗത്തിന് കുഞ്ഞ് പിറന്ന കാര്യമാണ് നടി അറിയിച്ചത്.
34 കാരിയായ കങ്കണ റണൗത്ത് ഇപ്പോഴും അവിവാഹിതയാണ്. അതേസമയം താൻ തീർച്ചയായും വിവാഹിതയായി കുടുംബ ജീവിതത്തിലേക്ക് കടക്കുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ കങ്കണ പറഞ്ഞിട്ടുണ്ട്. ഇതാദ്യമായല്ല കങ്കണയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ വരുന്നത്. മണികർണിക എന്ന സിനിമയിൽ യന്ത്രക്കുതിരയുടെ പുറത്തിരുന്ന കങ്കണ അഭിനയിക്കുന്ന വീഡിയോ വലിയ തോതിൽ വൈറലായിരുന്നു.


Click it and Unblock the Notifications