'നവജാത ശിശുവായിരിക്കെ എന്നെ മറ്റൊരു കുടുംബം മാറിയെടുത്ത് കൊണ്ടുപോയി, അമ്മ തേടി കണ്ടുപിടിച്ചു'; റാണി മുഖർജി!
1990-2000 കാലഘട്ടത്തിൽ ബോളിവുഡിലെ ടോപ്പ് താരങ്ങളിലൊരാളായിരുന്നു റാണി മുഖർജി. ഇൻഡസ്ട്രിയിലെ സൂപ്പർ താരങ്ങൾ എല്ലാവർക്കുമൊപ്പം തന്നെ റാണി അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് ചലച്ചിത്ര മേഖലയിലെ കഴിവുറ്റ താരങ്ങളിലൊരാളായ റാണി നാൽപത്തിനാലിലും പ്രതിഭകൊണ്ട് ആരാധകരെ അതിശയിപ്പിക്കുന്നുണ്ട്. 2000 ത്തിലാണ് റാണി മുഖർജിയുടെ കരിയറിൻറെ മികച്ച ഘട്ടമെന്ന് വേണമെങ്കിൽ പറയാം. ഹം തും, വീർ സറ, കഭി അൽവിദ നാ കെഹ്ന തുടങ്ങി ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലാണ് ആ കാലഘട്ടത്തിൽ റാണി തിളങ്ങിയത്.
ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികമാരിലൊരാൾ കൂടിയായിരുന്നു ആ സമയത്ത് റാണി മുഖർജി. കൊൽക്കത്തയിലാണ് റാണി മുഖർജി ജനിച്ച് വളർന്നത്. സിനിമാ പാരമ്പര്യമുള്ള താരം വളരെ ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്തേക്ക് ചുവടുവെച്ചിരുന്നു. സംവിധായകനായിരുന്ന റാം മുഖർജിയാണ് റാണിയുടെ പിതാവ്. മാതാവ് കൃഷ്ണ മുഖർജി പിന്നണി ഗായികയുമായിരുന്നു. ബോളിവുഡ് താരം കാജൾ റാണിയുടെ അടുത്ത ബന്ധുവാണ്. ജുഹു മാനെക്ജി കൂപ്പർ ഹൈസ്കൂളിൽ നിന്നും സ്കൂൾ പഠനം പൂർത്തിയാക്കിയ റാണി എസ്എൻഡിറ്റി വുമൺസ് യൂണിവേഴ്സ്റ്റിയിൽ നിന്ന് ഹോം സയൻസിൽ ബിരുദവും എടുത്തിട്ടുണ്ട്.

പരിശീലനം നേടിയ ഒരു ഒഡീസി നർത്തകി കൂടിയാണ് താരം. നിർമ്മാതാവും സംവിധായകനും യഷ് രാജ് ഫിലിംസ് ഉടമയുമായ ആദിത്യ ചോപ്രയാണ് റാണിയുടെ ഭർത്താവ്. 2014ൽ ഇറ്റലിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. ആദിറ എന്ന മകളുമുണ്ട് ദമ്പതികൾക്ക്. മനുഷ്യാവകാശ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്നയാളാണ് റാണി മുഖർജി. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച് അവബോധം വളർത്തുന്ന ഒരു ചാരിറ്റി പ്രോഗ്രാമിനായി 2014ൽ ഇവർ ലണ്ടനിലേക്ക് പോയിരുന്നു. താരം നായികയായെത്തിയ മർദാനി എന്ന ചിത്രവും ഇതേ വിഷയം കൈകാര്യം ചെയ്യുന്നതായിരുന്നു. മർദാനി ചിത്രത്തിലൂടെ വിഷയത്തിൽ അവബോധം സൃഷ്ടിച്ചതിന് ചാൾസ് രാജകുമാരനെ റാണിയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ വളരെ കുഞ്ഞായിരിക്കുമ്പോൾ തന്റെ ജീവിതത്തിൽ നടന്ന ചില സംഭവങ്ങളെ കുറിച്ച് റാണി മുഖർജി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. താൻ ജനിച്ചയുടൻ അബദ്ധത്തിൽ മറ്റൊരു കുടുംബത്തിന്റെ കൈയ്യിൽ ചെന്നെത്തിയെന്നും അവിടെ നിന്ന് തന്റെ അമ്മയാണ് തന്നെ തിരികെ കണ്ടെത്തിയതെന്നും റാണി മുഖർജി എബിപിക്ക് നൽകിയ പഴയൊരു അഭിമുഖത്തിൽ റാണി മുഖർജി വെളിപ്പെടുത്തി. 'ജനിച്ചപ്പോൾ എന്നെ എന്റെ അമ്മയുടെ കൈകളിൽ അല്ല ഏൽപ്പിച്ചത്. ഒരു പഞ്ചാബി കുടുംബത്തിനാണ് കൈമാറിയത്. എന്റെ അമ്മയുടെ അടുത്ത് മറ്റൊരു കുഞ്ഞിനെയാണ് എത്തിച്ചത്. അമ്മ കുഞ്ഞിനെ ശ്രദ്ധിച്ച് നോക്കിയപ്പോൾ കുഞ്ഞ് മാറിപ്പോയി എന്ന സത്യം മനസിലാക്കി. ഉടൻ അമ്മ ആശുപത്രി ജീവനക്കാരോട് ദേഷ്യപ്പെടാൻ തുടങ്ങി. എന്റെ മകൾ ഇതല്ല.... അവൾക്ക് തവിട്ട് നിറത്തിലുള്ള കണ്ണുകളാണ് എന്ന് പറഞ്ഞാണ് അമ്മ ബഹളം വെച്ചത്. ജീവനക്കാർക്കൊപ്പം അമ്മയും എന്നെ ആശുപത്രി മുഴുവൻ തേടി.'
Recommended Video

'തിരിച്ചിലിനിടയിലാണ് ഞാൻ ഒരു പഞ്ചാബി കുടുംബത്തിന്റെ കൈകളിൽ ഇരിക്കുന്നത് കണ്ടത്. അവരുടെ എട്ടാമത്തെ പെൺകുഞ്ഞായിട്ടാണ് ഞാൻ അവരുടെ കൈകളിൽ ഇരുന്നത്. അമ്മ അവരെ കാര്യം പറഞ്ഞ് മനസിലാക്കി എന്നെ സ്വന്തമാക്കി. അമ്മയും മറ്റുള്ളവരും എന്നോട് ഇടയ്ക്കിടെ ഈ സംഭവം പറയുകയും കളിയാക്കുകയും ചെയ്യും. നീ ശരിക്കും പഞ്ചാബിയാണെന്നും എന്റെ തെറ്റിന് ഞാൻ നിന്നെ ഞങ്ങളുടെ കുടുംബത്തിലേക്ക് കൊണ്ടുവന്നു എന്നെല്ലാം പറഞ്ഞാണ് അമ്മ ചിരിക്കാറുള്ളത്. എന്തോ പഞ്ചാബുമായി ഒരു ബന്ധമുണ്ട്. അല്ലെങ്കിൽ എന്റെ ജീവിത പങ്കാളിയും പഞ്ചാബിൽ നിന്നും ആകിലല്ലോ...' റാണി മുഖർജി പറയുന്നു.


Click it and Unblock the Notifications